നേരും നെറിയുമില്ലാത്ത ഒരുകൂട്ടം അരാജകവാദികളുടെ കൈയിലെ കളിപ്പാട്ടമായി ഭഗവാൻ അയ്യപ്പനെ കരുതുന്ന ഒരുസാഹചര്യം സൃഷ്ടിച്ചതിൽ ധർമ്മശാസ്താവിന് മുന്നിൽ മാപ്പുചോദിച്ച് പ്രണാമമർപ്പിച്ചുകൊണ്ട് ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ് ആരംഭിക്കാം. ഭഗവാനെ കാണണം എന്ന തീവ്രമായ ആഗ്രഹത്തോടെ വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ച് അവിടെ എത്തി മടങ്ങിയെങ്കിൽ അതുആചാരങ്ങളുടെ ലംഘനമാണെങ്കിൽ കൂടി, അത് ആചാരങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരുടെ പരാജയമാണെങ്കിൽ കൂടി, ആ ആത്മാർഥതയുടെ മുമ്പിൽ നമുക്ക് മുട്ട് മടക്കാമായിരുന്നു.

എന്നാൽ, ഇന്നലെ മുതൽ അവിടെ നടക്കുന്നതും ഇന്ന് ലജ്ജയോടുകൂടി കേരളം കണ്ടതും ഒരുമതേതര സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഭഗവാനെ കാണുന്നതിന് വേണ്ടി തെരുവിൽ ചു:ബിച്ചും, തെരുവിൽ മൂത്രമൊഴിച്ചും സ്ത്രീ സ്വാതന്ത്ര്യം ആഘോഷമാക്കുന്നവരും അവരുടെ പിണിയാളുകളും മല ചവിട്ടാൻ എത്തിയിരിക്കുന്നു. അവർക്ക് ഓശാന പാടാൻ പൊലീസിന്റെ വസ്ത്രവും സുരക്ഷയും ഒരുക്കി കൊണ്ട്, കേരളപൊലീസിലെ ഉന്നതനായ ഐജിയുടെ നേതൃത്വത്തിൽ മല കയറിയിരിക്കുന്നു. എന്തിനുവേണ്ടി?

അവർ പറയുന്നു സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിന് വേണ്ടിയാണെന്ന്. ഒരുസുപ്രീംകോടതിയും പറഞ്ഞിട്ടില്ല, അരാജകവാദികളെയും, ലൈംഗികവാദികളെയും ഒന്നും ശബരിമലയുടെ കവാടത്തിൽ കയറ്റാൻ. സുപ്രീംകോടതിയുടെ മുന്നിലെത്തിയത് നിസ്സഹായ ആയ ഒരു സ്ത്രീ തനിക്ക് ഭഗവാനെ കാണണമെന്ന ആഗ്രഹം തന്റെ ജെൻഡറിന്റെ പേരിൽ മാത്രം മാറ്റി നിർത്തുന്നു എന്ന അഭ്യർത്ഥനയുമായാണ്.

കോടതി ഉത്തരവിട്ടത് ഭഗവാനിൽ വിശ്വാസമുള്ള ഭഗവാന്റെ കർമ്മങ്ങൾ പാലിക്കുന്ന സ്ത്രീകളോട് കയറിപ്പോകാനാണ്. അരാജകവാദികൾക്കും യുക്തിവാദികൾക്കും ഒന്നമുള്ള ഇടമല്ല ഒരു ആരാധനാലയവും. ശബരിമല ശാസ്താവിൽ വിശ്വസിക്കുകയും വ്രതമെടുക്കുകയും ചെയ്യുന്നവർ മാത്രമാണ് അവിടേക്ക് പോകേണ്ടത്. അതൊരു ടൂറിസ്റ്റ് കേന്ദ്രമല്ല. യുക്തിവാദിയാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ച സ്ത്രീകൾ, തെരുവിലിറങ്ങിയും മാറഴിച്ചുകാട്ടിയും സ്വാതന്ത്ര്യം പ്രഖ്യാപിക്കും എന്നുപറഞ്ഞ സ്ത്രീകൾ, ദൈവമില്ലായെന്ന് പരസ്യമായി വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന സത്രീകൾ അവർക്കുള്ള ഇടമല്ല ശബരിമല.

ഇതുനെറികേടാണ്. നീതി രഹിതമാണ്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് സർക്കാരിനും പൊലീസിനും ലക്ഷ്യമുണ്ടെങ്കിൽ അതിന്റെ ധാർമികത കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. ഒരുയഥാർഥ ഭക്ത അവിടെ എത്തിയാൽ അവരെ സംരക്ഷിക്കേണ്ട ചുമതല പൊലീസിനോ സർക്കാരിനോ ഉണ്ടാവാം. എന്നാൽ, നാടിന്റെ സമാധാനം കെടുത്താൻ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുന്ന കള്ളപരിഷകളെ എഴുന്നള്ളിച്ചു നടക്കുന്നത് ഒരുനീതിക്കും നിരക്കുന്നതല്ല. അതുകോടതി വിധിയുടെ ലംഘനം കൂടിയാണ്.

ഒരുഭക്തിയുമില്ലാത്ത സ്ത്രീകളെ കോടതിവിധിയുടെ മറവിൽ സർക്കാർ ശബരിമലയിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതാണ് യഥാർഥപ്രശ്‌നം. ഒരുകാര്യം തീർച്ചയാണ്. ഇതിനൊക്കെ നിങ്ങളോട് ചരിത്രം തിരിച്ചുചോദിച്ചിരിക്കും. ഒരുവിഭാഗത്തിന്റെ വിശ്വാസത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി അതിലേക്ക് മറ്റുവിഭാഗങ്ങളെ കൂടി പിടിച്ചിടുന്നതിന് വേണ്ടി നിങ്ങൾ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണ്. പ്രഖ്യാപിത നയം നടപ്പാക്കാൻ വിശ്വാസികളുടെ പുറത്ത് കുതിര കയറിയാവാൻ പാടില്ല. സാവകാശം ചോദിക്കുക, അവസരം കൊടുക്കുക, കോടതി വിധി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് ബോധ്യപ്പെടുത്തുക, അതിന് മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് ശ്രമിക്കുക.

എല്ലാ അരാജകവാദികളെയും യുക്തിവാദികളെയും ശബരിമലയിലേക്ക് കയറ്റി അവിടെ ചു:ബന സമരം നടത്താം എന്ന് കരുതുന്ന സർക്കാരാണ് ഇവിടുത്തെ ജനങ്ങളുടെ ഏറ്റവും വലിയ ഭീഷണി. ഇതിനുത്തരവാദി പിണറായി സർക്കാരാണ്. എല്ലാ ഹിന്ദുക്കളെയും സംഘപരിവാറുകാരാക്കി മാറ്റി വ്യാഖ്യാനിച്ചതുകൊണ്ടും ഇതിന്റെ വ്യാപ്തി ഇല്ലാതാവുകയില്ല. ഭഗവാൻ അയ്യപ്പനിൽ വിശ്വസിക്കുന്ന ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ഹൃദയത്തിൽ കഠാര താഴ്‌ത്തിക്കൊണ്ടാവാൻ പാടില്ല നിയമം നടപ്പിലാക്കുക എന്ന പേരിലുള്ള സർക്കാരിന്റെ നയം നടപ്പാക്കൽ.