ക്രൈസ്തവനായി ജനിച്ച് അതെ വിശ്വാസത്തിൽ തന്നെ ജീവിക്കുന്ന ഒരാളാണ് ഞാൻ. എന്റെ അപ്പനും അമ്മയും ആ വിശ്വാസത്തിന്റെ ഭാഗമായി മാറുകയും അത് തള്ളിപ്പറയേണ്ട സാഹചര്യം ഇല്ലാത്തതുകൊണ്ട അത് തുടരുകയും ചെയ്യുന്നു എന്നു വിശ്വാസിക്കുന്ന ഒരാളാണ് ഞാൻ. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ എന്ന് ഞാൻ കരുതുന്നത് സ്‌നേഹമാണ്. യേശുക്രിസ്തു ഏറ്റവും വലിയ പ്രമാണമായി പഠിപ്പിച്ചിരിക്കുന്നത് പരസ്പരം സ്‌നേഹിക്കുക എന്നത് തന്നെയാണ്.

എന്നെ ഒരു ക്രിസ്ത്യാനിയായി വളർത്തിയ അപ്പനും അമ്മയും എന്നോട് പറഞ്ഞിരിക്കുന്നത്. ഹിന്ദുവും മുസ്ലീമും ഒക്കെ അവരുടെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നെങ്കിൽ അതും ശരിയെന്നു തന്നെയാണ്. അവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ മാത്രമെ എന്റെ വിശ്വാസം പൂർത്തിയാകു. ഭാഗവാൻ അയ്യപ്പന്റെ സന്നിധിയിൽ നിന്ന് കേവലം 25കിലോ മീറ്റർ അകലെ പമ്പയാറിന്റെ പ്രശാന്തമായ ഒരു തിരത്തേ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു വളരുകയും എന്നും മാസത്തിൽ ഒരിക്കലെങ്കിലും ഗ്രാമത്തിന്റെ സുഖവും ശീതളതയും അനുഭവിക്കാൻ വേണ്ടി ഓടിയെത്തുന്ന എനിക്ക് ഭഗവാൻ അയ്യപ്പനും ദൈവം തന്നെയാണ്.

അത് എന്റെ ഏക ദൈവ വിശ്വാസ പ്രമാണത്തിന് എതിരാണെന്ന് ഞാൻ വിശ്വാസിക്കുന്നില്ല.കാരണം അയ്യപ്പ ഭഗവാന്റെ വിഗ്രത്തിലേക്ക് കണ്ണടച്ച് നോക്കി ദൈവമെ എന്ന് വിളിക്കുമ്പോൾ എന്റെ ഉള്ളിൽ രൂപമില്ലാത്ത ഒരു ദൈവമെ ഉള്ളു. അതിന് വേണമെങ്കിൽ അയ്യപ്പന്റെയോ ക്രിസ്തുവിന്റെയോ രൂപം നൽകാം.അതുകൊണ്ടാണ് എന്റെ ഗ്രാമത്തിൽ ഒരു അയ്യപ്പ ക്ഷേത്രം പണിയുനനതിന് കുറിച്ച് ആലോചിച്ചപ്പോൾ മുതൽ അതിനോടൊപ്പം നിൽക്കുകയും എനിക്ക് കഴിയുന്നതുപോലെ അതിനോട് സഹകരിക്കുകയും ചെയ്തത്.

10 വർഷമായി ആ ക്ഷേത്ത്രിലെ ഉത്സവത്തിന്റെ പ്രധാന നടത്തിപ്പുകാരിലൊരാളായി ജീവിക്കാൻ കഴിയുന്നതിൽ അഭിമാനവും സന്തോഷവും എനിക്കുണ്ട്.തികച്ചും വ്യക്തപരമായ കാരണം കൂടി എനിക്കുണ്ട് .ഭഗവാൻ അയപ്പന്റെ ക്ഷേത്രം എന്റെ ഗ്രാമത്തിൽ സ്ഥാപിക്കാൻ ഞാനടക്കമുള്ളവർ മുൻകൈയെടുത്ത ആ വർഷമായിരുന്നു മറുനാടൻ മലയാളി എന്ന എന്റെ ഓൺലൈൻ പത്രത്തിന്റെ തുടക്കവും. അതുകൊണ്ട് തന്നെ അയ്യപ്പ ഭഗവാന്റെ അനുഗ്രഹം പത്രത്തിന് ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തയാണ് ഞാൻ. എല്ലാ മതങ്ങൾക്ക് തുല്യമായ സ്്ഥാനവും എല്ലാ വിശ്വാസങ്ങൾക്ക് തുല്യമായ അംഗീകാരം നൽകുമ്പോഴും ഏത് മതത്തിലേയും ഏത് പുരോഹിതന്റെയും കൊള്ളരുതായ്മകൾ ഒരു ഭയവുമില്ലാതെ വിളിച്ചു പറയാൻ എനിക്ക് കരുത്ത് നൽകുന്നതിൽ അയ്യപ്പൻ ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. കൂടുതൽ കേൾക്കാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക