സോഷ്യൽ മീഡിയ മൂർച്ചയുള്ള ഒരു ഇരുതല വാളാണ്.. പല വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അത് അനുകൂലമായി ഉപയോഗിക്കാനുള്ള ആയുധമാകുമ്പോൾ മറ്റു പലർക്കും അത് മറ്റു വ്യക്തികളേയോ താറടിച്ചുകാട്ടാനുള്ള ഉപാധികൂടി ആകുന്നു. നിരവധി ബലിയാടുകൾ ഉണ്ട് ഇത്തരത്തിൽ. അതിൽ സോഷ്യൽ മീഡിയയുടെ ഏറ്റവുമൊടുവിലത്തെ ഇരകളായി മാറിയത് മലയാളത്തിലെ പ്രശസ്തയായ വാർത്താ അവതാരക ഷാനി പ്രഭാകറും എംഎൽഎ സ്വരാജുമാണ്. തൃപ്പൂണിത്തുറ എംഎൽഎയും മലയാള മനോരമ സീനിയർ വാർത്ത അവതാരക ഷാനിയും തമ്മിൽ അവിശുദ്ധ ബന്ധമാണെന്ന വ്യംഗ്യാർത്ഥത്തോടെ പ്രചരിപ്പിക്കാനാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തിറങ്ങിയിട്ടുള്ളത്. ഈ വിഷയമാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസ് .

വാസ്തവത്തിൽ പലരും കരുതുംപോലെ ഇരുവരും തമ്മിലുള്ള മോശം ബന്ധത്തെ സൂചിപ്പിക്കുന്ന ഒന്നും ആരുടേയും കയ്യിലില്ല. സ്വരാജ് താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് ഷാനി ചെല്ലുന്ന ഒരു വിഷ്വൽ. അവിടെ നിന്ന് അഞ്ചുമണിക്കൂറിന് ശേഷം ഷാനി മടങ്ങുന്ന മറ്റൊരു വിഷ്വൽ. ഈ രണ്ട് വിഷ്വലുകളിലും ഷാനി ധരിച്ചിരുന്നത് വ്യത്യസ്ത വേഷങ്ങളായിരുന്നു. ഇതാണ് അശ്‌ളീലം കലർന്ന കഥയായി സോഷ്്യൽ മീഡിയ പ്രചരിപ്പിക്കുന്നത്.

ഒരു പാട് ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നതും. ഷാനി സ്വരാജിന്റെ ഫ്‌ളാറ്റിൽ ഷാനി പോകുന്നതും അവിടെവച്ച് വസ്ത്രം മാറുന്നതുമൊക്കെ എങ്ങനെയാണ് വിവാദമാകുന്നത്. ആർക്കും ആരുടേയും ഏതു പ്രവൃത്തിയും ഇക്കാലത്ത് വിവാദമാക്കി മാറ്റാനാവും. ഷാനി സ്വരാജിന്റെ ഫ്‌ളാറ്റ് സന്ദർശിക്കുമ്പോൾ സ്വരാജിന്റെ ഭാര്യയോ കുടുംബമോ അവിടെ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നൊന്നും ആർക്കും നിശ്ചയമില്ല. ഇനി ഭാര്യ ഇല്ലാത്തപ്പോഴാണ് ഷാനി സന്ദർശിച്ചത് എങ്കിൽതന്നെ എന്തിനാണ് സദാചാര വാദികൾക്ക് കുരുപൊട്ടുന്നത്. വളരെ അടുത്ത സൗഹൃത്തിലുള്ള രണ്ടുപേർക്ക് ഒരുകാലത്തും ഒരുമിച്ച് കാണാൻ കഴിയില്ല എന്നാണോ? ഇതൊരു മാനസിക വൈകല്യമാണ്.

സിപിഎമ്മിനോടുള്ള വിരോധത്തിന്റെ ഭാഗമായി പാർട്ടിയുടെ യുവനേതാവായ സ്വരാജിനേയും സിപിഎമ്മിനെ പരസ്യമായി പിന്തുണയ്ക്കുന്ന ഷാനിയേയും തകർക്കാൻ വേണ്ടി ഉണ്ടാക്കിയ ഗൂഢാലോചനയാണ് ഇതെന്നാണ് പലരും വിചാരിക്കുന്നത്. ഇതൊരു ഗൂഢാലോചന തന്നെയാണ്. എന്നാൽ അതിന്റെ ഉറവിടം സിപിഎമ്മിന്റെ അകത്തുതന്നെ ആണ് എന്നതാണ് ലജ്ജാകരമായ വസ്തുത.

എക്കാലത്തും സിപിഎമ്മിലെ വിവാദ നേതാവായിരുന്നു സ്വരാജ്. സിപിഎമ്മിലെ വിഭാഗീയത സജീവമായിരുന്ന കാലത്ത് വ്ിഎസിന് എതിരെ ശക്തമായ നിലപാടെടുത്ത നേതാവായിരുന്നു സ്വരാജ്. എന്നാൽ വി എസ് അനുകൂല വികാരം സ്വരാജിനെതിരെ തിരിക്കാനായി സ്വരാജ് ഒരിക്കലും പറഞ്ഞിട്ടില്ലാത്ത വാക്കുകൾ അദ്ദേഹത്തിന്റേതായി പ്രചരിപ്പിക്കപ്പെട്ടു. വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് സ്വരാജ് പറഞ്ഞു എന്ന വാദമായിരുന്നു അതിൽ പ്രധാനം. വിഎസിനെ വെട്ടി പട്ടിക്കിട്ടുകൊടുക്കണമെന്ന് പറഞ്ഞു എന്നതാണ് മറ്റൊന്ന്. എന്നാൽ ഇങ്ങനെ സ്വരാജ് പറഞ്ഞു എന്നതുകേട്ട ആരും ഇപ്പോഴുമില്ല. പിണറായി പക്ഷത്തായാലും വി എസ് പക്ഷത്തായാലും.

ജനഹൃദയങ്ങളിൽ സ്വരാജ് നേടിയ സ്ഥാനം പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. അതിനാൽ തന്നെ പിണറായിയുടെ ഗുഡ്‌ലിസ്റ്റിൽ നിന്ന് സ്വരാജിനെ വെട്ടുകയെന്ന ലക്ഷ്യവും ലൈംഗിക അപവാദത്തിൽ കുടുക്കി എറണാകുളത്തെ സ്വാധീനം കുറയ്ക്കുക എന്ന അജണ്ടയും ഇപ്പോഴത്തെ പ്രചരണത്തിന് പിന്നിൽ ഉണ്ട്. നിർഭാഗ്യവശാൽ അതിന് ഇരയായത് ഷാനിയായിരുന്നു.

ഉറച്ച നിലപാടുള്ള ഒരു സ്ത്രീയാണ് ഷാനി.തന്റെ ഇടതുപക്ഷ ബന്ധം അവർ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഷാനി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു എന്നു പറയുമ്പോഴും ചാനൽ അവതാരകയായി പ്രത്യക്ഷപ്പെടുന്ന ഷാനി അവർ തൊഴിൽ രംഗത്ത് ശക്തമായ നിലപാട് എടുക്കുന്നുണ്ട്. സ്വരാജിനെ ലക്ഷ്യമിട്ട് തുടങ്ങിയ അപവാദ പ്രചരണം ഷാനിയിലേക്ക് എത്തിയതിന്റെ പിന്നാമ്പുറങ്ങൾ പലതാണ്. മാത്രമല്ല, ഒരു സ്ത്രീയും പുരുഷനും വർത്തമാനം പറഞ്ഞാൽ ഒരുമിച്ച് ഒരു ഫ്‌ളാറ്റിലിരുന്നാൽ അത് ചർച്ചയാവുന്നത് സമൂഹത്തെ ബാധിച്ച രോഗത്തിന്റെ ലക്ഷണമാണ് - ഇക്കാര്യം ചർച്ചചെയ്യുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്.