തിരുവനന്തപുരം: സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയിട്ടും ശ്രീജിത്ത് സമരം തുടരുകയാണ്. സോഷ്യൽ മീഡിയയുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് സമരം വിജയമായത്. എന്നാൽ, സിബിഐ അന്വേഷണ ഉത്തരവ് പുറത്തുവന്നതോടെ അദ്ദേഹത്തെ പിന്തുണച്ചിരുന്നവരിൽ നല്ലൊരു ശതമാനം പിൻവാങ്ങി. ഈ പിന്മാറ്റം ശ്രീജിത്ത് തന്റെ മൊഴി സിബിഐ ഉദ്യോഗസ്ഥർ എടുത്താൽ മാത്രമേ താൻ പിന്മാറൂ എന്നു പറഞ്ഞതു കൊണ്ടാണ്. ഇതോടെ അനിശ്ചിതമായി സമരം നീണ്ടു പോകുമോ എന്ന ഭയമാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്ക്.

വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ ആരുടെയും പേരുകൾ ഉൾപ്പെടുത്താതെയാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതോടെ ശ്രീജിത്ത് സമരം അവസാനിപ്പിച്ചാൽ കേസ് തേഞ്ഞുമാഞ്ഞ് പോകുമെന്ന കാര്യം ഉറപ്പാണ്. കോടതിയും സിബിഐയും അനുകൂലമായ നടപടി സ്വീകരിച്ച സാഹചര്യത്തിൽ ഇനി സമരം തുടരേണ്ട എന്ന തീരുമാനത്തിൽ ഒപ്പമുണ്ടായിരുന്ന സമൂഹമാധ്യമ കൂട്ടായ്മ എത്തിയിരുന്നു. എന്നാൽ സിബിഐ കേസ് അന്വേഷിക്കണമെന്ന തന്റെ ആവശ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മാത്രമേ പൂർണമാകൂവെന്ന് ശ്രീജിത്ത് പറഞ്ഞു.

സിബിഐ കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചാൽ 775 ദിവസം പൂർത്തിയാക്കുന്ന ഇന്നുതന്നെ സെക്രട്ടേറിയറ്റിനു മുൻപിൽ നിന്ന് വീട്ടിലേക്ക് മടങ്ങാനാണ് ശ്രീജിത്തിന്റെ തീരുമാനം. അങ്ങനെ ശ്രീജിത്തിന്റെ സഹന സമരം വിജയം കാണുകയാണ്. നാട്ടുകാരുടെ പിന്തുണയോടെയാണ് രണ്ട് വർഷത്തോളം സെക്രട്ടറിയേറ്റ് നടയിൽ ശ്രീജിത്ത് സമരമിരുന്നത്. പെട്ടെന്ന് സോഷ്യൽ മീഡിയ പ്രശ്നം ഏറ്റെടുത്തു. ഇതോടെ സർക്കാർ അതിവേഗ നടപടിയെടുത്തും. ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു. ഇന്നലെ കോടതി രേഖകളുടെ പകർപ്പ് അഭിഭാഷകൻ ശ്രീജിത്തിന് ഹൈക്കോടതിയിൽ ഹർജി നൽകാൻ സഹായം നൽകിയ കെപിസിസി മുൻ അദ്ധ്യക്ഷൻ വി എം. സുധീരന് ഇ-മെയിലിലൂടെ നൽകി.

3 മണിയോടെ പകർപ്പ് സമരപ്പന്തലിലെത്തി സുധീരൻ ശ്രീജിത്തിന് കൈമാറി. എന്നാൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ സമരം പിൻവലിക്കുമെന്ന നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചത്. ഇതിനിടെ കോടതിയും സിബിഐയും അനുകൂലമായ നടപടി സ്വീകരിച്ച സാഹചര്യത്തിൽ ഇനി സമരം തുടരേണ്ട എന്ന തീരുമാനത്തിലായിരുന്നു ഒപ്പമുണ്ടായിരുന്ന സമൂഹമാധ്യമ കൂട്ടായ്മ പ്രവർത്തകർ. ഇതോടെ ശ്രീജിത്ത് വീണ്ടും ഒറ്റക്കായി.

സമരം രാഷ്ടീയക്കാർ ഹൈജാക്ക് ചെയ്‌തെന്നാരോപിച്ചാണ് സമരത്തിൽനിന്നു ഫേസ്‌ബുക്ക് കൂട്ടായ്മ പിന്മാറിയത്. എന്നാൽ, മുൻകാല അനുഭവങ്ങൾ ഉള്ള സാഹചര്യത്തിൽ ശ്രീജിത്ത് തന്റെ നിലപാടിൽ ഉറച്ച് സമരം തുടരണം എന്നാണ് ഇൻസ്റ്റന്റ് റെസ്‌പോൺസിന് പറയാനുള്ളത്. സോഷ്യൽ മീഡിയ കൂട്ടായ്മ പിന്മാറിയാലും ശ്രീജിത്തിന്റെ സമരം വിജയിക്കുക തന്നെ ചെയ്യും. അതുകൊണ്ട് ശ്രീജിത്ത് അന്തിമ വിജയം വരെ പൊരുതുക.