തിരുവനന്തപുരം: നമ്മുടെ നാട്ടിലെ ഏറ്റവും മോശം തൊഴിൽ ഏതാണ് എന്നു ചോദിച്ചാൽ നിസ്സശംയം പറയാം - ഏറ്റവും ഗ്ലാമർ ഉള്ള എസ്ഐമാരുടെ ജോലി തന്നെയാണ് എന്ന്. പണ്ടൊക്കെ നാട്ടുരാജാക്കന്മാരെ പോലെ വാണിരുന്ന എസ്ഐമാർ മൊബൈൽ ഫോൺ വന്നതോടെ വായടച്ചു അപമാനിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ടവരായിരിക്കുന്നു. മേലുദ്യേഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഭരിക്കുന്ന പാർട്ടിയിലെ ഛോട്ടാ നേതാക്കളുടെയും ഒക്കെ തെറിവിളിക്കു മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഇവരുടെ ജീവിതദുരിതം ആരും അറിയുന്നില്ല.

കൈക്കൂലി വാങ്ങുകയും കള്ളക്കേസിൽ കുടുക്കുകയും സാധാരണക്കാർക്ക് നീതി നൽകാതിരിക്കുകയും ചെയ്യുന്ന പൊലീസിന്റെ കഥയാണ് നമ്മൾ കാണുന്നതും കേൾക്കുന്നതും. ജന്മനാ ക്രിമിനൽ മനോഭാവം ഉള്ള ചിലർ അങ്ങനെയാണ്. മറ്റ് ചിലരാകട്ടെ ഗ്ലാമറോടെ ജോലിയിൽ കയറിയ ശഷം ഉണ്ടായ ഇച്ഛാഭംഗം തീർക്കാൻ നാട്ടുകാരുടെ പുറത്ത് കയറുകയും കൈക്കൂലിക്കാരാവുകയും ചെയ്യുന്നു.

എസ്ഐമാരെ പോലെ ദുരിതം അനുഭവിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥരും ഉണ്ടാവില്ല. ആകെ അവർക്കുള്ളത് ഒരു പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ലഭിക്കുന്ന പേടിയും ബഹുമാനവും മാത്രമാണ്. കൈക്കൂലി വാങ്ങാൻ മൊബൈൽ ഫോണുകളെ പേടിക്കേണ്ടതുകൊണ്ട് അതിനും ഇപ്പോൾ പലർക്കും സാധിക്കുന്നില്ല. ഒരേ സമയം മുകളിൽ നിന്നും താഴെ നിന്നും സമ്മർദ്ദം ഉള്ളവരാണ് എസ്ഐമാർ. മേലുദ്യേഗസ്ഥരുടെയും നേതാക്കളുടെയും ആട്ടും തുപ്പും കേട്ടേ ഒരാൾക്കേ സ്റ്റേഷൻ ഭരിക്കാൻ സാധിക്കൂ. അതല്ലാത്തവർക്ക് ഒരു മാസം പോലും ഒരിടത്തും നിൽക്കാൻ കഴിയില്ല.