തിരുവനന്തപുരം: നടി ശ്രീദേവിയുടെ അകാലവിയോഗം ഇന്ത്യയെ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്. ശ്രീദേവിയുടെ മരണം ഒരു സാധാരണ നടിയുടെ മരണം എന്ന നിലയിലല്ല, സൗന്ദര്യവും പ്രതിഭയും കൊണ്ട് ഇന്ത്യൻ യുവത്വത്തെ ദീർഘകാലം ത്രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത അസാധാരണ പ്രതിഭാശാലിയായ ഒരു നടിയുടെ മരണം എന്ന നിലയിലാണ് ഇന്ത്യയെ ഞെട്ടിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണം എന്നായിരുന്നു ആദ്യം ഇന്ത്യക്കാർ അറിഞ്ഞത്. തൊട്ടുപിന്നാലെ ഹൃദയാഘാതത്തിനുള്ള കാരണം ഇന്ത്യക്കാർ തേടി.

")); // ]]>

കോസ്മെറ്റിക്ക് ശസ്ത്രക്രിയ അടക്കമുള്ള നടിയുടെ ജീവിതരീതിയുടെ ബാക്കിപത്രമായിരുന്നു ഹൃദയാഘാതം എന്നതായിരുന്നു നിഗമനം. അതിനുശേഷമാണ് മുങ്ങിമരണം, അപകടമരണം, ആത്മഹത്യ, കൊലപാതകം മുതലായ തിയറികൾ രൂപപ്പെട്ടത്. ഇന്ന് ഈ വിഷയം ഏറ്റവും സജീവമായി നിൽക്കുന്നത് നടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു എന്ന കണ്ടെത്തൽ മൂലമാണ്. മാത്രമല്ല പൂർണ ആരോഗ്യവതിയായ ഒരു സ്ത്രീ ഹോട്ടലിലെ ബാത്ത് ടബിൽ എങ്ങനെ മരിച്ചു എന്ന ചോദ്യവും. സാധാരണ ഗതിയിൽ മദ്യം ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിൽ, തലചുറ്റലുണ്ടായിട്ടുണ്ടെങ്കിൽ ബാത്ത് ടബിലെ വെള്ളത്തിൽ വീണിട്ടുണ്ടെങ്കിൽ മരിക്കാം.

എന്നാൽ ഇതിനെ ചുറ്റിപ്പറ്റി നിരവധി ദുരൂഹതകൾ നിലനിൽക്കുകയാണ്. ഈ ദിവസങ്ങളിൽ ഭർത്താവ് ബോബി കപൂറിനൊപ്പം യാത്ര ചെയ്ത നടി അവിടെ തുടരുമ്പോൾത്തന്നെ ഇളയ മകളും ബോബി കപൂറും എന്തിന് നാട്ടിലേക്ക് പോയി?, ബാത്ത്റൂമിലെ അപകടവിവരം എന്തുകൊണ്ട് അറിഞ്ഞില്ല തുടങ്ങി ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത് സ്വാഭാവികമായും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. വൈകിട്ട് 7 മണിക്ക് നടന്ന സംഭവം എന്തുകൊണ്ട് 10 മണിവരെ മറച്ചുവെച്ചു, എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ല, എന്തുകൊണ്ട് ആശുപത്രിയിൽ കൊണ്ടുപോയില്ല, ഹൃദയാഘാതമെന്ന നിലയിൽ എങ്ങനെ വാർത്തകൾ പുറത്തേക്കുവന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് ഈ മരണത്തെ ദുരൂഹതയിൽ നിർത്തുന്നതും കൊലപാതകമോ ആത്മഹത്യയോ അപകടമോ ആണോയെന്ന സൂചന നൽകുന്നതും. എന്തായാലും ഇത് സ്വാഭാവിക മരണമല്ല. അപകടമോ ആത്മഹത്യയോ കൊലപാതകമോ ആകാം.

മാധ്യമങ്ങൾ ഈ വിഷയം റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം മുന്നിൽ അധികം ഉറവിടങ്ങളൊന്നുമില്ല എന്നതുതന്നെയാണ്. ദുബായ് പൊലീസ് ഇന്ത്യൻ പൊലീസിനെപ്പോലെ വാർത്തകൾക്കുവേണ്ടി വിവരങ്ങൾ കൈമാറുന്നവരല്ല. എത്ര വമ്പനായാലും നിയമം നിയമത്തിന്റെ വഴിക്ക് നടക്കണമെന്ന് കരുതുന്നവരാണവർ.

അതുകൊണ്ടുതന്നെ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഊഹാപോഹങ്ങളോ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളോ ആണെന്ന നിഗമനത്തിലെത്തേണ്ടിവരും. ശ്രീദേവിയെപ്പോലെ ഒരു നടിയുടെ മരണം ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളിലും ജിജ്ഞാസ ഉളവാക്കുന്ന ഒന്നായതുകൊണ്ട്, അതിന്റെ ദുരൂഹതകളെക്കുറിച്ചറിയാൻ പ്രേക്ഷകർക്ക് ആഗ്രഹമുള്ളതുകൊണ്ട് വിശദമായിത്തന്നെ എല്ലാദിവസവും വാർത്തകളെഴുതാതിരിക്കാൻ മാധ്യമങ്ങൾക്ക് സാധ്യമല്ല. 24 മണിക്കൂറും തുറന്നിരിക്കുന്ന ക്യാമറക്കണ്ണുകളുമായി ചാനലുകളും ഓൺലൈൻ പോർട്ടലുകളും സോഷ്യൽ മീഡിയയുമുള്ളപ്പോൾ ജിജ്ഞാസയുള്ള വാർത്തകളെ തിരസ്‌കരിക്കാനുമാകില്ല.

അതുകൊണ്ടുതന്നെ ഈ വരുന്ന വാർത്തകൾ സത്യവുമായി എത്രമാത്രം ബന്ധമുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ട്. ഇന്ന് ആധുനിക മാധ്യമപ്രവർത്തനം ഇന്ത്യയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. കൗതുകമുള്ള ഒരു സംഭവമുണ്ടായിക്കഴിയുമ്പോൾ ഉറവിടം വ്യക്തമല്ലെങ്കിൽ ഊഹാപോഹങ്ങളുണ്ടാക്കുക എന്നത് മാധ്യമങ്ങളുടെ ശീലമായി മാറി. രാഷ്ട്രീയ പാർട്ടികൾ അവരുടെ നിലനിൽപ്പിനുവേണ്ടി വാർത്തകളുണ്ടാക്കുന്നതും. ദുബായ് പൊലീസ് ഔദ്യോഗികമായി ഇതുസംബന്ധിച്ച് ഒരു വിശദീകരണവും നൽകിയിട്ടില്ല.

എന്നാൽ ദുബായ് പൊലീസിന്റെ വിശദീകരണം വരുന്നതുവരെ കാത്തുനിൽക്കാനുള്ള ക്ഷമ മാധ്യമങ്ങൾക്കില്ല. അതിന് മാധ്യമങ്ങളെ കുറ്റം പറയാനും സാധിക്കില്ല. കാരണം അതവരുടെ തൊഴിലാണ്. അതുകൊണ്ട് ബോണി കപൂറിന്റെ ദുരൂഹമായ ഇടപെടലും ശ്രീദേവിയുടെ ദുരൂഹമായ മരണവും മലയാളിയുടെ മാത്രമല്ല ഇന്ത്യാക്കാരന്റെ ജിജ്ഞാസയെ ഉണർത്തിക്കൊണ്ടിരിക്കുന്നതുകൊണ്ടുതന്നെ ഇങ്ങനെ പല വാർത്തകളും വന്നുകൊണ്ടിരിക്കും. വാർത്തകളിലെ നെല്ലുംപതിരും തിരിച്ചറിയുന്നതിന് ഇനിയും കാത്തിരിക്കേണ്ടിവരും. സെൻസേഷണൽ മാധ്യമപ്രവർത്തനത്തിന്റെ ഒരു ഇരയായി ശ്രീദേവി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്യും.