ലക്‌നൗ: തേങ്ങ ഉടച്ച് റോഡ് ഉദ്ഘാടനം നിർവഹിക്കാൻ ഒരുങ്ങി. എംഎൽഎ തേങ്ങ എറിഞ്ഞു, പക്ഷേ പൊട്ടിയത് തേങ്ങയല്ലായിരുന്നു. നിർമ്മാണം പൂർത്തിയായ പുതുപുത്തൻ റോഡാണ്. ഉത്തർ പ്രദേശിലെ ബിജ്നോർ സദർ മണ്ഡലത്തിലാണ് സംഭവം.

ബിജ്‌നോറിൽ, ഒന്നേകാൽ കോടി രൂപയോളം ചെലവിൽ പുനർനിർമ്മിച്ച ഏഴു കിലോമീറ്റർ റോഡ് ഉദ്ഘാടനം ചെയ്യാൻ ബിജെപി എംഎൽഎ സുചി മൗസം ചൗധരി എത്തിയപ്പോഴായിരുന്നു സംഭവം.

ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോൾ റോഡിന്റെ ഭാഗം ഇളകിവന്ന വിവരം എംഎൽഎ തന്നെയാണു മാധ്യമങ്ങളോടു പറഞ്ഞത്. '1.16 കോടി ചിലവഴിച്ച് ജലവിഭവ വകുപ്പാണ് റോഡ് നിർമ്മിച്ചത്. 7.5 കിലോമീറ്റാണ് റോഡിന്റെ നീളം. തേങ്ങയുടയ്ക്കാൻ നോക്കിയപ്പോൾ അത് പൊട്ടിയില്ല, പകരം റോഡ് പൊളിഞ്ഞുവന്നു'- സുചി മൗസം മാധ്യമങ്ങളോടു പ്രതികരിച്ചു.

എന്തായാലും പൊളിഞ്ഞ റോഡിനെ അങ്ങനെ വിട്ടുപോകാൻ സുചി മൗസം തയ്യാറായില്ല. റോഡിന്റെ സാമ്പിൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നതിനായി മൂന്നുമണിക്കൂറോളം അവർ അവിടെ കാത്തുനിന്നു. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ എംഎൽഎ, അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. വിദഗ്ധ പരിശോധനയ്ക്കായി റോഡിന്റെ സാംപിൾ ശേഖരിക്കാൻ സഹായിച്ചതിനുശേഷമാണ് അവർ പോയത്.

ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സുചി ചൗധരി അറിയിച്ചു. 'റോഡിന്റെ നിർമ്മാണത്തിൽ അപാകത കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത നിലവാരം പുലർത്തിയിട്ടില്ല. റോഡിന്റെ ഉദ്ഘാടനം തൽക്കാലത്തേയ്ക്കു മാറ്റിവച്ചു. ജില്ലാ മജിസ്ട്രേട്ടുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിനു മൂന്നംഗ സംഘത്തെ നിയോഗിച്ചു.' എംഎൽഎ വ്യക്തമാക്കി.

അതേസമയം, റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണം ബിജ്നോറിലെ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വികാസ് അഗർവാൾ നിഷേധിച്ചു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ജില്ലാ മജിസ്‌ട്രേട്ടിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.