ന്യൂഡൽഹി: അസുഖം ബാധിച്ച് മരിക്കുമ്പോൾ ഇൻഷുറൻസ് പോളിസിയുള്ള ആളാണെങ്കിൽ കൂടി മുടന്തൻ ന്യായങ്ങൾ നിരത്തി ബന്ധുക്കൾക്ക് സഹായം എത്തിക്കാൻ കമ്പനികൾക്ക് മടിയാണ്. ഇത്തരം നിരവധി സംഭവങ്ങളുണ്ട്. എന്നാൽ, ഇത്രത്തിൽ തട്ടിപ്പുകാണിക്കുന്ന ഇൻഷുറൻസ് കമ്പനികൾക്ക് തിരിച്ചടിയായി ദേശീയ ഉപഭോക്തൃഫോറത്തിന്റെ വിധി.

കൊതുകു കടിയേറ്റു മരിക്കുന്നതിനെ അപകട മരണമായി കാണണമെന്നാണ് ദേശീയ ഉപഭോക്ത് തർക്ക പരിഹാര കമ്മിഷന്റെ സുപ്രധാന വിധി. കൊതുകു കടി മൂലം മലേറിയ പോലുള്ള അപകടകാരിയായ അസുഖങ്ങളുണ്ടാകുന്നതിനെ അപകടമായി കാണാതിരിക്കാനാകില്ലെന്ന് കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ. ജെയ്ൻ പറഞ്ഞു. ഈ വിധിയോടെ ഇൻഷുറൻസ് കമ്പനികൾക്ക് വലിയ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.

കൊതുക് കടിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല; അപ്രതീക്ഷിതമായാണു കടിയേൽക്കുന്നത് വി.കെ. ജെയ്ൻ തുടർന്നു. പാമ്പ് കടി, നായ്ക്കളുടെ കടി തുടങ്ങിയവ മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ അപകടമായി കണക്കാക്കുന്നത് എന്നാൽ കൊതുകു കടിയേറ്റ് മലേറിയ ബാധിച്ചാൽ അതിനെ അപകടമല്ലാതായി കാണാൻ ബുദ്ധിമുട്ടാണെന്നും വി.കെ. ജെയ്ൻ പറഞ്ഞു.

മലേറിയ ബാധിച്ചു മരിച്ച ദേബാഷിഷ് ഭട്ടാചാര്യയുടെ വിധവ മൗസമി നൽകിയ ഹർജിയിലാണു ദേശീയ ഉപഭോക്ത് തർക്ക പരിഹാര കമ്മിഷന്റെ ശ്രദ്ധേയമായ വിധി. 2012 ജനുവരിയിലാണ് ദേബാഷിഷ് മരിച്ചത്. അദ്ദേഹം നാഷണൽ ഇൻഷുറൻസ് കമ്പനിയിൽനിന്ന് ഇൻഷുറൻസ് പോളിസിയെടുത്തിരുന്നു. ഇൻഷുറൻസ് തുക ലഭിച്ചാൽ ഭവനവായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് മൗസമി നാഷണൽ ഇൻഷുറൻസിനെ സമീപിച്ചെങ്കിൽ അവർ അപേക്ഷ നിരസിച്ചു. തുടർന്ന് 2014 ഫെബ്രുവരിയിൽ മൗസമി ബംഗാളിലെ ജില്ലാ ഉപഭോക്ത് തർക്ക പരിഹാര കോടതിയെ സമീപിച്ചു.

ദേബാഷിഷിന്റെ മരണ കാരണം കൊതുകു കടിയേറ്റാണെന്ന് അപേക്ഷാ ഫോമിലെഴുതിയാണു നിരസിക്കാൻ കാരണമായി നാഷണൽ ഇൻഷുറൻസ് ചൂണ്ടിക്കാട്ടിയത്. ജില്ലാ കോടതി മൗസമിക്ക് അനുകൂലമായി വിധിച്ചു. തുടർന്ന് നാഷണൽ ഇൻഷുറൻസ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചു. ഇവിടെയും തള്ളിയതോടെ അവർ ദേശീയ ഉപഭോക്ത് തർക്ക പരിഹാര കമ്മിഷനിൽ അപ്പീൽ നൽകുകയായിരുന്നു.