തിരുവനന്തപുരം: പഴയകാലത്തെയും പുതിയകാലത്തെയും വാർത്താശേഖരണത്തിലും വാർത്താവിന്യാസത്തിലും വാർത്താ വിശ്വാസ്യതയിലും വന്ന മാറ്റം കൗതുകകരമാണ്.പണ്ടൊക്കെ പത്രത്തിൽ ഒരു വാർത്ത വരികയെന്ന് പറഞ്ഞാൽ അത് നൂറ് ശതമാനം ശരിയായിരുന്നു.ഒരു സംഭവം അതിന്റെ പല മാനങ്ങൾ അന്വേഷിച്ച് ആധികാരികത ഉറപ്പ് വരുത്തി മാത്രമാണ് പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. ഈ വിശ്വാസ്യത കൈമുതലായതുകൊണ്ട് പത്രങ്ങളിൽ വരുന്ന വാർത്തയുടെ പുറത്ത് നടപടിയുണ്ടാകുമായിരുന്നു.പ്രാദേശിക പേജുകളിൽ വരുന്ന പരാതികൾക്ക് പോലും പിരഹാരമുണ്ടായിരുന്നു.അക്കാലം മാറി വാർത്തയുടെ സമീപന രീതി മാറിയതോടെ എന്തും വാർത്തയാവുന്ന കാലം വന്നു.

ചാനലുകളാണ് ഇത്തരം വാർത്താസംസ്‌കാരത്തിന് തുടക്കമിട്ടത്. ഒരുദിവസം തുടങ്ങുമ്പോൾ തന്നെ വാർത്ത സൃഷ്ടിക്കേണ്ട ബാധ്യത ചാനലുകൾക്കുണ്ടായതാണ് ഈ മാറ്റത്തിന് കാരണം.ആരുടെയെങ്കിലും ബൈറ്റ് എടുത്ത് റിപ്പോർട്ടർമാർ വാർത്ത സൃഷ്ടിക്കുന്ന സ്ഥിതി വന്നു.അങ്ങനെ ഒട്ടും പ്രസക്തമല്ലാത്ത വിഷയങ്ങൾ പോലും വാർത്തയായി മാറി.സോഷ്യൽ മീഡിയ ചാനലുകളേക്കാൾ വലുതായപ്പോഴാകട്ടെ ഒരു സാധാരണക്കാരൻ മുഖം കോട്ടി ചിരിക്കുന്നത് പോലും വൈറലാകുന്ന വിചിത്രസാഹചര്യവും വന്നു.എന്തും വാർത്തയാണ്..എന്തും ചർച്ചയാണ്.ഒരു എഫ്‌ഐആർ ഇട്ടാൽ പോലും ഏതു വലിയവനെയും താറടിക്കാൻ കഴിയുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഉടലെടുത്തു.അഡാർ ലവ് എന്ന സിനിമയിലെ ഗാനരംഗവും, കണ്ണിറുക്കുന്ന പെൺകുട്ടിയും വൈറലാവുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തതാണ് ഇൻസ്റ്റന്റ് റസ്‌പോൺസിന്റെ ചർച്ചയ്ക്ക് വിഷയമാകാൻ കാരണം.

പാട്ടിന്റെ മേന്മ കൊണ്ടല്ല അഡാർ ലവിലെ ഗാനം വൈറലായത്. ഗാനരംഗത്തിലെ പെൺകുട്ടിയുടെ മുഖഭാവങ്ങളും കോക്രിയും രൂപവും ഒക്കെ കൊണ്ടാണ്.സുന്ദരിയായ പെൺകുട്ടി കണ്ണിറുക്കി കാട്ടുകയും അനുരാഗത്തോടെ നോക്കുകയും ചെയ്തപ്പോഴത്തെ ആവേശമാണ് ഗാനം വൈറലായതിന് പിന്നിലെ സൂത്രം.അമേരിക്കക്കാരനും, ഇംഗ്ലണ്ടുകാരനും ആഫ്രിക്കക്കാരനുമൊക്കെ ചർച്ച ചെയ്യുന്ന വിധത്തിൽ ആ പെൺകുട്ടിയുടെ ഭാവം മാറി.ജിമിക്ക് കമ്മൽ ഭാഷയ്ക്ക് അപ്പുറത്തേക്ക് വളർന്നത് അതിന്റെ താളം കൊണ്ടായിരുന്നു.അതുകൊണ്ട് തന്നെ പാട്ടിന്റെ മേന്മയായിരുന്നു ആ വീഡിയോ വൈറലാവാൻ കാരണം.എന്നാൽ ഈ വീഡിയോയിൽ പെൺകുട്ടിയുടെ സവിശേഷഭാവം എന്നതിനപ്പുറം പാട്ടിന് ഒരുമേന്മയും ആരു കൽപിക്കുന്നില്ല.ആദ്യത്തെ വരിയല്ലാതെ ആ പാട്ടിനെ കുറിച്ച് ഓർത്തിരിക്കുന്ന ഒന്നും ആർക്കും പറയാനില്ല.സോഷ്യൽ മീഡിയ ഇങ്ങനെയൊക്കെയാണ് നിലനിൽക്കുന്നത് എന്നതുകൊണ്ട് ഈ രസം ആസ്വദിക്കുന്നു, ആ പെൺകുട്ടിയും ഈ പ്രശസ്തി ആസ്വദിക്കുന്നു.എന്നാൽ, അവിടെ തീരേണ്ട കാര്യം ഒരു വിവാദമായിരിക്കുന്നു.

ഐപിസി 295 എ അനുസരിച്ച് ഗാനത്തിനെതിരെ കേസ് വന്നിരിക്കുന്നു.ഇത് നമ്മുടെ സമൂഹം ഇന്ന എത്തപ്പെട്ടിരിക്കുന്ന ഭീതിദമായ അവസ്ഥയുടെ പ്രതിഫലനമാണ്.മതവികാരം എന്ന് പറയുന്നത് തൊട്ടാൽ പൊള്ളുന്ന ഒരുസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.അതിന് മതഭേദമില്ല.പത്മാവതി ഒരു ഉദാഹരണം.ആമിയുടെ കാര്യത്തിലും അത് കണ്ടു.ഇന്ന് മാണിക്യമലരായി എന്ന ഗാനം അരുചിയാകുന്നത് ഇസ്ലാമികമതമൗലികവാദികൾക്കാണ്.അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും വലിയതോതിൽ വെല്ലുവിളി നേരിടുകയാണ് ഇന്ന്.

യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴവിരുന്ന് ചിത്രത്തിന്റെ പേരിൽ ഏതാനും നാളുകൾക്ക് മുമ്പുണ്ടായ കോലാഹലം നമ്മൾ മറക്കരുത്.നമ്മൾ മതപരമായി എത്രമാത്രം സങ്കുചിതമാകുന്നുവെന്നതിന്റെ പ്രതിഫലനമാണ് ആമി, പത്മാവതി, മാണിക്യമലർ വിവാദങ്ങൾ.ഈ വിഷയത്തിലെ ഏറ്റവും ലജ്ജാകരമായ വസ്തുത ഏതോ ഒരാൾ പരാതി കൊടുത്തതിന്റെ പേരിൽ പൊലീസ് മതനിന്ദയ്ക്ക് കേസ് എടുത്തുവെന്നതാണ്.ഐപിസി സെക്ഷൻ 295 എ പ്രകാരം കേസ് എടുത്തത്് കൊണ്ട് മൂന്ന് വർഷം തടവ് കിട്ടുന്ന ജാമ്യമില്ലാ കുറ്റമാണ്.ഈ സാഹചര്യമാണ് ഏറ്റവും ലജ്ജാകരമായ വസ്തുത.മതപരമായ ഒരു വ്രണം ഉണ്ടാകാൻ ഉദ്ദേശിച്ച് കൊണ്ട ബോധപൂർവം നടത്തുന്ന എഴുത്ത്, പരാമർശം എന്നിവയാണ് ഐപിസി സെക്ഷൻ 295 എയിൽ ഉൾപ്പെടുന്നത്.38 വർഷം മുമ്പ് ആവിഷ്‌കരിച്ച ഒരു മാപ്പിളപ്പാട്ട്,ഇസ്ലാമിക വിശ്വാസികൾ ഏറ്റവും അധികം ആഘോഷിച്ചിട്ടുള്ള പ്രവാചകന്റെയും ഖദീജയുടെയും പ്രണയത്തെ കുറിച്ചുള്ള പാട്ട് ഒരു സിനിമയിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നു.അത് ഇസ്ലാമിനെ അധിക്ഷേപിക്കുന്നതല്ല. മലബാറിലെ പ്രശസ്തമായ മാപ്പിളപ്പാട്ട്, കുട്ടികൾ വേദിയിൽ അവതരിപ്പിക്കുമ്പോൾ, അതിനോടൊപ്പം ആവിഷ്‌കരിച്ച ചില രംഗങ്ങളാണ് വിവാദമായിരിക്കുന്നത്.ഒരുതരത്തിലും അംഗീകരിക്കാൻ പറ്റുന്ന വിവാദമല്ല ഇത്.

ഈ വിവാദം പൊടിപൊടിക്കുമ്പോൾ ഓർക്കേണ്ട രണ്ടുകാര്യങ്ങളുണ്ട്. ചെറുപ്പക്കാർ കൂട്ടുകൂടി മദ്യപിക്കുമ്പോൾ പള്ളിക്കെട്ട് ശമ്പരിമലയ്ക്ക്, അക്കരയ്ക്ക് യാത്ര ചെയ്യും സിയോൺ സഞ്ചാരി എന്നീ ഗാനങ്ങൾ ആലപിക്കാറുണ്ട്.ഈ പാട്ടിന്റെ താളം കൊണ്ടാണ് മദ്യപാന സദസ്സുകളിൽ ഇത് പാടുന്നത്.അത് ഒരുവിവാദമാകുന്നത് പോലെ തന്നെയാണ് ഇപ്പോൾ ഈ സിനിമാപാട്ടും വിവാദമാകുന്നത്.ഇതിനെ ചെറുത്തുതോൽപ്പിക്കേണ്ടതാണ്. ഇത് സാമൂഹിക തിന്മയായി കരുതി മതവിശ്വാസികൾ തന്നെ ശക്തമായി എതിർക്കേണ്ടതാണ്.ഇത് ഹൈദരബാദിലെ ചില ചെറുപ്പക്കാർ മാത്രമല്ല, കേരളത്തിലെ ചില മതപണ്ഡിതന്മാരും യൂട്യൂബിലൂടെ പ്രവാചകനെ ആക്ഷേപിക്കുന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

ഐപിസിയിലെ വകുപ്പുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന പൊലീസുകാരുടെ പേരിലാണ് ആദ്യം നടപടിയെടുക്കേണ്ടത്.പൊലീസുകാർ വിവേചനാധികാരം പ്രയോഗിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.പരാതിക്കാരന് അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണ്. ഈ പരിഹാര മാർഗങ്ങൾ പ്രയോഗിച്ചില്ലെങ്കിൽ സാധാരണക്കാരൻ നിസാരകാരണങ്ങളുടെ പേരിൽ പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടി വരും.