ഡബ്ലിൻ: യുഎസ് ടെക് ഭീമനായ ഇന്റൽ കൂട്ടപിരിച്ചുവിടലിലേക്ക്. ഇതിന്റെ ലോകമെമ്പാടുമുള്ള ജീവനക്കാരിൽ 12,000 പേരെ പിരിച്ചുവിടുമെന്നാണ് ഇപ്പോൾ പുറത്തായിരിക്കുന്ന റിപ്പോർട്ടുകൾ. ഒരു ലക്ഷത്തിലേറെ ജീവനക്കാരുള്ള കമ്പനി 2017-ഓടെ ജീവനക്കാരുടെ എണ്ണം 11 ശതമാനം കുറയ്ക്കാനാണ് ശ്രമിക്കുന്നത്.

അതേസമയം ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ഐറീഷ് ജീവനക്കാരെ എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ ഇതുവരെ നിശ്ചയമായിട്ടില്ല. നിലവിൽ കമ്പനിക്ക് അയർലണ്ടിൽ 5,500 ജീവനക്കാരാണുള്ളത്. ഇതിൽ 4,500 പേർ കമ്പനിയുടെ ലീക്സ്ലിപ്പിലുള്ള മാനുഫാക്ചറിങ് കാമ്പസിലും ബാക്കിയുള്ളവർ കോർക്കിലെ സെക്യൂരിറ്റി ബിസിനസ് സെന്ററിലും ഷാനനിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലാബുകളിലുമായി ജോലി ചെയ്യുന്നു.

ലീക്സ്ലിപ്പിലുള്ള മാനുഫാക്ചറിങ് ഓപ്പറേഷൻ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പനി നാലു ബില്യൺ യൂറോയുടെ നിക്ഷേപം നടത്തുമെന്ന് രണ്ടു വർഷം മുമ്പ് അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് വർക്കുകൾ പൂർത്തിയാകുകയും പ്ലാന്റ് 14 നാനോമീറ്റർ ചിപ് ടെക്‌നോളജി നിർമ്മിക്കുകയും ചെയ്യുന്നുണ്ടിവിടെ.

പരമ്പരാഗത ബിസിനസുകളിൽ നിന്ന് കമ്പനി പിന്മാറുകയാണെന്നതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. യുഎസ് സ്റ്റോക്ക് മാർക്കറ്റിൽ ഇന്റലിന്റെ ഓഹരി 2.6 ശതമാനം ഇടിയുകയും ചെയ്തിട്ടുണ്ട്.