തിരുവനന്തപുരം: കൊച്ചിയിൽ നിന്നും 200 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തതിന് പിന്നാലെ മയക്കുമരുന്ന് മാഫിയാ തലവൻ അലിയെ കുരുക്കാനായി ഇന്റലിജൻസ് ബ്യൂറോയും രംഗത്ത്. കേരളാ എക്‌സൈസ് പിടികൂടുന്ന ഏറ്റവും കൂടിയ തുകയുടെ മയക്കുമരുന്ന് വേട്ടയാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കൊച്ചിയിലെ കൊറിയർ സ്ഥാപനത്തിൽ നടന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ 200 കോടി രൂപ വിലയുള്ള മെത്തലിൻ ഡോക്‌സി മെത്താഫിറ്റമിൻ (എംഡിഎംഎ) എന്ന മയക്കുമരുന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ചെന്നൈയിൽ നിന്നാണ് ഈ കൊറിയർ കൊച്ചിയിലേക്ക് എത്തിയത്. എന്നാൽ അന്വേഷണമിപ്പോൾ നീളുന്നത് മലേഷ്യ കേന്ദ്രീകരിച്ചുള്ള സംഘത്തിലേക്കാണ്. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്.രഞ്ജിത്തിനു കൊറിയർ സ്ഥാപനം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഭവത്തിൽ മറ്റ് അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് സംഘങ്ങൾ ഉണ്ടെന്നാണ് വിവരം.

ചെന്നൈയിൽ തീരദേശ മേഖലയിലാണ് ലഹരിമരുന്നു മാഫിയയുടെ പ്രവർത്തനകേന്ദ്രം. ഇവരാണ് കൊച്ചിവഴി മലേഷ്യയിലേക്ക് മരുന്നു കടത്തുന്നത്. പരിശോധനയ്ക്കായി തീരദേശമേഖലയിലേക്ക് ചെല്ലാനാകില്ല. അപ്പോഴാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കേരള എക്‌സൈസിനെ സഹായിക്കാനെത്തിയത്. രാജ്യാന്തര തലത്തിൽ മയക്കു മരുന്നു ഇടപാടുകൾ നടത്തുന്ന വൻ സംഘടങ്ങളെക്കുറിച്ചുള്ള അന്വേഷത്തിലായിരുന്നു ഐബിയിലെ സ്‌പെഷ്യൽ ടീം. അപ്പോഴാണ് കൊച്ചിയിൽ 200 കോടി രൂപയുടെ ലഹരിമരുന്നു പിടികൂടുന്നത് ഐബിയുടെ ശ്രദ്ധയിൽ വരുന്നത്. മലേഷ്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇടപാടിനു പിന്നിലെന്നു തിരിച്ചറിഞ്ഞതോടെ അന്വേഷണത്തിനു സഹായവുമായി ഐബി എത്തി.

ഐബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിച്ച ചെന്നൈ സ്വദേശിയായ പ്രശാന്ത് കുമാറിനെ അറസ്റ്റു ചെയ്യുന്നത്. പിന്നീട് എക്‌സൈസിന് കൈമാറി. ഇരുടീമുകളും നടത്തിയ ചോദ്യം ചെയ്യലിൽ മുൻപ് ഒരു തവണ കൊച്ചിയിലേക്ക് ലഹരിമരുന്നു കടത്തിയതായും കൊച്ചിയിൽനിന്ന് മലേഷ്യയിലേക്കാണ് ലഹരിമരുന്ന് കൊണ്ടുപോയതെന്നും പ്രശാന്ത് കുമാർ മൊഴി നൽകി.

കണ്ണൂർ സ്വദേശിയായ പ്രശാന്ത് കുമാർ വളർന്നത് തമിഴ്‌നാട്ടിലാണ്. അലിയെന്ന ആളാണ് ലഹരിമരുന്നു നൽകിയതെന്നുമാത്രമേ പ്രശാന്തിനറിയൂ. മുൻപ് അലിയോടൊപ്പം കൊച്ചിയിലെത്തിയിട്ടുണ്ട്. അപ്പോൾ മുതൽ അലിയുടെ പിന്നാലെയാണ് ഐബി. ചെന്നൈയിലും മലേഷ്യയിലും വിവിധ ഘട്ടങ്ങളിൽ തിരച്ചിൽ നടന്നു. ഇപ്പോഴും തിരച്ചിൽ തുടരുന്നു. അലിയെ എത്രയും വേഗം പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ഐബിയും എക്‌സൈസും. അലി പിടിയിലായാലേ കൊച്ചി ബന്ധങ്ങൾ വെളിപ്പെടൂ. പ്രശാന്ത് കുമാർ ഇപ്പോൾ ജയിലിലാണ്.

സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.സുരേഷാണ് 200 കോടിയുടെ ലഹരിമരുന്നു കേസ് രജിസ്റ്റർ ചെയ്തത്. സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥനു കേസ് അന്വേഷിക്കാൻ കഴിയില്ല. മുതിർന്ന ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല. കൊച്ചി എക്‌സൈസ് അസിസ്റ്റന്റ്.കമ്മിഷണർ അശോക് കുമാറാണ് ഈ കേസ് അന്വേഷിക്കുന്നത്. ഒരു ജില്ലയിൽ ഒരു എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണറാണുള്ളത്. കൊച്ചി പോലുള്ള നഗരത്തിൽ ദിവസേന കേസുകൾ റിപ്പോർട്ടു ചെയ്യുമ്പോൾ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം ഒരേയൊരു അസിസ്റ്റന്റ് കമ്മിഷണർക്കാണ്. പൊലീസിൽ കേസ് അന്വേഷണത്തിന് പ്രത്യേക വിഭാഗമുണ്ടെങ്കിലും എക്‌സൈസിൽ അങ്ങനെയുള്ള വിഭാഗമില്ല.

പുറത്തുപോയി കേസ് അന്വേഷിക്കാനുള്ള സംവിധാനങ്ങളും ആയുധവുമില്ല. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ തന്നെ ഓഫിസ് ജോലികളും ചെയ്യണം. എക്‌സൈസ് ഉദ്യോഗസ്ഥർ എത്ര ആത്മാർഥത കാണിച്ചാലും കേസ് എങ്ങുമെത്താത്ത സാഹചര്യമാണ്. കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ ഫോൺ രേഖകൾ പൊലീസിനെപോലെ പരിശോധിക്കാനുള്ള അധികാരം എക്‌സൈസിനില്ല. പൊലീസിന്റെ സഹായത്തോടെ ഫോണുകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തുമ്പോൾ കാലതാമസമെടുക്കും. ലഹരികടത്തു കേസുകൾ അന്വേഷിക്കുന്നതിനു പ്രത്യേക വിഭാഗം വേണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എക്‌സൈസിൽ ആകെയുള്ള സ്റ്റാഫുകൾ 5,568. ക്ലറിക്കൽ ജോലികൾക്കായി പ്രത്യേകം വിഭാഗമില്ലാത്തതിനാൽ വലിയൊരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഫീൽഡിൽ പോകാൻ കഴിയാത്ത സാഹചര്യവുമുണ്ട്.