തിരുവനന്തപുരം: ഒരു വിവാഹം പണ്ടൊന്നും ഒരു വാർത്തയേയല്ല. എന്നാൽ ഇപ്പോൾ അതൊരു സീരിയസ് കാര്യമായി മാറിയിരിക്കുകയാണ്. മതംമാറിയുള്ള വിവാഹമാണെങ്കിൽ പ്രത്യേകിച്ചും. അതോടെ വർഗീയ ഭ്രാന്തന്മാർ ഉറഞ്ഞുതുള്ളി ഇറങ്ങുകയായി. സോഷ്യൽ മീഡിയ സജീവമായ കാലത്ത് മതംമാറ്റക്കല്യാണം ഒരു വലിയ ചർച്ചാ വിഷയം തന്നെയാണ്. ഹാദിയ കേസ് വന്നതോടെ മതപരിവർത്തനം നടത്തി വധുവിനെ വരന്റെ മതക്കാരിയാക്കി മാറ്റുന്ന പ്രവണത വലിയ ചർച്ചയാവുന്നു. എന്നാൽ സ്‌നേഹിച്ച പെൺകുട്ടിയെ മതം മാറ്റാതെ ജീവിത സഖിയാക്കുന്നവരെ അഭിനന്ദിക്കാനും സോഷ്യൽ മീഡിയ മുന്നിലുണ്ട്.

കഴിഞ്ഞ ദിവസം വിവാഹിതരായ വൈഷ്ണവിന്റേയും ഫാത്തിമത്ത് ഫിദയുടേയും ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുദേവ വചനത്തിന് മുന്നിൽ ഇരുവരും വിവാഹിതരായി നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മതം മാറാതെ വിവാഹിതരാകാം എന്ന് തെളിയിച്ചിരിക്കുകയാണ് ഇരുവരും. തട്ടമിട്ടുതന്നെ വിവാഹവേഷത്തിൽ നിൽക്കുന്ന വധുവിന്റെയും കുറിതൊട്ട്, മാലയിട്ട് നിൽക്കുന്ന വരന്റേയും ഗുരുവചനത്തിന് കീഴെ നിൽക്കുന്ന ചിത്രം വന്നതോടെ തന്നെ അതൊരു വലിയ സന്ദേശമായി സോഷ്യൽ മീഡിയ ഏറ്റെടുത്തു.

അവളുടെ തലയിലെ തട്ടമോ, അവന്റെ നെറ്റിയിലെ ചന്ദനമോ, കണ്ടിട്ടല്ല...അവരുടെ ഉള്ളിലെ മതേതര കാഴ്ചപ്പാടുകളെയാണ് ഇഷ്ടപ്പെടുന്നത്. പ്രിയ സുഹ്രത്ത് വൈഷ്ണവിനും ഫാത്തിമത്ത്ഫിദയ്ക്കും മംഗളാശംസകൾ... എന്ന് വ്യക്തമാക്കി കൂട്ടുകാർ ഇട്ട വിവാഹചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

അങ്ങോട്ടുമിങ്ങോട്ടും മതം മാറുന്നതെന്തിനെന്നും അവർ ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ചുകൊണ്ടുതന്നെ ഒരുമിച്ച് ജീവിക്കട്ടെയെന്നും അഭിപ്രായവുമായി നിരവധി പേരാണ് വിഷ്ണുവിനേയും ഫാത്തിമയേയും അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. തട്ടമിട്ട്, വരണമാല്യമണിഞ്ഞ് വരനോടൊപ്പം നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.

'മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവചനം കുറിച്ച ബോർഡിന് താഴെ ഇവർ നിൽക്കുന്ന ചിത്രമാണ് സമൂഹം ചർച്ചയാക്കുന്നത്. ലൗജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സജീവ ചർച്ചയാകുന്നതിനിടെ ഈ വിവാഹവും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

ഹാദിയ കേസിൽ സംഘപരിവാറും എസ്ഡിപിഐയും രണ്ടു ചേരിയിൽ നിന്ന് സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഈ മതേതര വിവാഹം നെഞ്ചേറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ. വരനും വധുവും അവരവരുടെ മതങ്ങളിൽ വിശ്വസിച്ചുകൊണ്ട് വിവാഹിതരായി എന്നതുതന്നെയാണ് ഈ ചർച്ചയുടെ കാതൽ. സ്വന്തം മതങ്ങളിൽ വിശ്വസിച്ചുകൊണ്ടുതന്നെ രണ്ടുപേർക്ക് പ്രേമിക്കാമെന്നും വിവാഹം കഴിക്കാമെന്നുമുള്ള മനോഹര സന്ദേശമായി ഈ വിവാഹത്തെ എല്ലാവരും നോക്കിക്കാണുന്നു.

ഹിന്ദു പെൺകുട്ടികളെ സ്‌നേഹിച്ച് ഇസ്‌ളാം മതത്തിലേക്ക് ആകർഷിക്കുകയും മതംമാറ്റി വിവാഹം ചെയ്തശേഷം ഐഎസ് അംഗങ്ങളാക്കി മാറ്റുകയും ചെയ്യുന്നുവെന്ന നിരവധി ആക്ഷേപങ്ങൾ ഉണ്ടാവുന്നതിനിടെ ഈ വിവാഹം ചർച്ചയാവുന്നു.

ഇഷ്ടമുള്ള പുരുഷനെ സ്വീകരിച്ച ശേഷവും തട്ടിമിട്ടുതന്നെ.. സിന്ദൂരം അണിയാതെ തന്നെ ഫാത്തിമ നിൽക്കുന്നു എന്ന വിഷയം ചർച്ചയാക്കുകയാണ് സോഷ്യൽമീഡിയ. ഈ മതേതര സ്‌നേഹത്തെ.. പരിണയത്തെ പുകഴ്‌ത്തുകയാണ് ഈ നവദമ്പതികളെ അറിയാത്തവർ പോലും. ..