അബുദാബി: അബുദാബി ശക്തി തിയേറ്റേഴ്‌സ്  അബുദാബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച കാവ്യസായാഹ്നത്തിൽ തന്റെ കവിതകളിലൂടെ ജീവിതാനുഭവങ്ങൾ സദസ്സുമായ് പങ്കുവച്ചു. മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളായ പവിത്രൻ തീക്കുനി തന്റെ കൗമാര യൗവ്വനാനുഭവങ്ങൾ തുറന്നു പറഞ്ഞു. ഉപജീവനത്തിനായി താൻ സഞ്ചരിച്ച വഴികൾ തീർത്തും തിക്താനുഭവങ്ങൾ നിറഞ്ഞതായിരുന്നു എന്നും, അനുഭവങ്ങളിൽ നിന്നും എഴുതേണ്ടി വന്നിട്ടുള്ള ഒരാൾ എന്ന നിലയിൽ ജീവിതത്തെ പകർത്തിവെയ്ക്കാൻ തനിക്ക് കിട്ടിയ ഏറ്റവും ഉചിതമായ മാദ്ധ്യമം  കവിതയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കഥയിലൂടെയാണ് സാഹിത്യത്തിലേക്ക് വന്നതെങ്കിലും അത് തന്റെ മേഖലയല്ലെന്നുള്ള തിരിച്ചറിവിൽ നിന്ന് കവിതയിലേക്ക് ചേക്കേറുകയായിരുന്നു.

ജീവിതത്തിൽ തിക്താനുഭവങ്ങൾ നേരിട്ട ഒരു ഘട്ടത്തിൽ ഭൂമിയിലെ പൊറുതി മതിയാക്കാൻ തീരുമാനിച്ച് കുടുംബസമേതം റെയിൽവേട്രാക്കിൽ കിടന്നൊരാൾ ഒരു വായനാപ്രേമി നൽകിയ തന്റെ പുസ്തകത്തിന്റെ വിലയിൽ പിടിച്ചുതൂങ്ങി ജീവിതത്തിലേക്ക് പയ്യെ തിരിച്ചെത്തിയ കഥ ഏറെ ആർദ്രമായാണ് സദസ്സ് കേട്ടിരുന്നത്. ആ മനുഷ്യമുഖം ഇന്നും നന്ദിയോടെ കവി ഓർക്കുന്നു. തന്റെ പതിനെട്ടാമത്തെ വയസ്സിൽ എഴുതിയ പുതിയ ചരിത്രമെന്ന കവിത സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ അപനിർമ്മിതികളെ വിഷയമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.



ഒരുമയോടെ ഊഞ്ഞാലാടിയും മാമ്പഴം പെറുക്കിയും പുള്ളിക്കുടയും ചൂടി പള്ളിക്കൂടത്തിൽ പോയ നാം തുമ്പിയെ തൊട്ടതും ആമ്പലിറുത്തതും ഒന്നായിട്ടായിരുന്നു.പിന്നീട് പള്ളിക്കവലയിൽ അമ്പലവീഥിയിൽ എങ്ങനെയാണ് നമ്മൾ രണ്ടായത് എന്ന കവിയുടെ ചോദ്യം വർത്തമാനകാല സാമൂഹ്യചുറ്റുപാടിനെ കൊളുത്തിവലിക്കുന്ന ഒന്നായിരുന്നു. സാഹിത്യപ്രവർത്തനങ്ങളെ താൻ കാണുന്നത് രാഷ്ട്രീയ പ്രവർത്തനമായിട്ടാണെന്നും അതുകൊണ്ട് കവിതകൾ മനുഷ്യപക്ഷത്ത് നിൽക്കുന്നതായിരിക്കണമെന്നും പവിത്രൻ തീക്കുനി അഭിപ്രായപ്പെട്ടു. നന്മയുടെ പക്ഷത്തു നിൽകുന്ന ഏതാനും ചില കവിതകൾ അദേഹം ആലപ്പിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ സലീം ചോലമുകത്ത്, ഹർഷൻ കൊയിലാണ്ടി, പ്രദീപ്, കെ.കെ.ശ്രീ. പീലികോട്, നിഷാം, അനിതറഫീക്ക്, നന്ദന, സഫറുള്ള പലാപ്പെട്ടി, ദാനേഷ് തുടങ്ങിയവർ പക്കെടുത്തു.

ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റെ  അധ്യക്ഷതയിൽ ചേർന്ന കാവ്യസായാഹ്നത്തിൽ സാഹിത്യവിഭാഗം സെക്രട്ടറി ജമാൽ മൂക്കുതല  പവിത്രൻ തീക്കുനിയെ സദസ്സിനു പരിജയപ്പെടുത്തി. തുടർന്ന് ബിൻസ്സാ താജുദീൻ, ചിത്രാ ശ്രീവത്സൻ കവിയുടെ കവിതകൾ ആലപ്പിച്ചു. ജനറൽ സെക്രട്ടറി ഗോവിന്ദൻ നമ്പൂതിരി പവിത്രൻ തീക്കുനിക്ക്  'ശക്തി'യുടെ സ്‌നേഹോപഹാരം സമ്മാനിച്ചു. സാഹിത്യവിഭാഗം ജോയിന്റ് സെക്രട്ടറി സുനിൽ ഇ.പി നന്ദി രേഖപ്പെടുത്തി.