മെൽബൺ: ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 1.75 ശതമാനത്തിൽ പലിശ നിരക്ക് എത്തിച്ച റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഉടൻ തന്നെ മറ്റൊരു പലിശ വെട്ടിക്കുറയ്ക്കലിന് സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഓഗസ്റ്റിന് മുമ്പ് വീണ്ടും പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ആർബിഎ വ്യക്തമാക്കിയിരിക്കുന്നത്. വേതനവ്യവസ്ഥ, നാണ്യപ്പെരുപ്പം തുടങ്ങിയവയിൽ വ്യതിയാനം അനുഭവപ്പെടാതിരിക്കുകയും ഹൗസിങ് മാർക്കറ്റിൽ മാന്ദ്യം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പലിശ നിരക്ക് ഇനിയും കുറയ്ക്കുമെന്നാണ് ആർബിഎ വെളിപ്പെടുത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച ചേർന്ന ബാങ്കിന്റെ മണിട്ടറി കമ്മിറ്റിയാണ് രണ്ടു ശതമാനത്തിൽ നിന്ന് 1.75 ശതമാനമായി പലിശ നിരക്ക് കുറച്ചത്. അതേസമയം പലിശ നിരക്കിൽ കുറവു വരുത്തിയത് സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലുള്ള ഉത്കണ്ഠ മൂലമല്ലെന്നും കൺസ്യൂമർ വിലകൾ അതിശയകരമായി താഴ്ന്നതിനാലാണെന്നുമാണ് ആർബിഎ വെളിപ്പെടുത്തിയിരിക്കുന്നത്. ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് (ജിഡിപി) ആർബിഎ പ്രതീക്ഷിച്ചതു പോലെ ഉയർന്നില്ലെന്നതും തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലെത്തിയതും പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ നിർബന്ധിതമാക്കി. അടുത്ത രണ്ടു വർഷത്തിനുള്ളിൽ മാത്രമേ തൊഴിലില്ലായ്മ താഴാൻ തുടങ്ങുകയുള്ളൂവെന്നാണ് ആർബിഎ കണക്കാക്കുന്നത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഏറെ വളർച്ചയ്‌ക്കോ തൊഴിലില്ലായ്മയ്‌ക്കോ വലിയ മാറ്റമൊന്നും ഉടനെയൊന്നും സംഭവിക്കില്ലെന്നാണ് ആർബിഎ കരുതുന്നത്. താഴ്ന്ന പലിശ നിരക്ക് ജിഡിപി വളർച്ചയെ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും വിലയിരുത്തുന്നു.
ചെറിയ തോതിലുള്ള ഇൻഫ്ലേഷൻ അതിന്റെ രണ്ട് മുതൽ മൂന്ന് ശതമാനം ടാർജറ്റ് ബാൻഡിൽ 2016ൽ ഉടനീളം നിലനിൽക്കുമെന്നാണ് ആർബിഎ പ്രതീക്ഷിക്കുന്നത്. അണ്ടർലൈയിങ് ഇൻഫ്ലേഷൻ ഈ വർഷം ഈ നിരക്കിലാണുണ്ടാവുകയെങ്കിലും അത് അടുത്ത രണ്ട് വർഷത്തിൽ1.5 ശതമാനം മുതൽ 2.5 ശതമാനം വരെ മാത്രമേ ഉയരുകയുള്ളുവെന്നും ആർബിഎയുടെ സ്റ്റേറ്റ്മെന്റിലൂടെ വ്യക്തമാക്കി.