മെൽബൺ: പലിശ നിരക്ക് 1.5 ശതമാനത്തിൽ തന്നെ നിലനിർത്തിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 1.5 ശതമാനം എന്നത് കഴിഞ്ഞ മാസത്തെ യോഗത്തിലാണ് റിസർവ് ബാങ്ക് കൈക്കൊണ്ടത്. അതുകൊണ്ടു തന്നെ ഉടനെയൊരു നിരക്ക് വെട്ടിച്ചുരുക്കൽ ആരും പ്രതീക്ഷിച്ചിരുന്നുമില്ല. ഓഗസ്റ്റ് മാസത്തെ യോഗത്തിൽ 25 പോയിന്റ് കുറച്ചാണ് ഒന്നര ശതമാനം എന്ന നിലയിൽ പലിശ നിരക്ക് എത്തിച്ചത്. ഇതിനു മുമ്പ് മെയ്‌ മാസത്തിലായിരുന്നു പലിശ നിരക്ക് രണ്ടു ശതമാനത്തിൽ നിന്ന് 1.75 ശതമാനമാക്കി കുറച്ചത്.

അതേസമയം റിസർവ് ബാങ്ക് നിശ്ചയിച്ച പലിശ വെട്ടിച്ചുരുക്കലിന്റെ പ്രയോജനം ബാങ്കുകൾ ഉപയോക്താക്കൾക്ക് എത്തിക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പലിശ നിരക്ക് ഒന്നര ശതമാനമായിട്ടും അതിന്റെ ഗുണഭോക്താക്കളാകാൻ മോർട്ട്‌ഗേജ് കസ്റ്റമേഴ്‌സിനു സാധിക്കുന്നില്ല എന്ന വിമർശനം റിസർവ് ബാങ്ക് ഗവർണർ ഗ്ലെൻ സ്റ്റീവൻസും നടത്തിയിരുന്നു.

സെപ്റ്റംബറിലെ മണിട്ടറി യോഗത്തിൽ പലിശ നിരക്കിൽ മാറ്റമുണ്ടാകുമെന്ന് രാജ്യത്തെ ഒന്നാം നിരയിലുള്ള 26 സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിച്ചിരുന്നില്ല. റിസർവ് ബാങ്കിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ഡോളർ വില നേരിയ തോതിൽ ഉയർന്ന് 76.2 യുഎസ് സെന്റിലെത്തിയിരുന്നു. പലിശ നിരക്ക് ചരിത്രത്തിലെ താഴ്ന്ന നിലയിൽ ആയിരിക്കുന്ന ഹൗസിങ് മാർക്കറ്റിലെ പ്രതിസന്ധികളെ കുറയ്ക്കാൻ സാധിച്ചതായും വിലയിരുത്തലുണ്ട്.

ദുർബലമായ ഓസ്‌ട്രേലിയൻ സമ്പദ് ഘടനയ്ക്ക് കരുത്തുപകരുന്നതിനാണ് റിസർവ് ബാങ്ക് പലിശ നിരക്കിൽ വെട്ടിച്ചുരുക്കലുകൾ നടത്തുന്നത്. ഹൗസിങ് മാർക്കറ്റിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതും തൊഴിലില്ലായ്മ നിരക്ക് വർധിച്ചുവരുന്നതുമെല്ലാം രാജ്യത്തിന്റെ സമ്പദ് ഘടനയെ വല്ലാതെ ബാധിച്ചിരുന്നു.