മെൽബൺ: പ്രതീക്ഷിച്ചതു പോലെ തന്നെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ ഓസ്‌ട്രേലിയ പ്രസ്താവനയിറക്കി. ചരിത്രത്തിലെ താഴ്ന്ന നിരക്കായ 1.75 ശതമാനം തന്നെ നിലനിർത്തിയാണ് റിസർവ് ബാങ്ക് മണിട്ടറി യോഗം പിരിഞ്ഞത്. പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ലെന്ന വാർത്ത ഓസ്‌ട്രേലിയൻ ഡോളർ വിലയിൽ കുതിച്ചു ചാട്ടത്തിന് ഇടയാക്കി. 74.2 യുഎസ് സെന്റിന് ഓസ്‌ട്രേലിയൻ ഡോളർ വ്യാപാരം തുടങ്ങി.

ആഗോള സാമ്പത്തിക വിപണി വളർച്ചയുടെ പാതയിലാണെന്നും ഓസ്‌ട്രേലിയയിലും അതിന്റെ പ്രതിഫലനം കാണുന്നുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ഗ്ലെൻ സ്റ്റീവൻസ് വ്യക്തമാക്കി. ബിസിനസ് ഇൻവെസ്റ്റുമെന്റിൽ നേരിയ ഇടിവ് കാണുന്നുണ്ടെന്നും കയറ്റുമതി ഉൾപ്പെടെയുള്ള മറ്റു മേഖലകളിൽ ശരാശരിയിലും കൂടുതൽ വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

നാണ്യച്ചുരുക്കത്തെ കുറിച്ചുള്ള ഭയാശങ്കകൾക്കിടയിൽ 25 പോയിന്റെ കുറച്ചു കൊണ്ടാണ് കഴിഞ്ഞ മാസം റിസർവ് ബാങ്ക് പലിശ നിരക്ക് പ്രഖ്യാപിച്ചത്. അതോടെ പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 1.75 ശതമാനത്തിലെത്തുകയും ചെയ്തു. ഈ മാസവും നാണ്യപ്പെരുപ്പം താരതമ്യേന കുറവാണെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്. വിപണിയിലെ ചില ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി ഇനി പലിശ നിരക്ക് ഏതാനും മാസം ഇങ്ങനെ തന്നെ തുടരുമെന്നാണ് ഗ്ലെൻ സ്റ്റീവൻസ് പറയുന്നത്.

പലിശ നിരക്കിൽ മാറ്റമൊന്നുമില്ലെന്നുള്ള വാർത്തയെ തുടർന്ന് ഓസ്‌ട്രേലിയൻ ഡോളർ വിലയിൽ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. 73.7 യുഎസ് സെന്റിന് ട്രേഡിങ് ആരംഭിച്ച ഡോളർ പിന്നീട് 74.2 യുഎസ് സെന്റിലേക്ക് കുതിച്ചുയർന്നു. അതേസമയം ആദ്യപാദത്തിലെ സാമ്പത്തിക വളർച്ച പ്രതീക്ഷച്ചിലും കൂടുതലായതിനാൽ പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തില്ലെന്നു തന്നെയായിരുന്നു സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചത്. എന്നാൽ ഓഗസ്റ്റ് മാസം ഇനിയും പലിശ നിരക്കിൽ വെട്ടിച്ചുരുക്കൽ നടത്തുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ജൂലൈ മാസത്തിൽ നാണ്യപ്പെരുപ്പ നിരക്ക് പരിശോധിച്ച ശേഷം ഓഗസ്റ്റിൽ ഇനിയും പലിശ നിരക്ക് കുറയും.

പലിശ നിരക്ക് പഴയതുപോലെ തന്നെ നിലനിർത്തിയത് വീടുവിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. പലിശ നിരക്ക് 1.75 ശതമാനത്തിൽ തന്നെ തുടരുന്നതിനാൽ വീടു വില ഇനിയും കൂടിയേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.