മെൽബൺ: തുടർച്ചയായി പതിനൊന്നാം മാസവും റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് രണ്ടു ശതമാനത്തിൽ തന്നെ നിലനിർത്തി. ഡോളർ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാത്ത സാഹചര്യത്തിൽ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനോ വർധിപ്പിക്കാനോ ആർബിഎ തയാറായില്ല. 2015 മെയ്‌ മാസം രണ്ടു ശതമാനത്തിലേക്ക് പലിശ നിരക്ക് കുറച്ചത് 2016 ഏപ്രിൽ മാസത്തിലും അതേ നിരക്കിൽ തന്നെ നിലനിർത്തുകയാണ്.

അതേസമയം പലിശ നിരക്കിൽ മാറ്റമൊന്നും വരുത്താത്തത് സാമ്പത്തിക വിദഗ്ധരെ അത്ഭുതപ്പെടുത്തിയിട്ടില്ല. ബ്ലൂംബർഗ് സർവേയിൽ പങ്കെടുത്ത 26 സാമ്പത്തിക വിദഗ്ധരും ഇതു തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്ത മാസം പലിശ നിരക്കിൽ ഇടിവു സംഭവിച്ചേക്കാമെന്ന് സാമ്പത്തിക രംഗത്തുള്ള മൂന്നിലൊന്നു പേർ പ്രവചിക്കുന്നുണ്ട്. അതേസമയം പലിശ നിരക്കിൽ ഓഗസ്റ്റിൽ കുറവ് വരുമെന്ന് 50 ശതമാനം പേരും വിശ്വസിക്കുന്നു.

എന്നാൽ സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഗവർണർ ഗ്ലെൻ സ്റ്റീവ്‌സിന്റെ പ്രഖ്യാപനം. ഓസ്‌ട്രേലിയൻ ഡോളർ ശക്തിപ്രാപിക്കുന്ന സാഹചര്യം എത്തിയാൽ വീണ്ടും പലിശ നിരക്ക് കുറയ്ക്കാമെന്ന് ആർബിഎ ഗവർണർ ചൂണ്ടിക്കാണിക്കുന്നത്. അടുത്തിടെ ഡോളർ നിരക്കിൽ നേരിയ വർധന വന്നുവെങ്കിലും അത് കമോദിറ്റി വിലയിൽ പ്രതിഫലിക്കുകയും ചെയ്തു.

എന്നാൽ രാജ്യത്തിന്റെ സമ്പദ് ഘടനയെ യാതൊരു വിധത്തിലും പിന്താങ്ങുന്നതല്ലായിരുന്നു ഈ വില വർധന. അത്തരമൊരു സാഹചര്യത്തിൽ പലിശ നിരക്ക് ഇനിയും കുറയ്ക്കാൻ സാധിക്കില്ലെന്നാണ് ഗവർണർ വ്യക്തമാക്കുന്നത്. അതേസമയം നാണ്യപ്പെരുപ്പത്തിൽ വരുന്ന വ്യതിയാനം അടുത്തൊരു നിരക്ക് വെട്ടിച്ചുരുക്കലിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മേയിൽ അത്തരത്തിലൊരു നീക്കം നടക്കാൻ സാധ്യതയില്ലാതില്ല.