മെൽബൺ: പ്രവചനങ്ങൾക്ക് സാക്ഷാത്ക്കരിക്കപ്പെട്ടതു പോലെയായി ഓസ്‌ട്രേലിയൻ പലിശ നിരക്കിന്റെ കാര്യം. 25 പോയിന്റെ കുറച്ച് പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. മെയ്‌ മാസത്തിൽ 1.75 ശതമാനമായി വെട്ടിക്കുറച്ച് പലിശ നിരക്ക് ഇപ്പോൾ 1.5 ശതമാനത്തിലെത്തി നിൽക്കുന്നു.

വളരെ ദുർബലമായ കൺസ്യൂമർ പ്രൈസ് ഉയർത്താനുള്ള റിസർവ് ബാങ്കിന്റെ ശ്രമഫലമായാണ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ശതമാനമാണ് കൺസ്യൂമർ പ്രൈസ് വർധിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് ലക്ഷ്യം വച്ചിരുന്ന രണ്ടു മുതൽ മൂന്നു ശതമാനം വരെയുള്ള വളർച്ച കൈവരിക്കാൻ സാധിക്കാതെ പോയതാണ് പലിശ നിരക്ക് 25 പോയിന്റ് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊള്ളാൻ പ്രധാനകാരണം.

പലിശ നിരക്കിൽ വെട്ടിച്ചുരുക്കൽ വരുത്തിയതോടെ ഓസ്‌ട്രേലിയൻ ഡോളർ അര സെന്റ് ശക്തിപ്രാപിക്കുകയായിരുന്നു. പലിശ നിരക്ക് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയൻ ഡോളർ വില 75.25 യുഎസ് സെന്റായിരുന്നു. ആർബിഎ തീരുമാനം മറ്റൊന്നായിരുന്നുവെങ്കിൽ കറൻസി വില വീണ്ടും ഇടിഞ്ഞേനെ എന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഈ വർഷം പലിശ നിരക്കിൽ ഇനിയും വെട്ടിക്കുറയ്ക്കൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശ നിരക്ക് ഒരു ശതമാനമോ അതിലും താഴെയോ ആകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഒന്നര ശതമാനം പലിശ നിരക്ക് എന്നുള്ളത് ഈ വർഷം തുടരുമെന്നും 2017 ആദ്യ പകുതിക്കു മുമ്പ് രണ്ടു തവണ പലിശ നിരക്കിൽ ഇളവുകൾ ഉണ്ടാകുമെന്നും ജെപി മോർഗനിലെ സാലി ഔൾഡ് വെളിപ്പെടുത്തുന്നു.

പലിശ നിരക്ക് കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉപയോക്താക്കൾ തങ്ങളുടെ നിലവിലുള്ള ഹോം ലോൺ വിലയിരുത്തണമെന്നും നിർദേശമുണ്ട്. 4.93 ശതമാനത്തിൽ സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റിൽ മൂന്നു ലക്ഷം ഡോളറിന്റെ മോർട്ട്‌ഗേജ് എടുത്തിട്ടുള്ളവർക്ക് പലിശ നിരക്കിൽ 0.25 ശതമാനത്തിന്റെ ഡിസ്‌ക്കൗണ്ട് ലഭ്യമായിട്ടുണ്ടോ എന്നു പരിശോധിക്കണം. തത്ഫലമായി പ്രതിമാസം 50 ഡോളറിന്റെ ലാഭം നിങ്ങൾക്കു ലഭിക്കുകയും ചെയ്യും.


ആർബിഎ പലിശ നിരക്ക് വെട്ടിക്കുറച്ചതിന് പിന്നാലെ കോമൺവെൽത്ത് ബാങ്കും അതിന്റെ നിരക്കിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. 13 പോയിന്റാണ് കോമൺവെൽത്ത് ബാങ്ക് കുറച്ചിരിക്കുന്നത്.