മെൽബൺ: നാണ്യച്ചുരുക്കത്തെ നേരിടുന്നതിനും സമ്പദ് വ്യവസ്ഥയെ കൈപിടിച്ച് ഉയർത്തുന്നതിനുമായി റിസർവ് ബാങ്ക് പലിശ നിരക്ക് ഒരു ശതമാനമോ അതിലും താഴെയോ ആക്കി കുറയ്ക്കുമെന്ന് ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ജെ പി മോർഗൻ. മെയ്‌ മാസത്തിലെ മണിട്ടറി യോഗത്തിൽ 0.25 ശതമാനം കുറച്ച് പലിശ നിരക്ക് 1.75 ശതമാനത്തിലെത്തിച്ച റിസർവ് ബാങ്ക് ഈ വർഷം അവസാനത്തോടെ അത് 25 പോയിന്റുകൾ കൂടി കുറച്ച് 1.5 ശതമാനത്തിലെത്തിക്കുമെന്നാണ് ജെ പി മാർഗൻ പ്രവചിക്കന്നത്. വീണ്ടും 50 പോയിന്റുകൾ കുറച്ച് പലിശ നിരക്ക് അടുത്ത വർഷം ജൂണോടു കൂടി ഒരു ശതമാനത്തിലെത്തുമെന്നും ജെ പി മോർഗൻ പ്രവചിക്കുന്നു.

എന്നാൽ ഒരു ശതമാനത്തിലാക്കി പലിശ നിരക്ക് നിർത്തില്ലെന്നും റിസർവ് ബാങ്കിന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ജിഡിപി മൂന്നു ശതമാനത്തിലെത്തിയില്ലെങ്കിൽ വീണ്ടും പലിശ നിരക്കിൽ കുറവു വരുത്തുമെന്നാണ് ജെ പി മോർഗനിലെ സാലി ഔൾഡ് വെളിപ്പെടുത്തുന്നത്. മെയ്‌ ആദ്യവാരം പലിശ നിരക്ക് 1.75 ശതമാനമാക്കി കുറച്ചുവെങ്കിലും നാണ്യപ്പെരുപ്പം 1.5 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മൂന്നു ശതമാനമായി നാണ്യപ്പെരുപ്പം നിലനിർത്തണമെന്ന് ആർബിഎയുടെ ശ്രമങ്ങളെല്ലാം പാഴാകുന്ന വിധത്തിലായിരുന്നു വിപണി പ്രതികരിച്ചത്.

വേതന വളർച്ചയിലുള്ള മാന്ദ്യമാണ് നാണ്യച്ചുരുക്കത്തിലേക്ക് നയിക്കുന്നതെന്നാണ് ഡോ. ഔൾഡ് വിലയിരുത്തുന്നത്. നാണ്യപ്പെരുപ്പം മെയ്‌ മാസത്തിലും കുറയുമെന്നു തന്നെയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നാണ്യച്ചുരുക്കം ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിടിവിലേക്കും നയിക്കും. ഈ വർഷം അവസാനത്തോടു കൂടി ഡോളർ വില 70 യുഎസ് സെന്റിലെത്തുമെന്നും 2017 ജൂണോടു കൂടി ഇത് 65 യുഎസ് സെന്റിലെത്തുമെന്നും ജെ പി മോർഗൻ റിസർച്ച് വ്യക്തമാക്കുന്നു.