ദുബായ്: വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഫെബ്രുവരി 23 മുതൽ പിസിആർ പരിശോധന നിർബന്ധം. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും, ബ്രിട്ടൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർദ്ദേശം ബാധകമാണ്. തിങ്കളാഴ്ച രാത്രി മുതൽ നിയമം പ്രാബല്യത്തിൽ വരും.

കുട്ടികളടക്കം പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ന്യൂഡൽഹി എയർപോർട്ട് ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നാട്ടിൽ എത്തുന്നവരെ മാത്രമേ പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കുകയുള്ളു. ഇവർ എയർസുവിധയിൽ കുറഞ്ഞത് 72 മണിക്കൂർ മുൻപ് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം.

അതേസമയം യുഎഇയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 2105 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 3355 പേർ രോഗമുക്തി നേടി. 15 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.