തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ); നവ്ധാന്യ ( ഡെഹ്‌റാഡൂൺ ); ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ് ആർ ഐ); ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷൻ ( ഐ സി എഫ് ആർ ഇ , ഡെഹ്‌റാഡൂൺ); വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ( ഡബ്‌ള്യു ഐ ഐ , ഡെഹ്‌റാഡൂൺ); ഉത്തരാഖണ്ഡ് ബയോ ഡൈവേഴ്‌സിറ്റി ബോർഡ് ; ഉത്തരാഖണ്ഡ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ്സിന് (ഐ ബി സി 2018 ) ഒക്ടോബർ നാലിന് ഡെഹ്റാഡൂണിൽ തുടക്കമാകും. സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് പരിപാടി ഉദ് ഘാടനം ചെയ്യും.

2018 ഒക്ടോബർ 4 മുതൽ 6 വരെ ഡെഹ്‌റാഡൂൺ വന ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന കോൺഗ്രസിൽ 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 700 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 50 ഓളം വിദേശ പ്രതിനിധികളും ഉണ്ടാകും. 'ജൈവവൈവിധ്യം പാരിസ്ഥിതിക നാഗരികതയ്ക്ക്' എന്ന വിഷയത്തെ അധികരിച്ചുള്ള ചർച്ചകൾ കോൺഗ്രസ്സിൽ നടക്കും.

പാരിസ്ഥിതിക നാഗരികത സൃഷ്ടിച്ചുകൊണ്ടേ ജൈവവൈവിധ്യം സംരക്ഷിക്കാനാവൂ. അതിന് ആഴത്തിലുള്ള പാരിസ്ഥിതിക ചിന്തയും ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധവും ലോകത്തെ ഒറ്റ കുടുംബമായി കാണുന്ന വസുധൈവ കുടുംബകം എന്ന ദർശനവും ഉണ്ടാവണം. ഉത്തരാഖണ്ഡ് വനം വകുപ്പ് മന്ത്രി ഹരഖ് സിങ്ങ് റാവത്ത് ചടങ്ങിൽ മുഖ്യാതിഥിയാവും. മുൻ വിദേശ കാര്യ സെക്രട്ടറിയും കേന്ദ്ര കാലാവസ്ഥാവ്യതിയാന സ്പെഷ്യൽ എൻവോയിയുമായ ശ്യാം ശരൺ മുഖ്യ പ്രഭാഷണം നടത്തും.

'ജൈവവൈവിധ്യ ഓർഗാനിക് ഹിമാലയ' എന്ന ക്യാമ്പയിന് ഉദ്ഘാടന വേദിയിൽ തുടക്കം കുറിക്കും. ഓർഗാനിക് മുന്നേറ്റത്തിന്റെ ആഗോള അംബാസഡറായ സിക്കിം മുഖ്യമന്ത്രിക്കൊപ്പം ഹിമാലയം, ലഡാക്ക്, ഹിമാചൽ പ്രദേശ് , സിക്കിം, മണിപ്പൂർ, അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ വിത്ത് സംരക്ഷകരും ഓർഗാനിക് ഉൽപ്പാദകരുമെല്ലാം ചടങ്ങിൽ പങ്കെടുക്കും. ഓർഗാനിക് കൃഷി രീതികളിൽ സിക്കിം മുന്നോട്ടുവയ്ക്കുന്ന മാതൃക പിന്തുടരാൻ ഹിമാലയൻ മേഖലയിലെ മറ്റു സംസ്ഥാനങ്ങൾക്കും പ്രചോദനം നൽകുകയാണ് ക്യാമ്പയിനിന്റെ ഉദ്ദേശ്യം.
ഒക്ടോബർ 6 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യാതിഥിയാവും. മധ്യപ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി അർച്ചന ചിറ്റ്‌നിസ് പ്രത്യേക പ്രഭാഷണം നടത്തും. സിക്കിം മുൻ ഗവർണറും മുൻ പരിസ്ഥിതി സെക്രട്ടറിയുമായ ബി പി സിങ്ങിനെ 'ഗസ്റ്റ് ഓഫ് ഓണർ' ആയി ചടങ്ങിൽ ആദരിക്കും. അദ്ദേഹം പരിസ്ഥിതി സെക്രട്ടറിയായിരുന്ന കാലത്താണ് ദേശീയ ജൈവവൈവിധ്യ നിയമം നിലവിൽ വരുന്നത്.

വ്യത്യസ്ത സെഷനുകളിലായി ജൈവവൈവിധ്യം: വെല്ലുവിളികളും വരുംകാല മാർഗവും; ജൈവവൈവിധ്യ സംരക്ഷണത്തിന്റെ നിയമപരമായ ചട്ടക്കൂടുകൾ; പരിസ്ഥിതി ലോല പർവതാവാസ വ്യവസ്ഥയുടെ സംരക്ഷണം; ഭക്ഷണം, പോഷണം, ആരോഗ്യം; കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ആരോഗ്യവും; പാരിസ്ഥിതിക നാഗരികതയ്ക്ക് വസുധൈവ കുടുംബകം എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള സംവാദങ്ങൾ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ജൈവ വൈവിധ്യ വിദഗ്ദ്ധർ പങ്കെടുക്കുന്ന 27 പാനൽ ചർച്ചകൾ ഉണ്ടാകും.

നറ്റെ കുനസ്റ്റ് ( മുൻ ഭക്ഷ്യ കാർഷിക ഉപഭോക്തൃ സംരക്ഷണ വകുപ്പ് മന്ത്രി , ജർമനി ); ആന്ദ്രേ ലിയൂ ( ഇന്റർനാഷണൽ ഡയറക്ടർ, റീജനറേഷൻ ഇന്റർനാഷണൽ, ക്വീൻസ് ലാൻഡ് , ആസ്ത്രേലിയ ); ഡോ. ജെയിംസ് ബുക്കാനൻ ( സേവിയർ സർവകലാശാല, യു എസ് എ ); ഡോ. കോൺറാഡ് ( പ്രൊജക്റ്റ് ഡയറക്ടർ, ജർമൻ സൊസൈറ്റി ഫോർ ഇന്റർനാഷണൽ കോ- ഓപ്പറേഷൻ ); ഡോ. വൈ.ബി മാഥൂർ (ഡയറക്ടർ, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , ഡെഹ്‌റാഡൂൺ ); കാർത്തികേയ സാരാഭായ് ( ഡയറക്ടർ, സെന്റർ ഫോർ എൻവയന്മെന്റ് എജുക്കേഷൻ , അഹമ്മദാബാദ് ); ഡോ. കെ വെങ്കട്ടരാമൻ ( സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ); ജ്യോത്സ്‌ന സിത്‌ലിങ് ( ജോയിന്റ് സെക്രട്ടറി , മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എൻട്രപ്രണർഷിപ് , ഇന്ത്യ); ഡോ. സഞ്ജയ് മോലുർ ( എക്‌സിക്യൂട്ടീവ് ഡയറക്ടർ , സൂ ഔട്ട് റീച് ഓർഗനൈസേഷൻ , കോയമ്പത്തൂർ); ഡോ . ബാലകൃഷ്ണ പിശുപതി ( ദേശീയ ജൈവവൈവിധ്യ അഥോറിറ്റി മുൻ ചെയർമാൻ ); ഡോ. എസ്. സി ഗെയ്‌രോള (ഡയറക്ടർ ജനറൽ, ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷൻ, ഡെഹ്‌റാഡൂൺ ); അമർജീത് അഹൂജ ( മുൻ ബയോ ഡൈവേഴ്‌സിറ്റി കൺവെൻഷൻ നെഗോഷിയേറ്റർ ); ഡോ . വന്ദന ശിവ (നവ്ധാന്യ , ന്യൂ ഡൽഹി ); റിട്ടയേഡ് ജസ്റ്റിസ് പ്രഭ ശ്രീദേവൻ ( ഇന്റലെക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ട്രിബ്യൂണൽ മുൻ ചെയർപേഴ്‌സൻ ); ഡോ. എം കെ രമേശ് (നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി, ബെംഗളൂരു); പ്രൊഫസർ ബിശ്വജിത് ധർ ( ജെ എൻ യു , ന്യൂ ഡൽഹി ); ഡോ. ആർ.വി വർമ ( കോ ചെയർ, എക്‌സ്‌പെർട്ട് കമ്മിറ്റി ഓൺ ആക്‌സസ് ആൻഡ് ബെനിഫിറ്റ് ഷെയറിങ്, എൻ ബി എ ); ഡോ. വി എസ് വിജയൻ (സാലിം അലി ഫൗണ്ടേഷൻ ,തൃശ്ശൂർ ) ഡോ . ആർ.എസ്. റവാൾ (ഡയറക്ടർ, ജി ബി പന്ത് ഇൻസ്റ്റിറ്റ്യൂട്ട് കോശി കത്ർമാൾ, അൽമോറ); ഡോ. ഓം പ്രകാശ് ചൗരസ്യ ( ഡയറക്ടർ, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ അൾട്ടിറ്റിയൂഡ് റിസർച്ച്,ലേ -ലഡാക് ); ഡോ. ജി ജി ഗംഗാധരൻ(ആയുർവേദാചാര്യ , ഡയറക്ടർ, രാമയ്യ ഇൻഡിക് സ്‌പെഷ്യാലിറ്റി ആയുർവേദ - റെസ്റ്റോറേഷൻ ഹോസ്പിറ്റൽ); ഡോ. മീര ശിവ ( കോ ഓർഡിനേറ്റർ , ഐ എച്ച് ഇ എസ്, ന്യൂ ഡൽഹി); ഡോ . ദേബ്ജനി റോയ് (ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ ആൻഡ് എൻ ബി എ സി ); ഡോ. എറക് ബറൂച്ച ( ഡയറക്ടർ, ഭാരതി വിദ്യാപീത്, പൂണെ ); ഡോ. ദീപക് ആപ്തെ (ഡയറക്ടർ , ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി); ഡോ. സേജൽ വോറ ( ഡബ്ല്യൂ ഡബ്ല്യൂ എഫ് - ഇന്ത്യ, ന്യൂ ഡൽഹി); ഡോ. എ ബിജുകുമാർ (ദീൻ, ഫാക്കൽറ്റി ഓഫ് സയൻസ്, കേരള സർവകലാശാല) എന്നിവർ പങ്കെടുക്കും.

ജൈവവൈവിധ്യവും പരിസ്ഥിതി സേവനങ്ങളും; നിയമ- അറിവ് സംവിധാനം; വെല്ലുവിളികളും പരിപാലന തന്ത്രങ്ങളും; കാർഷിക - ആവാസ വ്യവസ്ഥ; ഭക്ഷ്യ സുരക്ഷ എന്നീ വിഷയങ്ങളിലായി അഞ്ചു ടെക്‌നിക്കൽ സെഷനുകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. നൂറോളം പ്രതിനിധികൾ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നാനൂറോളം പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നുണ്ട് .
ദേശീയ- അന്തർ ദേശീയ തലങ്ങളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകും വിധം പാരിസ്ഥിതിക നാഗരികതയിലേക്ക് ചുവടുവെക്കാനും ജൈവവൈവിധ്യ സംരക്ഷണ പദ്ധതികൾ പ്രാവർത്തികമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി സിവിൽ സമൂഹ സംഘടനകൾ, കർഷകർ തുടങ്ങി ജൈവവൈവിധ്യ സംരക്ഷണത്തിൽ പങ്കാളികളായ വിവിധ ജന വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നിരവധി സംവാദങ്ങൾ കോൺഗ്രസ്സിന്റെ ഭാഗമായി നടക്കും.

കോൺഗ്രസ്സിൽ പങ്കാളികളാവുന്ന ശാസ്ത്രജ്ഞരുടെ വിപുലമായ നെറ്റ് വർക്ക് രൂപപ്പെടും. ഇതിലൂടെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ വ്യത്യസ്ത ജന വിഭാഗങ്ങളെ കണ്ണിചേർത്ത് ജൈവ വൈവിധ്യ സംരക്ഷണം പാരിസ്ഥിതിക നാഗരികതക്ക് എന്ന ദർശനത്തെ വലിയ തോതിൽ പ്രചരിപ്പിക്കാനും മുന്നോട്ടു നയിക്കാനും സഹായകമാവും.
വനഗവേഷണ കേന്ദ്രം ക്യാംപസിൽ നടക്കുന്ന ജൈവവൈവിധ്യ പ്രദർശനം രാജ്യത്തെ സമ്പന്നമായ ജൈവവൈവിധ്യ പാരമ്പര്യത്തെ അവതരിപ്പിക്കും. സമ്പദ് വ്യവസ്ഥ, പാരിസ്ഥിതിക സേവനങ്ങൾ, കലാവിജ്ഞാനീയം , സാംസ്‌കാരിക പരിണാമം എന്നിവയുടെ പരസ്പരാശ്രിതത്വം കോൺഗ്രസിലൂടെ വെളിവാകും. 'വാഴപ്പഴ വൈവിധ്യം' (ഡൈവേഴ്‌സിറ്റി ഓഫ് ബനാന) , 'കന്നുകാലി വൈവിധ്യം' ( കേറ്റിൽ ഡൈവേഴ്‌സിറ്റി) എന്നിവയിൽ രണ്ടു പ്രത്യേക പ്രദർശനങ്ങൾ സിസ്സ സംഘടിപ്പിക്കുന്നുണ്ട്.

ഭക്ഷ്യ വസ്തുക്കളിലും ജനറ്റിക് വിഭവങ്ങളിലും വർധിച്ചു വരുന്ന കോർപ്പറേറ്റുവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കളുടെയും കാർഷികരംഗത്തിന്റെയും ഭാവിയെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും കോൺഗ്രസ്സിൽ ഗൗരവപൂർവമായ ചർച്ചകൾ നടക്കും.

കോൺഗ്രസിന്റെ മുന്നോടിയായി ഡെഹ്റാഡൂണിലെ നവ് ധാന്യ ബയോ ഡൈവേഴ്‌സിറ്റി കൺസർവേഷൻ ഫാമിൽ ശക്തി: വനിതാ ജൈവവൈവിധ്യോത്സവം എന്ന പേരിൽ ഒരു മേളയും സംഘടിപ്പിക്കുന്നുണ്ട്. ' നമ്മുടെ ഭക്ഷണം, നമ്മുടെ സ്വാതന്ത്ര്യം ' എന്ന ആശയത്തെ അധികരിച്ചുള്ള മേളയുടെ ലക്ഷ്യം രാജ്യത്തിന്റെ കാർഷിക - ജൈവവൈവിധ്യ സംരക്ഷണത്തിലും ഭക്ഷണം , ആരോഗ്യം, പോഷണം എന്നിവയുടെ പരിപാലനത്തിലുമുള്ള സ്ത്രീകളുടെ പങ്ക് ഉയർത്തിക്കാട്ടുക എന്നതാണ്. കുട്ടികളുടെ ജൈവവൈവിധ്യ ഉച്ചകോടി യും ഇതോടൊപ്പം നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ജപ്പാനിൽ നിന്നുള്ള 50 കുട്ടികളും അടങ്ങിയ പാനൽ ജൈവവൈവിധ്യ രംഗത്തെ വിദഗ്ദ്ധരുമായി ആശയവിനിമയത്തിൽ ഏർപ്പെടും. 'ജൈവ വൈവിധ്യ സംരക്ഷത്തിന്റെ ഭാവി നേതൃത്വം' എന്ന പേരിലുള്ള ക്യാമ്പയിന് കോൺഗ്രസ്സിൽ വച്ച് കുട്ടികൾ തുടക്കം കുറിക്കും.