പെർത്ത്: കുട്ടികളുടെ ആശുപത്രിയായ പ്രിൻസസ് മാർഗരറ്റ് ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങളെ സഹായിക്കുവാനായി മലയാളി കൾചറൽ ഫോറം സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഡാൻസ് ഫെസ്റ്റിവൽ മാർച്ച് അഞ്ചിന് പെർത്തിൽ നടക്കുമെന്നു ഭാരവാഹികളായ സൂരജ് ടോമും ആദർശ് കാർത്തികേയനും അറിയിച്ചു.

വിവിധ രാജ്യങ്ങളിൽനിന്നു പെർത്തിലേക്കു കുടിയേറിയവരുടെ തനതു നൃത്ത ശില്പങ്ങൾ ഒരുമിച്ചു ഒരു വേദിയിൽ അണിനിരത്തുന്ന വ്യത്യസ്തതയാർന്ന പരിപാടിയിൽനിന്നു ലഭിക്കുന്ന മുഴുവൻ തുകയും ആശുപത്രിയുടെ ചാരിറ്റിക്കായി സംഭാവന ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

വൈകുന്നേരം ഏഴു മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന ഡാൻസ് ഫെസ്റ്റിവലിൽ ചൈനീസ്, റഷ്യൻ, സെർബിയൻ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, അബോർജിനൽ, നേപ്പാളീസ്, മെക്‌സിക്കൻ, ഇറ്റാലിയൻ, ശ്രീലങ്കൻ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ നൃത്തങ്ങൾക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത നൃത്തങ്ങളും ഹോളിവുഡ് ബോളിവുഡ് നൃത്തങ്ങളും അരങ്ങേറും.

നാലു പേർക്കായി 30 ഡോളറിന്റെ ഫാമിലി പാസും 10 ഡോളറിന്റെ വ്യക്തിഗത പാസുകളുമാണ് പ്രവേശനത്തിനായി ഒരുക്കിയിരിക്കുന്നത്. പ്രവേശന പാസുകൾ വാങ്ങുവാനാഗ്രിക്കുന്നവർ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നു പ്രോഗ്രാം ഡയറക്ടർമാരായ സോളമൻ ജേക്കബ്, ടിജു ജോർജ് സഖറിയ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: റോബിൻ ചാക്കോ 0432157222, ജയസങ്കർ 0406710122, രാജു 0431740022, സണ്ണി 0402311539, കെ.പി. ഷിബു 0412225674, അനിൽകുമാർ 0402313432, രാജീവ് ചന്ദ്രൻ 0424432420, സുധീഷ് നായർ 0400610460.