കൊച്ചി: ഓൾ ലൈറ്റ്‌സ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ ലൈറ്റ്‌സ് രാജ്യാന്തര ചലച്ചിത്രോത്സവവും ഇൻഡിവുഡ് ഫിലിം മാർക്കറ്റും നവംബർ 15 മുതൽ 19 വരെ കൊച്ചിയിൽ നടക്കും. നാലു ദിവസങ്ങളിലായി കൊച്ചിയിലെ സിനിപോളിസ് സെന്റർ സ്‌ക്വയർ മാൾ മുഖ്യ വേദിയാക്കി നടത്തുന്ന മേളയിൽ ഫീച്ചർ സിനിമ, ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററി, ഡോക്യുമെന്ററി ഫീച്ചർ വിഭാഗങ്ങളിലായി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ലോകസിനിമകളുടെ പ്രചാരണവും വിപണിയും ലക്ഷ്യമിട്ടുള്ള ചലച്ചിത്രമേളയിൽ ഏറ്റവും പുതിയ ചലച്ചിത്രങ്ങളായിരിക്കും പ്രദർശനത്തിനെത്തിക്കുക. മറുനാടൻ മലയാളിയാണ് ചലച്ചിത്രോത്സവത്തിന്റെ മീഡിയ പാർട്ണർ.

നവംബർ 16 മുതൽ 18 വരെ കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന ഇൻഡിവുഡ് ഫിലിം മാർക്കറ്റ് സിനിമാ വ്യവസായത്തിന്റെ അഭിവയോധികി ലക്ഷ്യമാക്കി വിഭാവനം ചെയ്തിട്ടുള്ളതാണ്. ചലച്ചിത്രങ്ങളുടെ ഉദ്പാദന വിതരണ വ്യവസ്ഥകൾ ലഘൂകരിക്കുക, ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് വിദേശ വിപണിയിൽ മതിയായ ഇടം ലഭ്യമാക്കുക, വിദേശ സിനിമകള്ക്ക് ഇന്ത്യൻ വിപണിയില് അർഹമായ പ്രചരണം സാധ്യമാക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളാണ് ഫിലിം മാര്ക്കറ്റിനുള്ളത്.

സിനിമകളുടെ മാർക്കറ്റ് സ്‌ക്രീനിങ്‌സ്, ചലച്ചിത്ര സെമിനാറുകൾ, പാനൽ ചർച്ചകൾ, ഫിലിം വർക് ഷോപ്പുകൾ, ഫിലിം ട്രെയ്ഡ് എക്‌സ്‌പോസ് തുടങ്ങി വിപുലമായ പരിപാടികളാണ് മാർക്കറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ഓൾ ലൈറ്റ്‌സ് ചലച്ചിത്ര മേളയ്ക്കും ഇൻഡിവുഡ് ഫിലിം മാർക്കറ്റിനും നവംബര് 15ന് വർണാഭമായ ചടങ്ങുകളോടെ തിരിതെളിയും.

പ്രോജക്ട് ഇൻഡിവുഡ് എന്ന മഹത്തായ ആശയത്തിന്റെ ഭാഗമായാണ് ഓൾ ലൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവവും ഇൻഡിവുഡ് ഫിലിം മാർക്കറ്റും ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രമുഖ സംവിധായകനും നിർമ്മാതാവുമായ സോഹൻ റോയി ആണ് പ്രോജക്ട് ഇൻഡിവുഡിന്റെ സൂത്രധാരൻ. ഭാഷയുടേയും സംസ്‌കാരത്തിന്റേയും ഭൂപ്രകൃതിയുടേയും അതിർ വരമ്പുകൾക്കുള്ളിൽ വിഭജിക്കപ്പെട്ടുകിടക്കുന്ന ഇന്ത്യൻ ചലച്ചിത്രവ്യവസായത്തെയൊന്നാകെ ഒരു കുടക്കീഴിൽ അണിനിരത്തി, വിവിധ വ്യവസായ മേഖലകൾ തമ്മിൽ പരസ്പര സഹകരണം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടു രൂപപ്പെടുത്തിയിട്ടുള്ള അതിനൂതനമായ വികസന പദ്ധതിയാണ് പ്രോജക്ട് ഇൻഡിവുഡ്. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് ഏകീകൃത സ്വത്വം നല്കുകവഴി ഹോളിവുഡിന്റേതിനു സമാനമായ പുരോഗതി കൈവരിക്കാൻ രാജ്യത്തിനു കഴിയും. മഹത്തായ ഈ ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഓൾ ലൈറ്റ്‌സ് രാജ്യാന്തര ചലച്ചിത്രോത്സവവും, ഇൻ്ഡിവുഡ് ഫിലിം മാർക്കറ്റും. ഓൾലൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന് ആരംഭിച്ചു.

ചലച്ചിത്രമേളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.aliiff.com-ൽ പേരുകൾ രജിസ്റ്റർ ചെയ്യാം. ജനറൽ ഡെലിഗേറ്റ് പാസുകൾക്ക് 500 രൂപയും സ്റ്റുഡന്റ് ഡെലിഗേറ്റ് പാസുകൾ്ക്ക് 300 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. ഇവയ്ക്കു പുറമെ 180 രൂപയ്ക്ക് ഡെയ്‌ലി വിസിറ്റർ് പാസും ലഭ്യമാണ്.

കൊച്ചിയുടെ മണ്ണിലരങ്ങേറുന്ന ദൃശ്യോത്സവത്തിനു മിഴിവേകാൻ ഇന്ത്യൻ ചലച്ചിത്രലോകത്തെ അഭിനയ ചക്രവർത്തിയായ കമൽ ഹാസൻ ഉൾപ്പെടെ വൻ താരനിര തന്നെ കൊച്ചിയിലെത്തും. ചലച്ചിത്രമേളയിലും ഇൻഡിവുഡ് ഫിലിം മാർക്കറ്റിലും തമിഴ് സിനിമയെ പ്രതിനിധികരിക്കുന്ന ബ്രാൻഡ് അംബാസഡറാണ് കമൽ. മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡറായി പത്മശ്രീ മോഹൻലാൽ എത്തുമ്പോൾ സൂപ്പർ സ്റ്റാർ ദഗ്ഗുബട്ടി വെങ്കടേഷ് തെലുങ്ക് സിനിമയിൽ നിന്നുള്ള ബ്രാൻഡ് അംബാസഡറായെത്തുന്നു.

മറാത്തി സിനിമയിൽ നിന്ന് സുബോധ് ഭാവേ, ബംഗാളിൽ നിന്ന് പ്രസോൻജിത് ചാറ്റർജി എന്നിവരും എത്തും. ചലച്ചിത്രമേളയുടെ തീമാറ്റിക് ഷോകെയ്‌സ് സിനിമ ഫോർ കെയറിന്റെ ബ്രാൻഡ് അംബാസഡറായെത്തുന്നത് ബോളിവുഡ് സുന്ദരി കൽക്കി കോച്‌ലിൻ ആണ്. ഭിന്ന ശേഷിക്കാരുടെ ജീവിതവും പ്രശ്‌നങ്ങളും പ്രമേയമാക്കിയ സിനിമകളാണ് സിനിമാ ഫോർ കെയർ കാണികൾക്കു മുന്നിലെത്തിക്കുന്നത്. കുട്ടികൾക്കു വേണ്ടിയുള്ള സിനിമകൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക വിഭാഗം സിനിമ ഫോർ ചിൽഡ്രന്റെ ബ്രാൻഡ് അംബാസഡറായെത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി നിക്കി ഗൽറാണിയാണ്.

ഇന്ത്യൻ സിനിമയെ ഒന്നാകെ ഇൻഡിവുഡ് എന്ന ബ്രാൻഡിനു കീഴിൽ ഒരുമിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പുതിയ ഉദ്യമങ്ങൾ ചരിത്രത്തിന്റെ തന്നെ ഭാഗമാകും.