ലയാളത്തിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ കടൽകടക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നടക്കുന്ന രണ്ട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലാണ് പ്രേക്ഷ പ്രീതി നേടിയ രണ്ട് ചിത്രങ്ങൾ മാറ്റുരയ്ക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രവും, സനൽ കുമാർ ശശിധരന്റെ സെക്സി ദുർഗയും ആണ് ഈ രണ്ട് ചിത്രങ്ങൾ.

2017ലെ ടൊറന്റോ റീൽ ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തൊണ്ടി മുതൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സെക്സി ദുർഗ ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡ്സിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലാണ് ഏഷ്യ പസഫിക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുക.

നവംബർ 12ന് രാവിലെ 11.30ന് തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രദർശിപ്പിക്കും. ദി മൈനർ ആൻഡ് ദി ഐ വിറ്റ്നെസ്സ് എന്ന പേരിലാണ് ചിത്രം പ്രദർശിപ്പിക്കുക. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയ്ക്ക് ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട മികച്ച ചിത്രങ്ങളിൽ ഒന്നായാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും റീൽ ഏഷ്യൻ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്‌.

ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡ്സിലെ സംവിധാന വിഭാഗത്തിലേക്കാണ് സെക്സി ദുർഗ തിരഞ്ഞെടുക്കപ്പെട്ടത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത സെക്സി ദുർഗയ്ക്ക് സെൻസർ ബോർഡ് കത്തിവെച്ച് എസ് ദുർഗ എന്നാക്കിയിരുന്നു.