ഗോള ചലച്ചിത്ര ആസ്വാദകർക്കിടയിൽത്തന്നെ ബഹുമാനിക്കപ്പെട്ടിരുന്ന മേളകളിലൊന്നായിരുന്നു ഐ.എഫ്.എഫ്.കെ എന്ന സംസ്ഥാന ചലച്ചിത്ര മേള. എന്നാൽ, ചരിത്രത്തിൽ ആ മേള ഇനിമുതൽ അറിയപ്പെടുക അടൂർ ഗോപാലകൃഷ്ണനെപ്പോലൊരു വിഖ്യാത ചലച്ചിത്രകാരനെ അനാവശ്യമായി അധിക്ഷേപിച്ചതിന്റെ പേരിലാകും. അപേക്ഷിച്ചവർക്കെല്ലാം പാസ് എന്ന വിശാലമായ നയം പ്രഖ്യാപിച്ച് സർക്കാർ മേളയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിന് തൽക്കാലം പരിഹാരം കണ്ടെത്തിയെങ്കിലും, ഇക്കുറി മേള കുളമാകുമെന്നുള്ളത് ഉറപ്പായിക്കഴിഞ്ഞു.

ചലച്ചിത്രമേള കാണാൻ ഇക്കുറി ഡെലിഗേറ്റ് പാസ്സിന് അപേക്ഷിച്ചിട്ടുള്ളത് 9812 പേരാണ്. അപേക്ഷിച്ചവർക്കെല്ലാം പാസ് നൽകുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷം 9400 പാസ്സുകൾ വിതരണം ചെയ്തിരുന്നുവെങ്കിലും സീറ്റുകളുടെ എണ്ണം കുറവാണെന്നത് മേളയിലുടനീളം പ്രശ്‌നങ്ങൾക്ക് കാരണമാകും. കഴിഞ്ഞ വർഷം ആറായിരം സീറ്റുകളൊരുക്കിയെങ്കിൽ ഇക്കുറി 3877 സീറ്റുകളാണുള്ളത്. രണ്ട് തീയറ്ററുകൾ കൂടി ഉൾപ്പെടുത്തി 1400 സീറ്റുകൾ കൂടി തരപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാലും 5273 സീറ്റുകളേ ഉണ്ടാകൂ. നിശാഗന്ധിയിലെ സൗകര്യങ്ങൾ കൂടിയാകുമ്പോൾ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് മന്ത്രിയുടെ നിലപാട്.

പാസ്സുകളുടെ എണ്ണക്കൂടുതൽ മേളയെ ബാധിക്കില്ലെന്ന് മന്ത്രി പറയുന്നു. പാസ്സുകൾക്ക് അപേക്ഷിക്കുന്ന എല്ലാവരും സിനിമ കാണാൻ എത്താറില്ല. കഴിഞ്ഞവർഷം പല തീയറ്ററുകളും ശൂന്യമായിരുന്നു. ഒരാൾക്ക് ഒരുദിവസം മൂന്ന് സിനിമകളേ കാണാനാകൂ. അതുകൊണ്ടുതന്നെ സീറ്റുകളുടെ എണ്ണത്തിലുള്ള പരിമിതി പ്രശ്‌നമാകില്ലെന്നും മന്ത്രി പറയുന്നു. 142 സിനിമകളാണ് പ്രദർശനത്തിനെത്തിക്കുന്നത്.

വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കുകൂടി പ്രഖ്യാപിച്ച് വിവാദങ്ങളിൽനിന്നെല്ലാം ഒഴിവാകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെങ്കിലും, മേളയുടെ നടത്തിപ്പിനെ ഈ വിവാദങ്ങളുടെ തുടർച്ചകൾ എങ്ങനെ ബാധിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. മേള കാണാനെത്തുന്നവരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ അധിക്ഷേപിച്ചുവെന്ന വിവാദം ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നു. അടൂർ ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യം മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമെന്ന മട്ടിൽ അവതരിപ്പിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.

അടൂർ ഗോപാലകൃഷ്ണനെപ്പോലുള്ളവരെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ദൗർഭാഗ്യകരവും ഒഴിവാക്കേണ്ടതുമായിരുന്നുവെന്ന് മന്ത്രി പറയുന്നു. അടൂരിനോടും മറ്റും ആലോചിച്ചാണ് പാസ് വിതരണം സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. അതിനിടെ, അടൂരിനെതിരെ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയതിനെയും മന്ത്രി വിമർശിച്ചു. കെപിസിസി പ്രസിഡന്റ് വി എം.സുധീരനോട് ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടലുകൾ ഇക്കുറി മേളയിലുണ്ടാകുമെന്ന് ഈ നീക്കങ്ങൾ ഉറപ്പാക്കുന്നു.

ഇക്കുറി മേളയെക്കുറിച്ച് ആലോചിക്കുന്ന ഘട്ടം മുതൽ ഐ.എഫ്.എഫ്.കെയെ പ്രശ്‌നങ്ങൾ വിടാതെ പിന്തുടരുന്നുണ്ട്. കഴിഞ്ഞ 12 വർഷമായി മേളയുടെ വിജയത്തിന് പിന്നിൽ ചുക്കാൻ പിടിച്ചിരുന്നത് അതിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ബീന പോളാണ്. ചലച്ചിത്ര അക്കാദമിയുടെ ഡപ്യൂട്ടി ഡയറക്ടർ കൂടിയായിരുന്നു ബീന. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് പിന്നീട് പ്രിയദർശനും രാജിവച്ചു.

മേളയുടെ വിജയത്തിൽ ബീന പോളിന്റെ സ്വാധീനം ഇത്രകാലവും പ്രകടമായിരുന്നു. അതിന്റെ സാങ്കേതിക മേഖലകളിൽ കഴിവുറ്റവരെ തഴഞ്ഞ് ഇഷ്ടക്കാർ കയറിക്കൂടാൻ തുടങ്ങിയതോടെ, ചലച്ചിത്ര മേളയുടെ ശോഭ മങ്ങാൻ തുടങ്ങി. ഇതിനിടെയാണ് ആസ്വാദന നിലവാരത്തെച്ചൊല്ലിയുണ്ടായ അനാവശ്യ വിവാദം. പ്രതിനിധികളുടെ എണ്ണം നിയന്ത്രിക്കാനായി കൊണ്ടുവന്ന നിർദ്ദേശങ്ങൾ തിരിച്ചടിയാവുകയും അപേക്ഷിച്ചവർക്കെല്ലാം പാസ് എന്ന നിലയിലേക്ക് അതിന്റെ നിലവാരം താഴുകയും ചെയ്തു. ഇതൊക്കെയാവും ഇക്കുറി മേളയിൽ പ്രധാന ചർച്ചയായി മാറുകയെന്ന് ഉറപ്പാണ്.