പ്രശസ്ത ദക്ഷിണ കൊറിയൻ സംവിധായകൻ കിംകി ഡുക്കിന്റെ പിയത്ത ഇന്നലെ മേളയുടെ ചിത്രമായി മാറി. ശ്രീകുമാർ തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രം കാണാൻ ഒഴുകിയെത്തിയത് നൂറുകണക്കിനു സിനിമാപ്രേമികളാണ്. ക്രൂരനായ വ്യക്തിയുടെ സ്വഭാവത്തിൽ മാതൃസ്‌നേഹം വരുത്തുന്ന മാറ്റമാണ് വെന്നീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൺ ലയൺ പുരസ്‌കാരം നേടിയ പിയാത്തയിലൂടെ കിം കി ഡുക്ക് പറയുന്നത്. ഈ വർഷം സെപ്തംബർ മൂന്നിന് വെനീസ് ചലച്ചിത്രോത്സവത്തിൽ റിലീസ് ചെയ്ത സിനിമ ഇതിനോടകം 15 ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിരുന്നു. പിയത്ത കാണാൻ വേണ്ടി ഡെലിഗേറ്റുകൾ ട്രാൻസ്‌പോർട് ബസ് സ്റ്റാൻഡ് വരെ നീണ്ടു കിടക്കുന്ന ക്യുവാണ് ഇന്നലെ തലസ്ഥാനനഗരി കണ്ടത്.


കിംകി ഡുക്കിന്റെ ചിത്രത്തിലെ പതിവ് ചേരുവകൾ എല്ലാം ഒരുമിച്ച സിനിമയായിരുന്നു ഇതും. കൊള്ളപ്പലിശക്കാരുടെ ഗുണ്ടയായ ലീകാങ് ദോ എന്ന ക്രൂരനായ യുവാവിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. 30 വർഷം അനാഥനായി ജീവിച്ച അയാളുടെ ജീവിതത്തിലേക്ക് ഒരു ദിവസം അമ്മ എന്ന് അവകാശപ്പെട്ട് ഒരു മധ്യവയസ്‌ക കടന്നെത്തുന്നു. തന്റെ മകനെ കൊന്ന കാങ് ദോയോട് പകരം ചോദിക്കാൻ എത്തിയ ജാങ്മി സൻ എന്ന സ്ത്രീയാണ് അവർ എന്ന് സിനിമയുടെ അവസാനം മാത്രമേ പ്രേക്ഷകർക്ക് മനസ്സിലാകൂ. ആദ്യം അവരെ അമ്മയായി അംഗീകരിക്കാൻ തയ്യാറാകാത്ത കാങ് ദോ പിന്നീട് അവരെ സ്‌നേഹിക്കുന്നു. അമ്മയോടുള്ള സ്‌നേഹത്താൽ ക്രൂരതകൾ നിറഞ്ഞ തന്റെ ജീവിതം അവസാനിപ്പിച്ച് മര്യാദക്കാരനാകാൻ അയാൾ ശ്രമിക്കുന്നു. കാങ്‌ദോ തന്നെ അതിരറ്റ് സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജാങ്മി സൻ അവനെ കൊല്ലാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നു. എന്നാൽ,തന്റെ ക്രൂരതയ്ക്ക് ഇരയായവരാണ് അമ്മയെ കൊന്നതെന്ന് വിശ്വസിക്കുന്ന കാങ്‌ദോ, തന്റെ ക്രൂരതയ്ക്ക് ഇരയായ ഒരാളുടെ ഭാര്യയുടെ വാഹനത്തിനടിയിൽ സ്വയം ബന്ധിച്ച് മരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ചിത്രം കാണാൻ തീയറ്ററിൽ കയറിപറ്റിയവർ സീറ്റിനായി ഉന്തും തള്ളും ബഹളവുമായി. 'കിംകി ഡുക്കിന്റെ സിനിമ കാണാതെ ഞാൻ പോകില്ല, എനിക്കൊരു സീറ്റുതന്നാൽ 100 രൂപ നൽകാം' എന്ന് വാഗ്ദാനം ചെയ്ത് ഒരു മധ്യവയസ്‌കൻ രംഗത്തെത്തിയതോടെ അന്തരീക്ഷം ലേലംവിളിയുടെ ആവേശത്തിലേക്കെത്തി. 10 മിനിറ്റ് നീണ്ട ലേലം വിളിക്കൊടുവിൽ 500 രൂപ നൽകി ഒരു സീറ്റ് തരപ്പെടുത്തിയാണ് അദ്ദേഹം കിംകി ഡുക്കിനോടുള്ള തന്റെ ആരാധന തെളിയിച്ചത്. ഇന്ന് പകൽ മൂന്നിന് കിംകി ഡുക്കിന്റെ 2011ൽ പുറത്തിറങ്ങിയ 'ആരിരംഗ്‌' എന്ന സിനിമയും ശ്രീകുമാറിൽ പ്രദർശിപ്പിക്കും. ഇതിനും സിനിമാപ്രേമികളുടെ അത്ഭുതപൂർവ്വമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്.