പാരീസ്: വിവിധ മേഖലകളിൽ കഴിവു തെളിയിച്ച മലയാളി പ്രമുഖരെ കലയുടേയും സംസ്‌കാരത്തിന്റേയും നാടായ പാരീസിൽ ആദരിക്കുന്നു. ബിസിനസ്, മീഡിയ, കലാ-സാംസ്‌കാരിക രംഗത്തു തിളങ്ങിയ പതിനഞ്ചുപ്രമുഖ വ്യക്തികളെയാണ് പാരീസിലെ മലയാളി കൂട്ടായ്മയും കേരളത്തിലെ മഹാലക്ഷ്മി പ്രൊഡക്ഷൻസും ചേർന്ന് അവാർഡ് നൽകി ആദരിക്കുന്നത്.

ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ മഹാലക്ഷ്മി പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുള്ള ഇന്റർനാഷണൽ മലയാളി അവാർഡ് നൈറ്റിന് ഇത്തവണ പാരീസ് വേദിയാവുകയാണ്. ഇത് ഇരുപതാമത്തെ അവാർഡ് നൈറ്റ് ആണ് പാരീസിൽ നടക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

19ന് ഞായറാഴ്ച വൈകുന്നേരം നാലിന് 64 Avenue Theophile Gauthier ലാണ് പരിപാടി നടക്കുന്നത്. കേരളത്തിലെ വിവിധ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യക്തികൾ, ജനപ്രതിനിധികൾ, വ്യവസായികൾ, കലാകാരന്മാർ തുടങ്ങിയവരും ചടങ്ങിനെത്തും. പാരീസിൽ താമസിക്കുന്ന പ്രശസ്ത ചിത്രകാരനും മഹാകവി അക്കിത്തത്തിന്റെ സഹോദരനുമായ അക്കിത്തം നാരായണൻ, പാരീസിലെ ആദ്യകാല മലയാളി ബിസിനസുകാരനായ നാസർ എന്നിവരേയും അവാർഡിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് പാരീസിലെ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, സംഗീത സദസ്, കളരിപ്പയറ്റ് പ്രദർശനം തുടങ്ങിയവും അരങ്ങേറും. പരിപാടികൾ കേരളത്തിലെ വിവിധ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യും. അവാർഡ് ദാന ചടങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പരിപാടി കാണാനെത്തുന്നവർക്ക് ലഘുഭക്ഷണവും നൽകും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 330708668, ഇ-മെയിൽ-parisawardnight2014@gmail.com