തിരുവനന്തരപുരം: തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിൽ ബുധനാഴ്ച ആരംഭിച്ച അന്താരാഷ്ട്ര മാധ്യമ സെമിനാറിന് ഇന്ന് സമാപനം. കേരളത്തിലെ പ്രമുഖരായ മാധ്യമ പ്രവർത്തകർ ഒന്നടങ്കം പങ്കെടുത്ത മാധ്യമ സെമിനാറിനാണ് ഇന്ന് സമാപനമാകുന്നത്. പത്രം, ടെലിവിഷൻ മേഖലയിലെ പ്രമുഖരായ മാധ്യമ പ്രവർത്തകർക്ക് പുറമേ ഓൾ ഇന്ത്യ റേഡിയോ ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലെ പ്രമുഖരും ഈദിവസങ്ങളിലായി നടന്ന സെമിനാറുകളിൽ പങ്കെടുത്തു വരുന്നു.

കേരളത്തിന് പുറത്തു നിന്നും ഈ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കാൻ മലയാളി മാധ്യമ പ്രവർത്തകർ എത്തുന്നുണ്ട്. 22ന് രാവിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ആരംഭിച്ച സെമിനാർ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.

മാറുന്ന മാധ്യമങ്ങൾ: സ്വത്വം, സംവേദനം, വിനിമയം, ദൃശ്യ വാർത്ത: വിപണിയുടെ സമ്മർദ്ദങ്ങളും ധാർമികതയുടെ പ്രശ്‌നങ്ങളും, മാറുന്ന മാധ്യമങ്ങളും സ്ത്രീകളും, മാധ്യമങ്ങളും യുവജനങ്ങളും, ടെലിവിഷന്റെയും സോഷ്യൽ മീഡിയയുടെയും കാലത്തെ ആനുകാലികങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടന്നു. ദ ഹിന്ദുവിന്റെ കേരളത്തിലെ റസിഡന്റ് എഡിറ്ററായ സി ഗൗരിദാസൻ നായർ, ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യ കുമാർ, ഡോ ദിവ്യാ എസ് അയ്യർ ഐഎഎസ്, കൈരളി പീപ്പിൾ ടിവി ന്യൂസ് ഡയറക്ടർ ഡോ. എൻ പി ചന്ദ്രശേഖർ തുടങ്ങിയവർ ഈ ദിവസങ്ങളിലെ ചർച്ചകൾക്ക് നേതൃത്വം നൽകി.

സമാപന ദിവസമായ ഇന്ന് ഉത്തരവാദിത്ത മാധ്യമ പ്രവർത്തനത്തെ കുറിച്ച് നടക്കുന്ന സംവാദം ശ്രീ ഭാസുരേന്ദ്ര ബാബു നയിക്കും. മാറുന്ന മാധ്യമ സാക്ഷരതാ എന്ന വിഷയത്തിൽ സാക്ഷരതാ കമ്മീഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകലയും റേഡിയോ പ്രക്ഷേപണം; സ്വത്വവും വർത്തമാനവും എന്ന വിഷയത്തിൽ ഓൾ ഇന്ത്യ റേഡിയോയിലെ ബിജു മാത്യുവും ചർച്ച നയിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന ചർച്ചകൾക്ക് മാതൃഭൂമി ന്യൂസ് ചെന്നൈ ചീഫ് റിപ്പോർട്ടർ ഡോ ജി പ്രസാദ് കുമാർ അദ്ധ്യക്ഷത വഹിക്കും.

പരിധിയില്ലാത്ത നവമാധ്യമ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ മറുനാടൻ മലയാളി മാനേജിങ് എഡിറ്റർ ഷാജൻ സ്‌കറിയ ചർച്ച നയിക്കും. വിധു വിൻസെന്റ് ടെലിവിഷൻ വിനോദ ഭാവനയുടെ മാറുന്ന അതിരുകൾ എന്ന വിഷയത്തെ കുറിച്ച് സംവദിക്കും. സമാപന പ്രഭാഷണവും മികച്ച സെമിനാർ റിപ്പോർട്ടിംഗിന് കഴക്കൂട്ടം പ്രസ്‌ക്ലബ് ഏർപ്പെടുത്തിയ അവാർഡ് വിതരണവും ഡോ. വാസുകി ഐ എഎസ് വിതരണം ചെയ്യും.