ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനമായാൽ മലയാളം ചാനലുകാർക്കെല്ലാം ചാകരയാണെന്നാണ് പൊതുവേ പറയാറ്. കഴിഞ്ഞ ഏതാനും നാളുകളായി നടന്നുവരുന്ന സമ്മേളനങ്ങളെല്ലാം ചാനലുകാർക്ക് ചാകര തീർത്തുവെന്ന് എല്ലാവർക്കും അറിവുള്ള വസ്തുതയാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ വിഎസിനെ വിമർശിച്ചുകൊണ്ടുള്ള പിണറായിയുടെ വാർത്താസമ്മേളനം സിപിഐ(എം) സമ്മേളനത്തെ പിരിമുറുക്കത്തിൽ എത്തിച്ചിട്ടുണ്ട്. വി എസ് പൂർണ്ണമായും പാർട്ടിയിൽ ഒറ്റപ്പെടുന്ന സമ്മേളനമാകും ആലപ്പുഴയിലേത് എന്നാണ് വിലയിരുത്തൽ. എന്നാൽ കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും റഷ്യയിൽ നിന്നു പോലും ചാനൽ സംഘം സിപിഐ(എം) സംസ്ഥാന സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തി. റഷ്യ വൺ എന്ന ചാനലിന്റെ സംഘമാണ് ആലപ്പുഴയിൽ സിപിഐ(എം) സംസ്ഥാന സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയത്.

കേരളത്തിൽ നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനം ദേശീയ ചാനലുകൾക്ക് പോലും വാർത്തയല്ലാത്ത ഘട്ടത്തിലാണ് സമ്മേളനം റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാദ്ധ്യമസംഘം എത്തിയത്. റഷ്യ വൺ ചാനലിന്റെ റിപ്പോർട്ടർ അക്‌സാനയുടെ നേതൃത്വത്തിലാണ് ചാനൽ സംഘം ഇന്ന് സമ്മേളന നഗരിയിൽ എത്തിയത്. നാലംഗ സംഘമാണ് ആലപ്പുഴയിൽ എത്തിയിരിക്കുന്നത്. റഷ്യൻ ഭാഷയാണ് ഇവർക്ക് കൂടുതൽ വഴങ്ങുന്നത് എന്നതിനാൽ ഒരു ട്രാൻസ്ലേറ്ററെയും ഒപ്പം കൂട്ടിയിട്ടുണ്ട്.

ഇന്ത്യ-റഷ്യ സൗഹൃദത്തെ കുറിച്ചുള്ള ഡോക്ട്യുമെന്ററിയുടെ ഭാഗമായാണ് ചാനൽ പ്രവർത്തകർ ആലപ്പുഴയിൽ എത്തിയത്. രണ്ട് സംഘമായി എത്തിയ സംഘത്തിൽ ഒരുകൂട്ടർ ബാംഗ്ലൂരിലേക്ക് തിരിച്ചു. മറ്റൊരു സംഘമാണ് ആലപ്പുഴയിൽ എത്തിയത്. ഇവിടെ എത്തിയപ്പോൾ അവിചാരിതമായാണ് ചാനൽ പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. റഷ്യയെ ഏറെ സ്‌നേഹിക്കുന്നവരാണ് മലയാളികൾ എന്ന് കൂടി അറിഞ്ഞപ്പോൾ ഇവർ പാർട്ടി സമ്മേളന വേദിയിലെത്തി.

സമ്മേളന വേദിയിൽ വിദേശികൾ എത്തിയതറിഞ്ഞ് സഖാക്കൾ കാര്യം തിരിക്കിയപ്പോഴാണ് റഷ്യയിൽ നിന്നുള്ള ചാനൽ സംഘമാണെന്ന് അറിഞ്ഞത്. ഇതോടെ തോമസ് ഐസക്ക് ഇവരെ സഹായിക്കാനായെത്തി. പാർട്ടി സമ്മേളന നഗരിയിൽ എത്തിയ പ്രതിനിധികളുടെ ചിത്രവും സമ്മേളന വേദിയും അക്‌സാനയും സംഘവും ചാനൽ ക്യാമറയിൽ പകർത്തി. സമ്മേളനത്തെ കുറിച്ചും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യങ്ങളെ കുറിച്ചും ഇവർ 15 മിനിറ്റോളം തോമസ് ഐസക്കുമായി സംസാരിച്ച് മനസിലാക്കി.

സോവ്യേറ്റ് റഷ്യ തകർന്നിട്ടും കേരളത്തിൽ ഇപ്പോഴും കമ്മ്യൂണിസത്തെ വാരിപുൽക്കുന്നത് എങ്ങനെയെന്ന് അവർ തോമസ് ഐസകിനോട് ചോദിച്ചു. സോവ്യേറ്റ് റഷ്യ തന്നെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രചോദനമായിട്ടുള്ളതെന്ന് ഐസക് മറുപടിയായി പറഞ്ഞു. ആലപ്പുഴയിലെ സിപിഐ(എം) സഖാക്കളുടെ ആവേശവും സംഘാടന മികവും റഷ്യൻ ചാനൽ സംഘത്തെ ശരിക്കും അൽഭുതപ്പെടുത്തിയിട്ടുണ്ട്.