മെൽബൺ: തൊഴിലിടങ്ങളിൽ ചൂഷണം നേരിടേണ്ടി വരുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ വിദേശവിദ്യാർത്ഥികൾക്ക് സഹായവുമായി പുതിയ പദ്ധതികൾ രൂപീകരിച്ച് വിക്ടോറിയൻ സർക്കാർ. ഒട്ടേറെ ചെറുകിട വൻകിട എംപ്ലോയർമാർ വിദേശവിദ്യാർത്ഥികളെ കുറഞ്ഞ വേതനം നൽകിയും തൊഴിൽ സമയം ദൈർഘിപ്പിച്ചും ചൂഷണത്തിന് ഇരയാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേജിൽ നിന്നും ഏറെ കുറഞ്ഞ വേതനമാണ് ചില എംപ്ലോയർമാർ വിദേശ വിദ്യാർത്ഥികൾക്ക് നൽകിവരുന്നത്. കൂടാതെ നിയമപരമായി അനുവദിച്ചിട്ടുള്ള സമയത്തെക്കാൾ ഏറെ നേരം ഇക്കൂട്ടരെ പണിയെടുപ്പിക്കുകയും ചെയ്യുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.

ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് ലീഗൽ സപ്പോർട്ട് നൽകുന്നതിനായി 120,000 ഡോളറിന്റെ പദ്ധതിയാണ് വിക്ടോറിയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. വർക്ക് പ്ലേസ് പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള സർവീസ് സ്റ്റഡി മെൽബൺ സ്റ്റുഡന്റ് സെന്ററിലാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. ഇന്റർനാഷണൽ സ്റ്റുഡന്റ്‌സ് വെൽഫെയർ ഗ്രാന്റ്‌സ് പ്രോഗ്രാമിൽ നിന്നാണ് ഇതിനുള്ള ധനസഹായം കണ്ടെത്തിയിരിക്കുന്നതും.

തൊഴിലിടങ്ങളിൽ തങ്ങൾക്കുള്ള അവകാശങ്ങളെ കുറിച്ചും കൺസ്യൂമർ റൈറ്റ്‌സിനെ കുറിച്ചും ബോധവത്ക്കരിക്കുക, തൊഴിലിടങ്ങളിലെ ചൂഷണങ്ങൾക്കെതിരേ പോരാടുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് സർവീസ് പ്രയോജനപ്പെടുത്താവുന്നത്. ഇവിടെ പഠിക്കുന്ന് 175,000 വിദേശ വിദ്യാർത്ഥികൾക്ക് ലീഗൽ സപ്പോർട്ട് സർവീസ് നൽകുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ഇന്റർനാഷണൽ എഡ്യുക്കേഷൻ മിനിസ്റ്റർ സ്റ്റീവ് ഹെർബെർട്ട് വ്യക്തമാക്കി.