തൃശ്ശൂർ: 'അരികുവൽക്കരിക്കപ്പെടുന്നവരുടെ അരങ്ങ്' എന്ന സമകാലിക പ്രസക്തമായ വിഷയത്തിലൂന്നിക്കൊണ്ട് തൃശൂരിൽ നടക്കുന്ന പത്താമത് അന്താരാഷ്ട്ര നാടകോത്സവം മൂന്നുദിവസം പിന്നിടുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചത്ര നിലവാരം പുലർത്തിയില്ലെന്ന് ആരോപണം. ഏറെ പ്രതീക്ഷയർപ്പിച്ച ഉദ്ഘാടന നാടകമായ 'ഫലസ്തീൻ ഇയർ സീറോ' നാടകപ്രേമികളെ നിരാശപ്പെടുത്തുന്നതായി. ഉദ്ഘാടന ദിവസത്തെ തിക്കും തിരക്കും രണ്ടാം ദിവസം പ്രകടമായിരുന്നില്ല. തൃശൂരിൽ പുഷ്‌പോത്സവ വാരവും സ്വാമി ഭൂമാനന്ദന്റെ പ്രഭാഷണ പരമ്പരയും നടക്കുന്ന സമയമായതുകൊണ്ടായിരിക്കണം നാടകോത്സവ വേദി പൊതുവേ ശുഷ്‌കിച്ചു നിന്നു.

പന്ത്രണ്ടോളം വേദികളിൽ നാടകങ്ങൾ അരങ്ങേറുന്നുണ്ടെങ്കിലും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് റീജിയണൽ തീയറ്റർ പരിസരങ്ങളിൽ തന്നെയായിരുന്നു. ടിക്കറ്റ് കൗണ്ടറുകളിൽ വലിയൊരു തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. വിവിധ വേദികളിലെ നാടകങ്ങളുടെ തത്സമയ പ്രദർശനം നാടകപ്രേമികൾക്ക് സഹായകമായിരുന്നു. മൂന്നു ദിവസത്തെ ആസ്വാദന കണക്കെടുപ്പ് നടത്തുമ്പോൾ ചിലിയുടെ മുണ്ടോ മൊസാർട്ട് മികച്ചുനിന്നു. നാടകോത്സവത്തിന്റെ രണ്ടു ദിവസവും മുണ്ടോ മൊസാർട്ട് നിറഞ്ഞ സദസ്സിൽ പ്രേക്ഷകരുടെ നിലക്കാത്ത കയ്യടി വാങ്ങി. ലിംഗനീതി വിഷയമാക്കിയുള്ള ഈ നാടകം സംവിധാനം ചെയ്തത് മാന്വേൽ ലൊയോള ഫോന്തെസ് ആണ്.

അമേദ്യുസ് മൊസാർട്ട് അനാമരിയ മൊസാർട്ട് എന്നീ സഹാദര-സഹോദരിയുടെ സംഗീതാത്മകമായ ജീവിത യാത്രയാണ് ഈ നാടകം. ജീവിതയാത്ര പോലെതന്നെ ഇതൊരു ഓർക്കസ്ട്ര സംഘത്തിന്റെ സംഗീതയാത്ര കൂടിയാണ്. അനാമാരിയയുടെ സംഗീത നൈപുണ്യത്തിൽ സംഗീത വിദഗ്ദാനാവുന്ന സഹോദരൻ പ്രശസ്തനാവുമ്പോൾ പെണ്ണായതുകൊണ്ടുമാത്രം തിരസ്‌കരിക്കപ്പെടുന്ന അനാമരിയയുടെ സർഗ്ഗവേദനയിലൂടെ പാർശ്വവൽക്കരിക്കപ്പെടുന്ന സ്ത്രീ പ്രതിഭയുടെ കഥയാട്ടം നടത്തുകയാണ് സംവിധായകൻ മാന്വേൽ ലൊയോള ഫോന്തെസ്.

മൊസാർട്ടിന്റെ സിംഫണിയെ അനുഭവിപ്പിക്കും വിധം ചേതോഹരവും ശ്രുതിമധുരവുമാണ് മുണ്ടോ മൊസാർട്ട്. സിംഫണിയുടെ മാസ്മരികതയിൽ ചടുലമായ മെയ് വഴക്കത്തിൽ ചിലിയുടെ നടനകല നാടകോത്സവ വേദി അക്ഷരാർത്ഥത്തിൽ കീഴടക്കി. പൊതുവേ പറഞ്ഞാൽ നാടക കല സാങ്കേതിക കലയുടേയും, വെളിച്ചത്തിന്റെയും നിഴലിന്റെയും സങ്കലനത്തിന്റെയും, സംഗീതത്തിന്റെയും, ചടുല താളങ്ങളുടെയും കലയായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്നും പറയേണ്ടിയിരിക്കുന്നു. ഇതിന്നിടയിൽ നാടകം നഷ്ടമാവുന്നുണ്ടോ എന്ന വ്യസനം യഥാർത്ഥത്തിൽ നാടക പ്രേമികൾക്കുണ്ട്. ചുരുക്കത്തിൽ നാടകോത്സവം മൂന്നു ദിവസം പിന്നിടുമ്പോൾ നമ്മോടു പറയുന്നതും ഇതുതന്നെ.