മുംബൈ: ട്വിറ്ററിലൂടെ സ്ത്രീവിരുദ്ധതയും വർഗീയതയും തോന്നും പോലെ വിളമ്പി വിമർശനങ്ങൾ ഇഷ്ടംപോലെ കോൾക്കേണ്ടി വന്ന വ്യക്തിയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ. പതിവു പോലെ വനിതാ ദിനത്തിലും രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു പുലിവാല് പിടിച്ചു. ലോകത്തിലെ എല്ലാ വനിതകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ എന്നാണ് രാം ഗോപാൽ വർമ്മയുടെ വനിതാദിന 'സന്ദേശം'.

അന്തർദേശീയ വനിതാദിനത്തിൽ സ്ത്രീകളോട് പുരുഷന്മാർ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും വർഷത്തിലൊരു ദിവസം 'മെൻസ് വിമെൻസ് ഡേ' എന്ന പേരിൽ ആഘോഷിക്കണമെന്നും വർമ്മ കുറിക്കുന്നു. വനിതാ ദിനത്തെ പുരുഷ ദിനം എന്നാണ് വിളിക്കേണ്ടതെന്നും കാരണം സ്ത്രീകളെ സ്ത്രീകളെക്കാളേറെ ആഘോഷിക്കുന്നത് പുരുഷന്മാരാണെന്നും അദ്ദേഹം കുറിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഒന്നൊന്നായി എത്തി.

സ്ത്രീവിരുദ്ധതയുടെ അതിരുകൾ ഭേദിച്ച ട്വീറ്റിന് സണ്ണി ലിയോൺ തന്നെ നേരിട്ട് കമന്റ് ചെയ്തു. അഭിപ്രായപ്രകടനത്തെ തമാശമട്ടിലെടുത്ത സണ്ണി സ്മൈലിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ട്വിറ്ററിലെ രാം ഗോപാൽ വർമ്മയുടെ ഫോളോവേഴ്സിൽ പലരും ഇതിൽ വലിയ തമാശയൊന്നും കാണുന്നില്ല. അതിനാൽ വാക്കാലുള്ള ആക്രമണം തിരിച്ചുമുണ്ട്.

സ്ത്രീകൾ പുരുഷന്മാരെ സന്തോഷിപ്പിക്കണമെന്നുണ്ടെങ്കിൽ തിരിച്ചും അത് വേണമെന്നും അല്ലാതെ സോളോ പർഫോമൻസുകളിൽ കാര്യമില്ലെന്നുമാണ് വർമ്മയ്ക്കുള്ള ഒരു മറുപടി. പറഞ്ഞതൊക്കെ താങ്കളുടെ കുടുംബത്തെക്കൂടി ഉദ്ദേശിച്ചാണോ എന്ന് മറ്റൊരു ചോദ്യം. വർമ്മയുടെ വായ് അടയ്ക്കാനുള്ള തുണിയുടെ ചിത്രമാണ് മറ്റൊരാളുടെ മറുപടി.