- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം: ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവച്ചു; ചരിത്രത്തിൽ ഇത് ആദ്യം
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്റർപോളിന്റെ 89-ാമത് ജനറൽ അസംബ്ലി മാറ്റിവച്ചു. ഡിസംബറിൽ യു.എ.ഇയിൽ വച്ച് നടത്താനിരുന്ന ജനറൽ അസംബ്ലിയാണ് മാറ്റിവച്ചത്. ഇന്റർപോളിന്റെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ജനറൽ അസംബ്ലി മാറ്റിവയ്ക്കുന്നത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സഹകരണം, സംഘടിത കുറ്റകൃത്യങ്ങൾ നേരിടൽ, ക്രിമിനൽ നെറ്റ്വർക്കുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് 194 രാജ്യങ്ങൾ അംഗമായ ജനറൽ അസംബ്ലി ചേരാനിരുന്നത്.
ഈ വർഷം എവിടെവച്ചും ജനറൽ അസംബ്ലി ചേരാൻ കഴിയാത്ത സാഹചര്യമാണെന്ന് ഇന്റർപോൾ എക്സിക്യൂട്ടീവ് കമ്മറ്റി വ്യക്തമാക്കി. നിയമപരമായും സാങ്കേതികവുമായ കാരണങ്ങളാൽ ഇപ്പോൾ ജനറൽ അസംബ്ലി ചേരാൻ കഴിയാത്ത സാഹചര്യമാണെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ജനറൽ അസംബ്ലി നടത്താനുള്ള സാഹചര്യമൊരുക്കാൻ യു.എ.ഇ അധികൃതർ പരമാവധി ശ്രമിച്ചുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ജനറൽ അസംബ്ലി മാറ്റിവച്ചുവെങ്കിലും എല്ലാ വിധത്തിലുമുള്ള കുറ്റകൃത്യങ്ങളും തീവ്രവാദവും ഇല്ലാതാക്കാൻ അംഗരാജ്യങ്ങൾക്ക് നൽകുന്ന പിന്തുണ തുടരുമെന്ന് ഇന്റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്ക് പറഞ്ഞു. ജനറൽ അസംബ്ലിയുടെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 2022ൽ നടക്കാനിരിക്കുന്ന 91-ാമത് ജനറൽ അസംബ്ലിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.