'മഹേഷിന്റെ പ്രതികാരം' കണ്ടവരാരും ബേബി ചേട്ടനെ മറക്കാൻ വഴിയില്ല. മഹേഷ് - സൗമ്യ പ്രണയത്തിന് കൂട്ടുനിൽക്കുന്ന, തല്ലിപ്പൊളിയായ ജോലിക്കാരനിൽ നിന്നും മകളെ സംരക്ഷിക്കാൻ പാടുപെടുന്ന ഒരു നാട്ടുംപുറത്തുകാരൻ. 'ഇതെന്റെ ഐഡിയ ആയിപ്പോയി ഇല്ലെങ്കിൽ കാണാമായിരുന്നു'... ഈ ഒരൊറ്റ ഡയലോഗ് മതി ബേബി ചേട്ടനെ ഓർക്കാൻ. ബേബിച്ചായനെ തന്മയത്വത്തോടെ അവതരിപ്പിച്ച നടനെപ്പറ്റി നല്ലത് പറയുമ്പോഴും അദ്ദേഹത്തിന്റെ പേരുപോലും അറിയില്ല പലർക്കും. രണ്ടോ മൂന്നോ സിനിമകളിൽ കണ്ട കഥാപാത്രങ്ങളിൽ അവസാനിക്കുന്നതല്ല അലൻസിയർ ലെ ലോപ്പസ് എന്ന അൻപത്തിയൊന്നുകാരന്റെ അഭിനയവഴികൾ. ദശാബ്ദങ്ങൾ നീണ്ട നാടകപ്രവർത്തനത്തിന്റെ അവസാനം സൗഹൃദങ്ങളാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്.

ഞാൻ സ്റ്റീവ് ലോപ്പസ് ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയപ്രകടനം കാഴ്ചവച്ച നടനാണെങ്കിലും അഭിനേതാവ് എന്ന നിലയിൽ ജനങ്ങൾ കണ്ണു വയ്ക്കുന്നത് ഈ ചിത്രത്തിലാണ്. അനായാസമായ, കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനമാണ് അലൻസിയറുടേത്. ഒരു തനി നാടൻ മനുഷ്യനായി അത്തരക്കാരുടെ എല്ലാ സ്വഭാവ സവിശേഷതകളോടെയും അലൻസിയർ ബേബിയെ സ്വാഭാവികമാക്കി. ഇടുക്കി ജില്ലയിലെ ഒരു നാട്ടിൻപുറമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തിരുവനന്തപുരം സ്വദേശിയായ അലൻസിയർ പക്ഷേ തന്റെ കഥാപാത്രത്തിനൊപ്പം ഇടുക്കിക്കാരനായി പരിണമിക്കുന്ന കാഴ്ചയും ആ നടന്റെ പ്രതിഭയുടെ അടയാളമാണ്. ചിരിക്കാതെ ചിരിപ്പിക്കാനും അലൻസിയറുടെ കഥാപാത്രത്തിനാകുന്നു. അക്കിടികൾ പിണയുന്ന, അബദ്ധങ്ങൾ ചെയ്യുന്ന, നന്മയുള്ള, ലോലമനസ്‌ക്കനായ ബേബിച്ചേട്ടൻ ഓർമ്മയിൽ നിൽക്കുന്ന കഥാപാത്രമാണ്.

എവിടെ ആയിരുന്നു ഇത്രയും നാൾ എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നു, ഇപ്പോഴായിരിക്കാം ഞാൻ എത്തേണ്ടിയിരുന്നതെന്ന്. ഒരു നടൻ എന്ന നിലയിൽ ഇപ്പോഴാണ് പാകപ്പെട്ടതെന്നും. അലൻസിയർ ലെ ലോപ്പസുമായി ദീർഘസംഭാഷണം..

  • എങ്ങനെയാണു കലാരംഗത്തേയ്ക്കും സിനിമയിലേയ്ക്കും ഉള്ള കടന്നുവരവ്?

ഓർമ്മ വച്ച കാലംമുതൽ തന്നെ അഭിനയത്തോട് വലിയ താൽപ്പര്യം ആയിരുന്നു. എന്റെ കുട്ടിക്കാലത്ത് എന്റെ നാടായ തിരുവനന്തപുരം പുത്തൻതോപ്പിൽ ജയ്ഹിന്ദ് വായനശാലയുടെ നേതൃത്വത്തിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന ഒരു അമേച്വർ നാടകമത്സരം ഉണ്ടായിരുന്നു.ആ നാടകങ്ങളും അതിലെ കഥാപാത്രങ്ങളും കുട്ടിയായിരുന്ന എന്റെ മനസിനെ സ്വാധീനിച്ചു. അവിടെനിന്നാണ് അഭിനയത്തോടുള്ള താൽപ്പര്യം ഉണ്ടാകുന്നത്. എന്നാൽ അഭിനയത്തെ ഗൗരവമായി കണ്ടു തുടങ്ങിയത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന സമയത്താണ്. നരേന്ദ്ര പ്രസാദ്, ഡി. വിനയചന്ദ്രൻ, വി. പി. സുകുമാർ തുടങ്ങിയ പ്രതിഭാധനന്മാരായ ഒരു കൂട്ടം ഗുരുക്കന്മാരുടെ സങ്കേതത്തിലാണ് ഞാൻ എത്തിപ്പെട്ടത്. തുടർന്ന് കോളേജിലെ ക്യാമ്പസ് തീയറ്ററിൽ സജീവ സാന്നിധ്യമായി. നരേന്ദ്ര പ്രസാദ് സാറിനോടോപ്പമുള്ള ഓരോ നിമിഷവും എന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ ആയിരുന്നു. കോളേജിലെ അവസാന വർഷമൊക്കെ എത്തിയപ്പോൾ തിരുവനന്തപുരത്തെ പ്രശസ്തമായ പല അമേച്വർ നാടക സമിതികളിലും ഞാൻ ഉണ്ടായിരുന്നു.

കാവാലം നാരായണ പണിക്കരുടെ സോപാനം നാടക സമിതിയിൽ എത്തുന്നതോടെയാണ് എന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ഭരത് ഗോപി സംവിധാനം ചെയ്ത തിരുമുടി എന്ന നാടകത്തിൽ ആയിരുന്നു സോപാനത്തിനു വേണ്ടി ഞാൻ ആദ്യമായി അഭിനയിച്ചത്. സാധാരണ ഉത്സവ പറമ്പുകളിൽ അവതരിപ്പിക്കുന്ന നാടകങ്ങളുടെ രീതിയെ അല്ലായിരുന്നു കാവാലത്തിന്റെ നാടകങ്ങൾക്ക്. അന്ന് നിലവിൽ ഉള്ള നാടക ശൈലികളെ പ്രഫഷണൽ എന്നും അമെച്വർ എന്നും രണ്ടായി തരംതിരിക്കാം. എന്നാൽ ഈ രണ്ടു ശൈലികളിൽ നിന്നും വ്യത്യസ്തമായിരുന്നു ഞാൻ അഭിനയിച്ച നാടകങ്ങൾ എല്ലാം. കെ. രഘുവിന്റെ നാടക ശൈലിയും സി.പി. കൃഷ്ണകുമാറിന്റെ നാടക ശൈലിയും കാവാലത്തിന്റെ നാടക ശൈലിയും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. സ്‌കൂൾ ഓഫ് ഡ്രാമയിൽ പോയി പഠിക്കണമെന്നത് ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് അതിനു കഴിഞ്ഞില്ല. എന്നാൽ അഭിനയ രംഗത്ത് വലിയ അനുഭവ സമ്പത്തുള്ള ഇത്തരം ഗുരുക്കന്മാരുടെ കീഴിൽ അഭിനയം പഠിക്കാൻ കഴിഞ്ഞത് വലിയ സൗഭാഗ്യമായി ഞാൻ കരുതുന്നു. നെടുമുടി വേണുച്ചേട്ടൻ ഒക്കെ അപ്പോൾ സോപാനത്തിൽ നിന്ന് സിനിമയിലെ തിരക്കുകളിലെയ്ക്ക് പോയ സമയമായിരുന്നു.

ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് സിനിമയിൽ ആദ്യമായി മുഖം കാണിക്കുന്നത്. സഖാവ് പി . കൃഷ്ണപിള്ളയുടെ ജീവിതത്തെ മുൻനിർത്തി പി.എ ബക്കർ സംവിധാനം ചെയ്ത സഖാവ് വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന സിനിമയിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. പ്രേംകുമാർ ആയിരുന്നു ആ സിനിമയിലെ നായക കഥാപാത്രം അവതരിപ്പിച്ചത്. എന്തുകൊണ്ടോ ആ സിനിമ തീയറ്ററിൽ റിലീസ് ആയില്ല. അതുകഴിഞ്ഞ് അഭിനയിക്കുന്നത് വേണു സംവിധാനം ചെയ്ത മഞ്ജു വാര്യർ ചിത്രം ദയയിൽ ആയിരുന്നു. ഒറ്റ സീനിൽ മാത്രമേ ഞാൻ ആ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് എംപി സുകുമാരന്റെ ചിത്രങ്ങളിൽ എല്ലാം സജീവ സാന്നിധ്യമായി. അങ്ങനെ സമാന്തര സിനിമകൾ ചെയ്യുന്ന ഒരു കൂട്ടം സംവിധായകരുടെ ഇടയിലേയ്ക്കു ഞാൻ എത്തിപ്പെട്ടു. എന്നാൽ അത്തരം സിനിമകളിലൂടെയൊന്നും പൊതുജനങ്ങളുടെ ഇടയിൽ സ്വീകാര്യത ലഭിക്കുന്ന ഒരു നടനായി അറിയപ്പെടാൻ എനിക്ക് കഴിഞ്ഞില്ല.

  • ജനകീയ സിനിമകളിലേയ്ക്ക് എത്തുന്നത് എപ്പോൾ മുതൽ ആണ്?

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിൽ ഒരു പൊലീസ് കോണ്സ്റ്റബിളിന്റെ വേഷം ചെയ്തുകൊണ്ടാണ് മുഖ്യധാരാ സിനിമയിലേയ്ക്ക് ഞാൻ കടന്നു വരുന്നത്. രാജീവ് രവിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്തെ എനിക്ക് പരിചയം ഉണ്ടായിരുന്നു. രാജീവ് രവിയുടെ സിനിമകളിൽ അഭിനയിക്കുമ്പോൾ അഭിനേതാക്കൾക്ക് ലഭിക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവം ആണ്. സിനിമയിൽ അഭിനയിക്കുന്നതായേ നമുക്ക് തോന്നില്ല. എല്ലാ അഭിനേതാക്കൾക്കും മാക്‌സിമം ഫ്രീഡം തരും. ക്യാമറക്കൊപ്പം കഥാപാത്രങ്ങളെ നീക്കുന്നതിന് പകരം നടന്മാരെ കഥാപാത്രങ്ങളിലെയ്ക്കു കൊണ്ടുവന്നു ആ കഥാപാത്രങ്ങൾക്ക് അനുസരിച്ച് ക്യാമറ ചലിപ്പിക്കുക എന്നതാണ് രാജീവിന്റെ രീതി. രാജീവിന്റെ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ എന്റെ സ്വന്തം നാടായ പുത്തൻ തോപ്പുകാരനായി തന്നെയാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്. എന്റെ മകന്റെ പേരായ സ്റ്റീവ് ലോപ്പസ് തന്നെയാണ് സിനിമയ്ക്കും പേരായി ഇട്ടിരിക്കുന്നത്. വളരെ ചെറിയ മുതൽമുടക്കിൽ തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും ആയി ചിത്രീകരിച്ച സിനിമയാണത്. സിനിമയുടെ 90 ശതമാനവും നോർമൽ ലൈറ്റിൽ ഷൂട്ട് ചെയ്തതാണ്. ക്യാമറ ഒരു കളിപ്പാട്ടമെന്നോണം അനായാസം ഉപയോഗിക്കാനുള്ള രാജീവ് രവിയുടെ കഴിവ് കൊണ്ട് മാത്രം ഉണ്ടായ ഒരു സിനിമയാണ് ഞാൻ സ്റ്റീവ് ലോപ്പസ്. ഫഹദ് ഫാസിലിന്റെ അനുജൻ ഫർഹാൻ ഫാസിലും അതിലെ നായിക അഹാന കൃഷ്ണ ഉൾപെടെ ആ ചിത്രത്തിൽ അഭിനയിപ്പിച്ച ഭൂരിഭാഗം പേരും പുതുമുഖങ്ങൾ ആയിരുന്നു.

  • ഷൂട്ടിങ്ങിനിടയിലെ മറക്കാനാവാത്ത സംഭവം?

മൺസൂൺ മാംഗോസ് എന്ന ചിത്രത്തിൽ അഭിനയിക്കാനായി ഞാൻ അമേരിക്കയിൽ ചെന്നപ്പോൾ ഒരു സംഭവം ഉണ്ടായി. ആ ചിത്രത്തിൽ അഭിനയിക്കാനായി അമേരിക്കയുടെ പല ഭാഗത്ത് നിന്നും ഒരുപാട് മലയാളികൾ ഉണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ ഒരു ദിവസം രാത്രി ഒരു അറുപതു വയസോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ വന്നു. തമ്പി ആന്റണിയുടെ സുഹൃത്താണ്, ഈ സിനിമയിൽ അഭിനയിക്കാനായി വന്നതാണെന്ന് പറഞ്ഞു എന്നെ പരിചയപ്പെട്ടു. ഞാൻ മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും ഷൂട്ടിങ് സ്ഥലത്തേയ്ക്ക് പോയിരിക്കുകയായിരുന്നു. ചോദിക്കുന്നതിനു മാത്രം ഉത്തരം പറയുന്ന അധികമൊന്നും സംസാരിക്കാത്ത ഒരാൾ ആയിരുന്നു അദ്ദേഹം. പിറ്റേ ദിവസമാണ് എനിക്ക് ഷൂട്ട് എന്നും ഇപ്പോൾ താമസിക്കാനുള്ള മുറി ഏതാണെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ പ്രൊഡക്ഷനിൽ വിളിച്ചു ചോദിച്ചതിനു ശേഷം അദ്ദേഹത്തിനുള്ള മുറി കാണിച്ചുകൊടുത്തു. രാവിലെ ഞാൻ എണീക്കുമ്പോൾ കാണുന്ന കാഴ്ച അദ്ദേഹം ബൈബിൾ വായിച്ചുകൊണ്ടിരിക്കുന്നതാണ്. എന്റെ ഷൂട്ട് കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹത്തിന്റെ ഭാഗം ഷൂട്ട് ചെയ്യുന്നത്. എന്റെ ഭാഗം കഴിഞ്ഞതിനു ശേഷം ഞാൻ റൂമിൽ വന്നു. പിന്നീടുള്ള എന്റെ ഷൂട്ട് രാത്രിയിൽ ആയിരുന്നു. പിന്നീടു ഞാൻ അദ്ദേഹത്തെ കണ്ടതേയില്ല. പിറ്റേന്ന് രാവിലെ ഞാൻ സെറ്റിൽ ചെന്നപ്പോൾ എല്ലാരും എന്തോ അടക്കി പിടിച്ചു സംസാരിക്കുന്നു. ഞാൻ പ്രൊഡക്ഷനിലെ ഒരാളോട് വിളിച്ചു കാര്യം തിരക്കി. ഇന്നലെ രാവിലെ ബൈബിൾ വായിച്ചുകൊണ്ടിരുന്ന ആ മനുഷ്യൻ അദ്ദേഹത്തിന്റെ ഭാഗം അഭിനയിച്ചതിനു ശേഷം തിരികെ നാട്ടിലേയ്ക്ക് പോയി. വിമാനത്തിലായിരുന്നു നാട്ടിലേയ്ക്ക് പോയത്. എയർപോർട്ടിൽ അദ്ദേഹം വരുന്നതും കാത്തു മകൻ നിൽപ്പുണ്ടായിരുന്നു. എന്നാൽ എല്ലാ യാത്രക്കാരും ഇറങ്ങിയതിനു ശേഷവും അച്ഛനെ മാത്രം ആ മകൻ കണ്ടില്ല. അവസാനം കാര്യം തിരക്കിയപ്പോൾ ആ മനുഷ്യൻ തന്റെ സീറ്റിൽ മരിച്ചിരിക്കുകയായിരുന്നു. ആ വാർത്ത കേട്ടപ്പോൾ വല്ലാത്തൊരു വേദന തോന്നി. തലേദിവസം രാവിലെ ഞാൻ കാണുമ്പോൾ ബൈബിൾ വായിച്ചുകൊണ്ടിരുന്ന ആ മനുഷ്യൻ താൻ അഭിനയിച്ച സിനിമ കാണുന്നതിനു മുന്നേ ദൈവത്തിന്റെ അടുക്കലേയ്ക്ക് പോകുന്ന അവസ്ഥ.

  • സിനിമയിലേയ്ക്ക് വരാൻ വൈകി എന്ന് തോന്നുന്നുണ്ടോ.?

ഒരിക്കലും ഇല്ല. എല്ലാവർക്കും എല്ലാത്തിനും ഒരു സമയമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെക്കാളും പ്രഗത്ഭരായ നടീനടന്മാർ പോലും സിനിമയിൽ വേണ്ടത്ര ചാൻസ് കിട്ടാതെ പുറത്തുനിൽക്കുണ്ട്. അവർക്കെല്ലാം തന്നെ എന്നെപ്പോലെ ചാൻസ് കിട്ടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ഗുരുനാഥന്മാരിൽ ഒരാൾ ആയ രഘു സർ പണ്ട് പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു. പ്രശസ്തനാവാൻ പെട്ടെന്ന് കഴിയും പക്ഷെ പ്രഗത്ഭാനാകാൻ ആണ് ബുദ്ധിമുട്ട്. പ്രഗത്ഭാനായാൽ നമ്മളെ തേടി പ്രശസ്തി താനേ വരും.അതുകൊണ്ട് പ്രഗത്ഭൻ ആകാനാണ് നമ്മൾ ശ്രമിക്കേണ്ടത്.

  • സിനിമയിലെ സംഘടനകളെക്കുറിച്ച് എന്താണ് അഭിപ്രായം?

സിനിമയിലെ സംഘടനകൾ ഇന്ന് ധാരാളം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിർധനരായ കലാകാരന്മാർക്കും അവസരങ്ങൾ കുറഞ്ഞു നിൽക്കുന്നവരെയും സഹായിക്കുന്ന ഒരുപാട് ക്ഷേമപ്രവർത്തനങ്ങൾ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇന്ന് ചെയ്യുന്നുണ്ട്. പിന്നെ ഒരു സംഘടനയിൽ നിൽക്കുമ്പോൾ ആ സംഘടനയുടെ നിയമങ്ങളും അച്ചടക്ക സ്വഭാവവും അനുസരിച്ചുവേണം പ്രവർത്തിക്കാൻ. വിരുദ്ധ അഭിപ്രായം ഉള്ളവർ ആ സംഘടനയിൽ നിന്നും രാജിവച്ചു പുറത്തുപോകണം എന്നാണ് എന്റെ അഭിപ്രായം.

  • പുതു തലമുറയിലെ നടന്മാരായ ദുൽഖർ സൽമാന്റെയും ഫഹദ് ഫാസിലിന്റെയും കൂടെയുള്ള എക്‌സ്പീരിയൻസ് എങ്ങനെയായിരുന്നു?

രണ്ടുപേരും ഞാൻ നേരത്തെ പറഞ്ഞപോലെ പ്രഗത്ഭരായ നടന്മാരാണ്.വളരെ അനായാസമായി ഉള്ള നാച്ചുറൽ ആക്ടിങ് ആണ് ഫഹദിനും ദുൽഖറിനും. ഫഹദ് അഭിനയിച്ച ശ്രദ്ധിക്കപ്പെടാതെപോയ സിനിമകളിൽ പോലും അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു. ഒരു സിനിമ വിജയിക്കണമെങ്കിൽ നായകന്റെ അഭിനയം മാത്രം നന്നായാൽ പോരല്ലോ. ഫഹദിന്റെ കൂടെ മഹേഷിന്റെ പ്രതികാരം ഒക്കെ ചെയ്യുനേ്പാൾ വളരെ ആസ്വദിച്ചായിരുന്നു ഞങ്ങൾ അഭിനയിച്ചിരുന്നത്. തീയറ്ററിൽ ചിരിയുണതിയ ആ ചിത്രത്തിലെ പല സീനുകളും ഷൂട്ട് ചെയ്യുനേ്പാൾ പ്രേക്ഷകർ ചിരിക്കുമോ എന്ന് നമുക്ക് സംശയം ഉണ്ടായിരുന്നു. ഞാനും സൗബിനുമായി സോണിയയുടെ കാര്യം പറഞ്ഞു ഉടക്കുന്ന ( പൊന്നു നായിന്റെമോനെ കരയിപ്പിക്കാതെടാ) സീനൊക്കെ നമ്മൾ ഉദ്ദേശിച്ച രീതിയിൽ വർക്കൗട്ട് ആകുമോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ നമ്മുടെയെല്ലാം പ്രതീക്ഷയ്ക്കപ്പുറം പ്രേക്ഷകർ ആ സീനൊക്കെ ശരിക്കും എൻജോയ് ചെയ്താണ് കണ്ടത്. സൗബിനെ പറ്റി പറയുകയാണെങ്കിൽ മലയാള സിനിമയിൽ കോമഡി ചെയ്യുന്ന നടന്മാരിൽ വ്യത്യസ്ത ശൈലിയുള്ള ഒരു നടനാണ് അദ്ദേഹം. ഡയലോഗ് പ്രസന്റേഷനിൽ യാതൊരു ഗിമ്മിക്കുകളും, ഗോഷ്ടികളും കാണിക്കാതെ ജനുവിനായുള്ള രീതിയിൽ കൃത്യമായ ടൈമിങ്ങോടുകൂടിയാണ്
സൗബിൻ ഡയലോഗ് പറയുന്നത്.

  • മമ്മൂട്ടിയോടൊപ്പം റിലീസിനൊരുങ്ങുന്ന കസബയിൽ അഭിനയിച്ചെന്നു കേട്ടല്ലോ. മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം എന്തായിരുന്നു?

കസബ എന്ന ചിത്രത്തിലേയ്ക്കു എനിക്ക് അവസരം വന്നപ്പോൾ തന്നെ ഡേറ്റ് ഇല്ല എന്നാണ് ആദ്യം
ഞാൻ അവരോടു പറഞ്ഞത്. സത്യത്തിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കാനുള്ള പേടികൊണ്ടു മാത്രമാണ് ഡേറ്റ് ഉണ്ടായിരുന്നിട്ടും ഞാൻ ആദ്യം ഒഴിഞ്ഞുമാറിയത്. മമ്മൂക്ക നേരിട്ടു പറഞ്ഞിട്ടാണ് എന്നെ ആ സിനിമയിൽ ഉൾപ്പെടുത്തിയത് എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി. കസബയിൽ എന്റെ ഭാഗം ചിത്രീകരിക്കുന്നത് ബംഗ്ലൂരിൽ വച്ചായിരുന്നു. ഞാൻ സെറ്റിലെത്തിയ ആദ്യ ദിവസം സെറ്റ് മുഴുവൻ മമ്മൂക്കയെ കാണാനായി ആരാധകർ നിറഞ്ഞു കവിഞ്ഞിരുന്നു. പെട്ടെന്ന് മമ്മൂക്കയുടെ കാർ വന്നു നിന്നു. ഞാനും ജനകൂട്ടത്തിനു സമീപത്തായിരുന്നു നിന്നത്. ആരാധകരെയെല്ലാം കൈവീശി കാണിച്ചതിന് ശേഷം മുന്നോട്ട് നടക്കുന്നതിനിടയിൽ ആണ് മമ്മൂക്ക എന്നെ കണ്ടത്. എന്നെ കണ്ടതും ചിരിച്ചുകൊണ്ട് ' ഹലോ .. ഞാൻ മമ്മൂട്ടി' എന്ന് പറഞ്ഞു എനിക്ക് കൈതന്നു. എന്റെ എല്ലാ പേടിയും അതോടെ അലിഞ്ഞു ഇല്ലാതെയായി.