കൊച്ചി: മൂന്നാറിൽ ഐതിഹാസികമായ തോട്ടം തൊഴിലാളി സ്ത്രീകളുടെ മുല്ലപ്പൂ വിപ്ലവമാണ് ഇപ്പോൾ കേരളമാകെ ചർച്ച ചെയ്യുന്നത്. ബോണസ്-കൂലി വർദ്ധനവിനായി തൊഴിലാളി സ്ത്രീകൾ ഒരേ മനസോടേയാണ് ഒൻപത് ദിവസം കോരിച്ചൊരിയുന്ന മഴയേയും,കത്തുന്ന വെയിലിനേയും,അസ്ഥി നുറുങ്ങുന്ന തണുപ്പിനേയും വെല്ലുവിളിച്ച് മൂന്നാർ ദേശീയപാതയിൽ നിലയുറപ്പിച്ചത്.ഓൺലൈൻ മാദ്ധ്യമങ്ങൾ തുടങ്ങിവച്ച വാർത്തകൾ കേരളത്തിലെ മുഖ്യധാര പത്രങ്ങളും ചാനലുകളും ഏറ്റെടുത്തതോടെ അറബ് വസന്തം പോലെ മൂന്നാർ സമരവും ഒരു മുല്ലപ്പൂ വിപ്ലവമായി മാറുകയായിരുന്നു.

കണ്ണൻദേവൻ കമ്പനിക്ക് മാത്രമല്ല തങ്ങളെ പതിറ്റാണ്ടുകളായി പറഞ്ഞ് പറ്റിക്കുന്ന തൊഴിലാളി സംഘടനകൾക്കും അവയുടെ നേതാക്കന്മാർക്കും താക്കീതായി മാറി ഈ ഐതിഹാസിക സമരം. തൊഴിലാളി മുന്നേറ്റത്തെ ദേവികുളം എംഎൽഎ കൂടിയായ സിപിഐ(എം) നേതാവ് എസ് രാജേന്ദ്രൻ തമിഴ് തീവ്രവാദികളുടെ പങ്കെന്ന് ആക്ഷേപം നടത്തിയെന്ന തരത്തിൽ വാർത്തകൾ വന്നതോടെ സമരം മുഖ്യധാര ഇടതുപക്ഷത്തിന് കൂടി എതിരാകുയായിരുന്നു. ഈ വാദം ഉയർത്തിപ്പിടിച്ച് മറ്റു ചിലരും സമരത്തിൽ തീവ്രവാദ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു.

അതിന് അവർ ഉയർത്തിയ ന്യായങ്ങളും ഒരുപാട് സംശയം ജനിപ്പിക്കുന്നത് തന്നെയായിരുന്നു. കൃത്യമായ പങ്കാളിത്തം,സമരത്തിലെ കണിശത(മുഖ്യമായും ഇടതുപക്ഷ സമരത്തിൽ മാത്രം കണ്ട വരുന്ന കൃത്യനിഷ്ടത മൂന്നാർ സമരത്തിലും ഉണ്ടായല്ലോ? മുദ്രാവാക്യം,നേതാക്കന്മാരെ അകറ്റി നിർത്തൽ തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് അന്ന് സമരത്തെ എതിർത്തവർ ഉയർത്തിക്കാട്ടിയത്. ഏത് തൊഴിലാളി സ്ത്രീയോട് ചോദിച്ചാലും ടാറ്റക്കും, തങ്ങളെ വഞ്ചിച്ച നേതാക്കന്മാർക്കും എതിരായി മാത്രം ഉത്തരം, ഇതെല്ലാം മൂന്നാർ സമരത്തിന് വ്യക്തമായ ചാലകശക്തിയുണ്ടെന്ന് വിശ്വസിക്കാൻ പോന്നത് തന്നെയായിരുന്നു.

കൃത്യമായ ക്യാമ്പയിന്റെ അവസാന ഉൽപ്പന്നം മാത്രമായിരുന്നു സമരം. എന്നാൽ പൊലീസ് പറയും പോലെ അതിൽ യാതൊരു തീവ്രവാദ ബന്ധവും ഇല്ലെന്ന് ഉറപ്പിക്കുകയാണ് ഓരോ തോട്ടം തൊഴിലാളി സ്ത്രീയും അവരുടെ കുടുംബവും. പക്ഷേ തൊഴിലാളികൾക്കിടയിൽ ദീർഘകാലമായി നടന്ന പ്രചരണത്തിന്റെ അവസാനമാണ് തൊഴിൽ സമരം പൊട്ടിപുറപ്പെട്ടത്. സമരത്തിന് നേതൃത്വം കൊടുത്തതാകട്ടെ കേരള തമിഴർ ഫെഡറേഷൻ എന്ന സംഘടനയും, ഈ സംഘടനയുടെ തലപ്പത്തുള്ള അൻവർ ബാലശിങ്കം എന്ന 39കാരനായ യുവാവാണ് തോട്ടം തൊഴിലാളി മേഖലയിൽ പാവപ്പെട്ട തൊഴിലാളികൾക്കായി നാളുകൾ നീണ്ട പോരാട്ടം തുടങ്ങിയത്.

സമരത്തിന്റെ മുന്നണിയിൽ എവിടേയും അൻവറിനേയോ അദ്ദേഹത്തിന്റെ സംഘടനയേയോ കണ്ടില്ല. ക്യാമ്പയിൻ നടത്തി തൊഴിലാളികളെ സമരസജ്ജരാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് അൻവർ മറുനാടൻ മലയാളിയോട് പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്....

മൂന്നാർ സമരം കൊണ്ട് എന്താണ് അൻവർ ബാലശിങ്കം ഉദ്ദേശിച്ചത്?എങ്ങിനെയാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് ആ തൊഴിലാളികളെ എത്തിച്ചത്?

(തമിഴ് കലർന്ന മലയാളത്തിലാണ് മറുപടി)നൂറ്റാണ്ടുകളായി കേരളത്തിൽ പ്രത്യേകിച്ച് ഇടുക്കിയിലെ മൂന്നാറിൽ ജീവിക്കുന്ന തമിഴ് മക്കളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന സംഘടനയാണ് കേരള തമിഴർ ഫെഡറേഷൻ. ഇതിനെ കേവലം ഒരു മലയാളി വിരുദ്ധ സംഘടനയായി കാണാനാണ് കേരളത്തിലെ മുഖ്യാധാര രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും ഇപ്പോഴും എല്ലാകാലവും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. തമിഴ് പാരമ്പര്യമുള്ള(വേരുകളുള്ള) നിരവധി പേരാണ് ഇടുക്കിയിൽ മൂന്നാറിൽ ജീവിക്കുന്നത്.ഇവരുടെ ജീവിതം പലപ്പോഴും ദുഷ്‌കരമാണ്.മിക്കവരും തോട്ടം മേഖലയിൽ ജോലി ചെയ്യുന്നവർ.പാവപ്പെട്ട ഇവരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കനായി ഏതാണ്ട് ഒരു എട്ട് വർഷക്കാലമായി ഞങ്ങൾ ഇടുക്കിയിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

അന്ന് മുതൽ തന്നെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തിൽ ഇടപെട്ട് തന്നെയാണ് ഞങ്ങളുടെ പ്രവർത്തനം.കാലങ്ങളായി കേരളത്തിൽ ജീവിക്കുന്ന അവർക്ക് ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ല. പൂർവ്വികരായി ഈ മണ്ണിൽ ജീവിക്കുന്ന അവരെ ഇന്നാട്ടുകാരായി പോലും അംഗീകരിക്കാൻ ഇവിടുത്തെ മാറിമാറി വന്ന സർക്കാരുകൾ തയ്യാറായിട്ടില്ല എന്നതാണ് സത്യം.ഈ അവസ്ഥയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകണമെന്ന് കരുതി തന്നെയാണ് ഞങ്ങൾ ഇങ്ങനെയൊരു സംഘടനയുമായി മുന്നോട്ട് വന്നത്.തൊഴിലാളികളുടെ പ്രശ്‌നത്തിൽ ഇടപെട്ട് കൂലി വർദ്ദനവിനായി ഏഴ് വർഷം മുൻപും ഞങ്ങൾ പ്രത്യക്ഷമായ സമരം ചെയ്തിട്ടുണ്ട്.അന്ന് കണ്ണൻ ദേവൻ എസ്റ്റേറ്റിന് മുൻപിൽ ഞങ്ങൾ പ്രതിഷേധിച്ചു.പാവപ്പെട്ട തൊഴിലാളിക്ക് 300 രൂപ കൂലിയാക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം.ആദ്യമൊന്നും പലരും ഞങ്ങളുടെ സംഘടനയെ തിരിഞ്ഞ് നോക്കിയില്ലെങ്കിലും ഇപ്പോൾ മൂന്നാറിൽ പ്രത്യേകിച്ച് തോട്ടം തൊഴിലാളി മേഖലയിൽ നിരവധി പ്രവർത്തകരുള്ള സംഘടന തന്നെയാണ് കേരള തമിഴർ ഫെഡറേഷൻ.

ഇത്തവണത്തെയല്ല കഴിഞ്ഞ തവണത്തെ തzരഞ്ഞെടുപ്പിൽ ഫാദർ സൂസൈ എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും കേരള തമിഴർ ഫെഡറേഷന് കഴിഞ്ഞു. തൊഴിലാളികൾക്കിടയിൽ നിരന്തരം നടത്തിയ പ്രചരണ പരിപാടിയുടെ ഉൽപ്പന്നം തന്നെയാണ് ഈ ഐതിഹാസികമായ സമരം. അൻവർ ബാലശിങ്കം തൊഴിലാളികളെ മുതലെടുത്തിട്ടില്ല. സത്യം തിരിച്ചറിഞ്ഞപ്പോൾ അവിടുത്തെ പെൺപിളകൾ തെരുവിലിറങ്ങി അവകാശം ചോദിച്ചു എന്ന് മാത്രം. അതിന് ഇന്ധനമാകാൻ ഞങ്ങളുടെ സംഘടനക്ക് കഴിഞ്ഞു എന്നത് സത്യം തന്നെ.

നിങ്ങളുടെ സംഘടനക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആക്ഷേപം കേരളത്തിൽ ശക്തമാണ്? അൻവർ ബാലശിങ്കം ഒരു തമിഴ് തീവ്രവാദിയാണോ?

(പൊട്ടിച്ചിരിയോടെ)നിങ്ങൾ പറയുമ്പോൾ എനിക്ക് ചിരിയടക്കാൻ കഴിയുന്നില്ല. അവകാശം നിവർന്ന് നിന്ന് ചോദിച്ചാൽ തീവ്രവാദിയാകുമോ? അറിയില്ല.തീവ്രവാദി എന്ന പദം ഞങ്ങളെ നോക്കി ആദ്യം ഉപയോഗിച്ചത് എസ് രാജേന്ദ്രൻ എന്ന കമ്മ്യൂണിസ്റ്റ് എംഎൽഎ ആണെന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു. ഇതൊക്കെ നിൽക്കുമ്പോഴും പറയട്ടെ ആ പ്രസ്ഥാനത്തോട് വലിയ മതിപ്പാണൂള്ളത്. സ്വന്തം സ്ഥലങ്ങളും വീടും സ്വത്തുക്കളും എല്ലാം പാവപ്പെട്ടവർക്കും പ്രസ്ഥാനത്തിനും വിട്ടുകൊടുത്ത മഹാനായ നമ്പൂതിരിപ്പാടിന്റെ പ്രസ്ഥാനമാണ് അത്.ലാളിത്യത്തിന്റെ പ്രതീകമായ ഇകെ നായനാരുടെ പാർട്ടിയല്ലെ അത്.വലിയ ബഹുമാനത്തോടെ മാത്രമേ ഈ രണ്ട് നേതാക്കളേയും ഞാൻ നോക്കിയിട്ടുള്ളൂ.

മുഖ്യമന്ത്രിയായിരിക്കുമ്പോഴും തമിഴ്‌നാട്ടിലെ ചെറിയൊരു ചായക്കടയിൽ നിന്ന് ചായ കുടിക്കാനെത്തിയ നായനാരെ അത്ഭുതത്തോടെ പണ്ട് ഞങ്ങൾ ചെറുപ്പക്കാർ നോക്കിനിന്നത്.ആ പാർട്ടിയുടെ ഒരു നേതാവ് ഇന്ന് പറയുകയാണ് ഞങ്ങൾ തീവ്രവാദികളാണെന്ന്.രണ്ട് തവണയായി ദേവികുളം എംഎൽഎയാണ് രാജേന്ദ്രൻ.ഒരു തവണയെങ്കിലും പാവപ്പെട്ട തോട്ടം തൊഴിലാളിക്ക് വെണ്ടി ഇയാൾ നിയമസഭയിൽ സംസാരിച്ചിട്ടുണ്ടോ?ഈ തോട്ടം തൊഴിലാളികളുടെ കഷ്ടപ്പെട്ടുള്ള ജീവിതത്തെക്കുറിച്ച് ഒന്ന് മനസിലാക്കാൻ പോലും രാജേന്ദ്രൻ ശ്രമിച്ചിട്ടുണ്ടോ?അവരുടെ കൂടി വോട്ട് നേടിയല്ലേ ഇയാൾ ജയിച്ചത്.അദ്ദേഹമാണ് ന്യായമായ അവകാശങ്ങൾ ചോദിച്ചപ്പോൾ മുതലാളിമാരെ പോലും നാണിപ്പിക്കുന്ന വിധത്തിൽ തൊഴിലാളിയെ തീവ്രവാദിയെന്ന് വിളിച്ചത്.എവിടേയെങ്കിലും നിങ്ങൾ കെട്ടിട്ടുണ്ടോ ഒരു ജനപ്രതിനിധിക്ക് ചെരുപ്പടി കൊള്ളുന്നത്.രാജേന്ദ്രനു നേരെ അതുണ്ടായി.അതിന്റെ കാരണവും അയാൾ തന്നെയാണ്.

രാജേന്ദ്രൻ അങ്ങിനെ പറഞ്ഞോ എന്നതിൽ ഇനിയും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.താൻ ആരേയും തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.?

അദ്ദേഹം അങ്ങിനെ പറഞ്ഞു എന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഏഷ്യാനെറ്റ് ചർച്ചയിലാണ് അദ്ദേഹം തീവ്രവാദി എന്ന പദം ഉപയോഗിച്ചത്.നിങ്ങൾ യൂട്യൂബിൽ മൂന്നാറിലെ തമിഴ്മക്കളുടെ അവസ്ഥയെ കുറിച്ച് ഞാൻ ചെയ്ത ഒരു ഡോക്യുമെന്ററി ഉണ്ട് അതൊന്ന് കണ്ട് നോക്കൂ.കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.

മൂന്നാറിൽ രാജേന്ദ്രൻ മാത്രമല്ല അങ്ങിനെ പറയുന്നത്(പറഞ്ഞോ എന്നതിൽ എനിക്കിപ്പോഴും സംശയമുണ്ട്)കേരളത്തിലെ ഭരണകൂടവും,പൊലീസും ഒരുപോലെ പറയുന്നുണ്ടല്ലോ മൂന്നാർ സമരത്തിൽ തീവ്രവാദ ഇടപെടൽ നടന്നിട്ടുണ്ടെന്ന്?

അൻവർ ബാലശിങ്കത്തിനോ കേരള തമിഴർ ഫെഡറേഷനോ യാതൊരു തീവ്രവാദ ബന്ധവും ഇല്ലെന്ന് ഞാൻ എവിറ്റേയും പറയും.കേരള പൊലീസിന് എവിടെ വേണമെങ്കിലും പരിശോധിക്കാം.ഞാൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന നമ്പർ കഴിഞ്ഞ അഞ്ച് കൊല്ലമായി ഉപയോഗിക്കുന്ന നമ്പർ തന്നെയാണ്.അത് വേണമെങ്കിൽ ഇവിടുത്തെ സ്‌പെഷ്യൽ ബ്രാഞ്ചിന് പരിശോധിക്കാമല്ലോ.അല്ലെങ്കിൽ ഒരു ഫോൺ കോളോ ഒരു ഇ മെയിലോ മതിയല്ലോ എന്റെ പേരിൽ എന്തെങ്കിലും കേസ് ഉണ്ടോ എന്ന് അന്വേഷിക്കാൻ.അൻവർ ബാലശിങ്കത്തിന്റെ പേരിൽ തമിഴ് നാട്ടിലോ,കേരളത്തിലോ എന്നല്ല ഭൂമിയിലെവിടേയും ഒരു പെറ്റിക്കേസ് പോലുമില്ല.ഉണ്ടെന്ന് തെളിയിക്കാൻ ആരോപണം ഉന്നയിച്ചവരെ വെല്ലുവിളിക്കുകയാണ്.

ഇപ്പോൾ പറയുകയുകയാണ് ഞങ്ങളുടെ സംഘടനക്ക് എൽടിടിയുമായി ബന്ധമുണ്ടെന്ന്.ചിരിയാണ് സുഹൃത്തേ ഇത് കേൾക്കുമ്പോൾ വരുന്നത്.ഞങ്ങൾ എൽടിടിക്കാരായിരുന്നുവെങ്കിൽ ഇങ്ങനെ ഒരു സമരത്തിന്റെ തന്നെ ആവശ്യം ഉണ്ടായിരുന്നോ.അല്ലെങ്കിൽ അവരുടെ രീതി ഇതാണോ.ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ഉന്നയിച്ചാൽ ആരേയും ഇവിടെ തീവ്രവാദിയാക്കും.അത് ഭരണകൂടത്തിന്റെ തന്ത്രം തന്നെയാണ്.അവകാശങ്ങൾ നേരെ നിന്ന് ചോദിച്ചതാണ് തെറ്റെങ്കിൽ ഇനിയും ഞങ്ങൾ അത് ആവർത്തിക്കും.ഞങ്ങളെ തീവ്രവാദിയെന്ന് വിളിച്ചോളൂ.

എന്തുകൊണ്ടാണ് വി എസ് അച്യുതാനന്ദനെ മാത്രം നിങ്ങൾ സമരത്തിലേക്ക് ക്ഷണിച്ചു.അദ്ദേഹവും ഒരുപാട് കാലം നാട് ഭരിച്ചതല്ലെ.എന്നിട്ടും നിങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടോ?

നമ്പൂതിരിപ്പാടും നായനാരും വിഎസും എല്ലാം ഞങ്ങൾക്ക് ഇഷ്ടപ്പെട്ട നേതാക്കൾ തനെയാണ്.പക്ഷേ ഇവരാരും പാവപ്പെട്ട ഇടുക്കിലെ തമിഴ് മക്കൾക്കായി ഒന്നും ചെയ്തില്ലെന്ന് തന്നെയാണ് പറഞ്ഞു വരുന്നത്.ഇടുക്കി എന്താ കേരളത്തിലല്ലേ എന്ന് സംശയിച്ച് പോകുന്ന അവസ്ഥയാണുള്ളത്.പിന്നേയും വിഎസിനെ മാത്രം സമരത്തിനിരുത്തിയത്.ആദ്ദേഹം ഞങ്ങൾക്ക് പട്ടയം നൽകുമെന്ന പ്രഖ്യാപനമെങ്കിലും നടത്തിയ ആളായതിനാലാണ്.കേരലത്തിൽ കുറച്ചെങ്കിലും ആത്മാർഥതയുള്ള നേതാവായതിനാലാണ്.

ട്രേഡ് യൂണിയനുകൾ നിങ്ങളെ വഞ്ചിച്ചു എന്നാണോ പറയുന്നത്.?

അത് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരണോ?അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് മൂന്നാരിൽ പോയി നോക്കിയാൽ നിങ്ങൾക്ക് തന്നെ നേരിട്ടറിയാം.അത് അൻവർവ് ബാലശിങ്കം പറഞ്ഞ് മനസിലേക്കേണ്ട.ഐഎൻടിയുസിയാണ് കണ്ണൻ ദേവനിലെ പ്രബല സംഘടന.അതിന്റെ നേതാവായിരുന്നത് കുപ്പുസ്വാമിയായിരുന്നു.അദ്ദേഹത്തിന്റെ കുതികാൽ വെട്ടിയാണ് എകെ മണിയെന്ന മുൻ എംഎൽഎ നേതാവായത്.എന്തെങ്കിലും ഒരു വാക്ക് പോലും തൊഴിലാളികൾക്ക് വെണ്ടി ഇവർ പറഞ്ഞിട്ടില്ല.എഐടിയുസിയും സിഐടിയുവും എല്ലാം ഇവിടെ തൊഴിലാളികളെ വഞ്ചിക്കുകയാണ്.നിരവധി തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്.

നിങ്ങളുടെ സംഘടന കേരളത്തിനെതിരാണോ?അത്തരത്തിലും ഒരു പ്രചരണം നടക്കുന്നുണ്ടല്ലോ?

ഒരിക്കലുമല്ല,അതെല്ലാം ഒരുതരം പ്രചാര വേല തന്നെയാണ്.പാവപ്പെട്ട തോട്ടം തൊഴിലാളിയുടെ മക്കൾക്ക് വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുകയാണ്.തമിഴ്‌നാട്ടിൽ പോയാൽ പറയും നിങ്ങൾ മലനാട്ടുകാരാണ് എന്ന്.കേരളത്തിൽ വന്നാൽ പറയും നിങ്ങൾ തമിഴരാണ് എന്ന്.സത്യത്തിൽ രണ്ട് ഇടങ്ങളിലും ഇവർ രണ്ടാം തരം പൗരന്മരായാണ് കണക്കാക്കപ്പെടുന്നത് എന്നാണ് സത്യം.തൊട്ടടുത്ത പത്തനംതിട്ട ജില്ലയിലെ തോട്ടം തൊഴിലാളിക്ക് ലഭിക്കുന്ന വേതനം പാവപ്പെട്ട മൂന്നാറിലെ തൊഴിലാളിക്ക് വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.ഇത് മൂന്നാറിനെ തമിഴ്‌നാടിനോട് ചേർക്കാനുള്ള നീക്കമാണെന്ന പ്രചരണം ഐതിഹാസികമായ ഈ മുന്നേറ്റത്തെ തകർക്കാനാണ്.

തമിഴ്‌നാട്ടിൽ ഇന്ന് ഇവിടുത്തെ സ്ത്രീകളെ ആരും വന്ന് വിവാഹം ചെയ്തുകൊണ്ടുപോകുക പോലുമില്ല അവിടേയും രണ്ടാം തരമായാണ് ഇവരെ കണക്കാകുന്നത്.ഈ മുന്നേറ്റം ഒരിക്കലും കേരളത്തിനെതിരല്ല.ഒരുമക്കായാണ് ഞങ്ങളുടെ പോരാട്ടം അത് തുടരുക തന്നെ ചെയ്യും

ഇനി ബാലശിങ്കത്തെ കുറിച്ച്

തമിഴ്‌നാട് കേരളാ അതിർത്തി ജില്ലയായ ചെങ്കോട്ടയിലാണ് ബാലശിങ്കം ജനിച്ചത്. പാഥമിക വിദ്യാഭ്യാസം അവിടെ നിന്നും പൂർത്തിയാക്കിയ ഇദ്ദേഹം എംഎ ,എംഫിൽ,ബിഎഡ് ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഡോക്യുമെന്ററി സംവിധായകനും നോവലിസ്റ്റുമാണ് അൻവർ ബാലശിങ്കം. ഇപ്പോൾ ഭാര്യയുടെ ജോലി സംബന്ധമായി തേനിയിലാണ് താമസം. ഭാര്യ അവിടെ ഗവണ്മെന്റ് സ്‌കൂൾ ടീച്ചറാണ്. രണ്ട് മക്കളുള്ള ഈ മുപ്പത്തിഒൻപതുകാരൻ 5 നോവലുകൾ തമിഴിൽ എഴുതിയിട്ടുണ്ട്. കേരള തമിഴർ ഫേഡറേഷന്റെ മുൻനിര നേതാവാണ് അൻവർ ബാലശിങ്കം.