- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുകുമാരൻനായർക്കെതിരായ പ്രമേയത്തിൽ പങ്കില്ല; പെരുന്നയിലെ പ്രവർത്തനത്തിലെ വിരോധാഭാസം സമുദായം തിരിച്ചറിയുന്നുണ്ട്; എൻഎസ്എസിനെ സമീപിക്കാൻ പിൻവാതിൽ വേണ്ട; ബിജെപിക്ക് നേരിട്ടു ചെല്ലാൻ ത്രാണിയുണ്ട്: എംടി രമേശ് മറുനാടനോട്
ആലപ്പുഴ : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർക്കെതിരെ കരയോഗങ്ങൾ പ്രമേയം പാസാക്കുന്നതിൽ ബിജെപിയ്‌ക്കോ ആർഎസ്എസിനോ പങ്കില്ലെന്ന വിശദീകരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി രമേശ്. പ്രവർത്തനങ്ങളിലെ വിരോധാഭാസം തിരിച്ചറിഞ്ഞ് ഹിന്ദു സംഘടനകളുമായി കൂടുതൽ അടുപ്പം കാണിക്കാൻ സുകുമാരൻ നായർ ശ്രമം നടത്തണമെന്നും എംടി രമേശ് വ്യ
ആലപ്പുഴ : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർക്കെതിരെ കരയോഗങ്ങൾ പ്രമേയം പാസാക്കുന്നതിൽ ബിജെപിയ്‌ക്കോ ആർഎസ്എസിനോ പങ്കില്ലെന്ന വിശദീകരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി രമേശ്. പ്രവർത്തനങ്ങളിലെ വിരോധാഭാസം തിരിച്ചറിഞ്ഞ് ഹിന്ദു സംഘടനകളുമായി കൂടുതൽ അടുപ്പം കാണിക്കാൻ സുകുമാരൻ നായർ ശ്രമം നടത്തണമെന്നും എംടി രമേശ് വ്യക്തമാക്കി. സുരേഷ് ഗോപിയെ എൻഎസ്എസ് ആസ്ഥാനത്ത് അപമാനിച്ച സംഭവത്തിൽ പാർട്ടി നിലപാട് മറുനാടൻ മലയാളിയോട് വിശദീകരിക്കുകയായിരുന്നു എംടി രമേശ്
എൻ എസ് എസിനെ സമീപിക്കാൻ ബിജെപിക്ക് പിൻവാതിലിന്റെ ആവശ്യമില്ല. നേരിട്ടു ചെല്ലാൻ ത്രാണിയുള്ള പ്രസ്ഥാനമാണ് ബി ജെപി. സുരേഷ് ഗോപിയെ മന്നം സമാധിയിലേക്കും സുകുമാരൻ നായരുടെ അടുത്തേക്കും പറഞ്ഞയച്ചത് ബിജെപി അല്ല.... അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിനം സുരേഷ് ഗോപി സുകുമാരൻ നായരെ കാണാനെത്തിയ സംഭവത്തെക്കുറിച്ച് രമേശ് മറുനാടനോട് പ്രതികരിച്ചു. ജന്മദിനാഘോഷവേളയിൽ ചങ്ങനാശേരിയിലെത്തിയ സുരേഷ് ഗോപി മന്നം സമാധിയിലെത്തിയതാണ്. ജനറൽ സെക്രട്ടറിയെ കാണാതെ പോകുന്നത് മര്യാദ കേടാകുമെന്ന് മനസിലായതിനാലാണ് കാണാൻ ശ്രമിച്ചത്. സുരേഷ് ഗോപി അദ്ദേഹത്തിന്റെ മര്യാദ കാണിച്ചു. പക്ഷേ മറിച്ച,് മര്യാദ കാട്ടിയുമില്ല. ഈ വിഷയത്തിൽ ബിജെപി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വിവിധ കരയോഗങ്ങളിൽ ജനറൽ സെക്രട്ടറിക്കെതിരെ പ്രമേയങ്ങൾ പാസാക്കുന്നത് ബിജെപിയുടെയും ആർ എസ് എസ്സിന്റെയും പിന്തുണയോടാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. സംസ്ഥാന പ്രസിഡന്റ് അടങ്ങുന്ന കരയോഗത്തിൽ പ്രമേയം പാസാക്കേണ്ടിവന്നതിൽ പരിഭവിച്ചിട്ടു കാര്യമില്ല. അതിന് നേതൃസ്ഥാനങ്ങൾ വഹിക്കുന്നവർ ആരായാലും പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിലെ വരുംവരായ്കകളെയും തിരിച്ചറിയണം. പ്രവർത്തനങ്ങളിലെ വിരോധാഭാസം തിരിച്ചറിഞ്ഞ് ഹിന്ദു സംഘടനകളുമായി കൂടുതൽ അടുപ്പം കാണിക്കാൻ ശ്രമം നടത്തണമെന്നാണ് രമേശിന്റെ ആവശ്യം.
സുകുമാരൻ നായർക്കെതിരെ ഒന്നും പാർട്ടി ചെയ്യുന്നില്ല. ബിജെപിക്ക് അത്തരത്തിൽ ഒരു നീക്കത്തിന്റെ ആവശ്യമില്ല. എൻ എസ് എസ് പിടിച്ചെടുക്കാനും ഉദ്ദേശിക്കുന്നില്ല. എന്നാൽ ഹിന്ദുസംഘടനകളോട് എൻ എസ് എസ് പുലർത്തുന്ന നിലപാട് അത്ര സുഖകരമല്ല. നായർ സമുദായത്തിന്റെ പേരിൽ സംഘടനയുണ്ടാക്കി യു ഡി എഫിന് അനുകൂലമായി പ്രവർത്തിക്കുന്നതിലെ വിരോധാഭാസം സമുദായം തിരിച്ചറിയും. ഇത്തരം കാര്യങ്ങൾ ബിജെപി പറഞ്ഞ് തിരുത്തേണ്ടതല്ല. മറിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് തിരുത്തേണ്ടത്.
അതേസമയം അരുവിക്കരയിൽ പരാജയപ്പെട്ട ഇടതുമുന്നണി വീണ്ടും തിരുത്തുമെന്ന പ്രചരണം നൽകുന്നുണ്ട്. ശരിക്കും സിപിഐ(എം) പിരിച്ചുവിട്ടാണ് തിരുത്തേണ്ടത്. നെയ്യാറ്റിൻകരയിൽ പരാജയപ്പെട്ടപ്പോൾ തിരുത്തുമെന്ന് പറഞ്ഞിരുന്നു പക്ഷേ തിരുത്തിയില്ല. ഇതൊരു തനിയാവർത്തനം മാത്രമാണ്. പി ബി അംഗം വരെ ബൂത്തുതലത്തിൽ പ്രചരണത്തിന് ഇറങ്ങിയിട്ടും ജയിക്കാൻ കഴിയാതിരുന്ന സാഹചര്യം സി പി എമ്മിനെ സംബന്ധിച്ചിടത്തോളം മറക്കാൻ കഴിയാത്ത പാഠമാണ്. ഏതായാലും കേരളത്തിൽ ബിജെപിക്ക് അധികാരത്തിലേക്കുള്ള ദൂരം കുറയുകയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ അതു വ്യക്തമാകുകയും ചെയ്യുമെന്നു രമേശ് പറഞ്ഞു.
സുരേഷ് ഗോപിയെ അപമാനിച്ചതിനെതിരെ എൻഎസ്എസിനുള്ളിലും പ്രതിഷേധം ശക്തമാണ്. ചില കരയോഗങ്ങൾ പ്രമേയം പാസാക്കി മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരണത്തിന് നൽകി. സംസ്‌കാര ശൂന്യതയാണ് സുകുമാരൻ നായർ കാണിച്ചതെന്നായിരുന്നു ആക്ഷേപം. ഇതിനിടെ സമസ്ത നായർ സമാജവും രംഗത്ത് വന്നു. ആർഎസ്എസ് പിന്തുണയോടെയാണ് ഈ നീക്കങ്ങളെന്ന് വിലയിരുത്തൽ ഉണ്ടായി. സംഘപരിവാർ നേതാക്കൾക്ക് മേധാവിത്തമുള്ള കരയോഗങ്ങളിലായിരുന്നു പ്രമേയം പാസാക്കൽ നടന്നത്. ഈ സാഹചര്യത്തിലാണ് അത്തരമൊരു വിമർശനം ഉയർന്നത്.