തിരുവനന്തപുരം: ദിലീപ് എങ്ങനെ ജനപ്രിയ നായകനായി? ഗോപാലകൃഷ്ണനെന്ന ദിലീപ് മനസ്സ് തുറക്കുകയാണ്. ടു കൺട്രീസ് എന്ന സിനിമ സൂപ്പർ വിജയമാകുമ്പോൾ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. തിയേറ്ററുകളിൽ നിന്ന് തിയേറ്ററുകളിലേക്ക് ടു കൺട്രീസിന്റെ വിജയമാഘോഷിക്കാനുള്ള ഓട്ടത്തിലാണ് പ്രിയ നടൻ. കുടുംബ പ്രശ്‌നങ്ങൾക്കിടയിലും ആരാധകർ തന്നെ കൈവിട്ടില്ല. അതു തന്നെയാണ് ടു കൺട്രീസിന്റെ വിജയമെന്ന് ദിലീപ് പറയുന്നു. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി 1992 ആദ്യം ഇറങ്ങിയ 'നിന്നോടിഷ്ടം കൂടാം' എന്ന സിനിമയിലൂടെയാണു ദിലീപ് നടനായി സ്‌ക്രീനിൽ കാണിക്കുന്നത്. ആ ചിത്രത്തിന്റെ ഷൂട്ടിങ് 1991 ലായിരുന്നു. അങ്ങനെ ദിലീപ് സിനിമയിലെത്തിയിട്ട് 25 വർഷവുമായി. പിന്നീട് ചെറിയ വിജയങ്ങളിലൂടെ സൂപ്പർ താര പദവിയും.

സൂപ്പർ താര പദവിയൊന്നും മോഹിച്ചല്ല സിനിമയിൽ എത്തിയത്. മിമിക്രി കളിച്ചു നടന്നപ്പോൾ പലതും മനസ്സിൽ തോന്നി. സിനിമയിൽ അസിസ്റ്റൻന്റ് ഡയറക്ടറായാണു തുടങ്ങുന്നത്. പല ശ്രമങ്ങൾ നടത്തി പരാജയപ്പെടുമ്പോഴും പ്രതീക്ഷകൾ കൈവിട്ടിരുന്നില്ല. സ്വപ്നങ്ങളാണല്ലോ ഏതൊരു മനുഷ്യനും ചെലവില്ലാതെ കാണാനാവുന്നത്. അങ്ങനെ നടനാകണമെന്ന മോഹവുമായി പല ശ്രമങ്ങൾ നടത്തി വരുമ്പോഴാണ് അമേരിക്കയിൽ മിമക്രി അവതരിപ്പിക്കാൻ അവസരം കിട്ടിയത്. എല്ലാവരും ചിന്തിക്കും പോലെ ദിലീപും ആലോചിച്ചു. നാദിർഷായെന്ന സുഹൃത്തും ഈ ചിന്തയ്ക്ക് ഒപ്പം ചേർന്നു. എന്നാൽ അവസാന നിമിഷം മനസ്സുമാറി. അതു തന്നെയാണ് ദിലീപിനെ മലയാള സിനിമയിലെ സൂപ്പർ നായകനിലേക്ക് എത്തിച്ചതും.

സംഭവം ദിലീപ് വിവരിക്കുന്നത് ഇങ്ങനെ-അമേരിക്കയിൽ വച്ച് ഒരു ഷോ ചെയ്യുന്നതും ഞാനും നാദിർഷായും കൂടി മുങ്ങാൻ തീരുമാനിക്കുന്നതും. ഷോ തീരുന്നതിന്റെ അന്നു രാത്രി മുങ്ങാൻ തീരുമാനിച്ച ഞങ്ങൾ ആ മുങ്ങൽ ഒരു വർഷം നീട്ടിവയ്ക്കാൻ തീരുമാനിച്ചു. നമുക്ക് ഒരു വർഷം കൂടി ശിക്ഷ നീട്ടാമല്ലേ എന്നുള്ള തീരുമാനത്തിൽ മുങ്ങാതെ നാട്ടിലെത്തുകയും പിന്നീട് അതേ വർഷം തന്നെ ചെറിയ ചെറിയ വേഷങ്ങൾ ലഭിക്കുകയും എന്തിനേറെ, പിന്നെ എന്റെ പേരിൽ തന്നെ അമേരിക്കയിൽ ഷോയ്ക്കു പോകുക വരെ ചെയ്തു. സിനിമാ ജീവിതത്തിലേക്കു വഴി തുറക്കുന്നതു ജയറാമേട്ടനാണ്. പക്ഷേ, കരിയറിലെ ഗുരു കമൽ സാറാണ്. പിന്നെയും ഉണ്ട്. ലോഹി സാർ, ജോഷി സാർ അങ്ങനെ ഒട്ടേറെ ഗുരുക്കന്മാർ ഉണ്ട്. പിന്നെ അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്ന് എന്നെ പഠിപ്പിച്ചത് ഇന്നസെന്റേട്ടനാണ്.

കുട്ടികളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന നടനാണ് ദിലീപ്. കുടുംബ സദസ്സുകളെ തീയേറ്ററിലെത്തിച്ച സിഐഡി മൂസ. മൂസയുടെ രണ്ടാം ഭാഗം അതി ഗംഭീരമാക്കാൻ ദിലീപ് തയ്യാറെടുക്കുകയാണ്. സിഐഡി മൂസയുടെ രണ്ടാം ഭാഗം പ്രേക്ഷകർ എല്ലാവരും ആഗ്രഹിക്കുന്നതാണ്. ആദ്യ ഭാഗം ഇറങ്ങിയിട്ട് ഇപ്പോൾ 13 വർഷമായി. ആറേഴു കൊല്ലമായി മൂസയുടെ രണ്ടാം ഭാഗം അണിയറയിൽ തന്നെയാണ്. എന്റെ ഡേറ്റുകൾ തന്നെ എന്റെ കയ്യിൽ ഇല്ല. മറ്റുള്ളവരുള്ള കമ്മിറ്റ്‌മെന്റ്‌സ് തീർത്തിട്ടു സിഐഡി മൂസയുടെ രണ്ടാം ഭാഗം ഗംഭീരമാക്കാൻ കാത്തിരിക്കുകയാണ്-നടൻ പറയുന്നു.

കുഞ്ഞിക്കൂനനെ അവതരിപ്പിച്ചു കഴിഞ്ഞു പോകുമ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്. മറക്കാനാവാത്ത അനുഭവങ്ങളാണ് ആ സിനിമയും കഥാപാത്രവും സന്ദർഭങ്ങളും തന്നത്. പിന്നീടു ചാന്തുപൊട്ട്, മീശ മാധവൻ, തിളക്കത്തിലെ ഉണ്ണി എന്നിങ്ങനെ. കൺട്രീസിലെ അനുഭവം എന്നുള്ളതു രാവിലെ എഴുന്നേൽക്കുമ്പോൾ ലൊക്കേഷൻ ഉണ്ടായിരുന്നില്ല എന്നുള്ളതാണ്. മറ്റു കഥാപാത്രങ്ങളിൽ മുകേഷ്, സുരാജ് എന്നിവരെല്ലാം ചിരിയുടെ ആളുകളായതുകൊണ്ടു തമാശയ്ക്കു കുറവുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രശ്‌നങ്ങളൊന്നും മുന്നിലേക്കു വന്നതേയില്ല. അല്ലെങ്കിൽ വന്നത് അറിഞ്ഞതേയില്ല.

മംമ്തയുമായുള്ള എന്റെ നാലാമത്തെ പടമാണിത്. ആദ്യ പടം പാസഞ്ചറായിരുന്നു. റാഫി ടു കൺട്രീസിന്റെ കഥ പറയുമ്പോൾ തന്നെ എന്റെ മനസ്സിൽ മംമ്തയായിരുന്നു. ഇതിലെ കഥാപാത്രം പ്രതിഫലിപ്പിക്കാൻ അവർക്കല്ലാതെ പറ്റില്ല. സിനിമയ്ക്കു വേണ്ടി മംമ്തയെ വിളിക്കുമ്പോൾ ചികിൽസകൾ നടക്കുകയായിരന്നു. എന്നിട്ടോ മംമ്തയ്ക്കു വേണ്ടി വെയ്റ്റു ചെയ്തു. ജൂലൈയിലാണു ഷൂട്ടിങ് തുടങ്ങിയത്. മംമ്തയ്ക്കു തമാശകളും സന്ദർഭങ്ങളും പെട്ടെന്നു വഴങ്ങുമെന്നും ദിലീപ് പറയുന്നു.