- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം ലീഗ് സമ്പന്നരുടെ പാർട്ടി; ഫാസിസത്തെ സിപിഎമ്മും ഭയപ്പെടുന്നു; വനിതാസ്ഥാനാർത്ഥികൾ സ്വന്തം നിഴലിന്റെ ഫോട്ടോ കൊടുക്കുന്നത് അവരുടെ ഇഷ്ടം; എസ് ഡി പി ഐ നേതാവ് നസറുദ്ദീൻ എളമരം മറുനാടനോട്
കോഴിക്കോട്: പാർട്ടി രൂപീകരിച്ച ശേഷം രണ്ടാമത്തെ തദ്ദേശതെരഞ്ഞെടുപ്പ് അങ്കത്തിലാണ് എസ്.ഡി.പി.ഐ. പാർട്ടിയുടെ നയനിലപാടുകളും വികസന കാഴ്ചപ്പാടും വ്യക്തമാക്കുകയാണ് പാർട്ടി വക്താവ് കൂടിയായ നസറുദ്ദീൻ എളമരം. എൻ.ഡി.എഫിൽ നിന്നും പോപ്പുലർഫ്രണ്ടിലൂടെ എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയിലേക്കുള്ള കടന്നുവരവും ഭരണകൂട ഫാസിസത്തോടുള്ള പാർട്ടിയുട
കോഴിക്കോട്: പാർട്ടി രൂപീകരിച്ച ശേഷം രണ്ടാമത്തെ തദ്ദേശതെരഞ്ഞെടുപ്പ് അങ്കത്തിലാണ് എസ്.ഡി.പി.ഐ. പാർട്ടിയുടെ നയനിലപാടുകളും വികസന കാഴ്ചപ്പാടും വ്യക്തമാക്കുകയാണ് പാർട്ടി വക്താവ് കൂടിയായ നസറുദ്ദീൻ എളമരം.
എൻ.ഡി.എഫിൽ നിന്നും പോപ്പുലർഫ്രണ്ടിലൂടെ എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയിലേക്കുള്ള കടന്നുവരവും ഭരണകൂട ഫാസിസത്തോടുള്ള പാർട്ടിയുടെ നിലപാടും വിശദമാക്കുന്നു അദ്ദേഹം. എസ്.ഡി.പി.ഐയെ നഖശിഖാന്തം എതിർക്കുന്ന ഇടത് -വലതുമുന്നണികൾ തദ്ദേശത്തിൽ പലയിടങ്ങളിലും തങ്ങളോടു ചേർന്ന് കൂട്ടുകെട്ട് ഉണ്ടാക്കിയതിനെ കുറിച്ചും വിശദമാക്കുന്നു. മുസ്ലിം ലീഗ് സമ്പന്ന വരേണ്യ വിഭാഗക്കാരുടെ പാർട്ടിയെന്ന് തുറന്നടിക്കുന്നതോടൊപ്പം വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാടും വ്യക്തമാക്കുന്നു.
എസ്.ഡി.പി.ഐ ( സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യ) ദേശീയ കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പറുമായ നസറുദ്ദീൻ എളമരവുമായി തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മറുനാടന്മലയാളി ലേഖകൻ എംപി റാഫി നടത്തിയ അഭിമുഖം..
? ഈ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മുന്നോട്ടു വെയ്ക്കുന്ന വികസന കാഴ്ചപ്പാട് എന്തൊക്കെയാണ്
ഒന്നാമതായി ഞങ്ങൾ പറയുന്നത് വികസനത്തിന്റെ ഗുണഭോക്താക്കൾ സാധാരണ ജനങ്ങളായിരിക്കണമെന്നാണ്. വിവേചനമില്ലാത്ത വികസനമാണ് ഞങ്ങൾ മുന്നോട്ടു വെയ്ക്കുന്ന നയം. ഇപ്പോൾ എല്ലാം ഒരു വീതം വെയ്‌പ്പാണ് നടക്കുന്നത്. ഏതൊരു കാര്യവും വീതം വെയ്‌പ്പിലൂടെ എങ്ങനെ ലാഭമുണ്ടാക്കാമെന്ന് ചിന്തിക്കുന്ന മാഫിയകളാണ് പഞ്ചായത്തുകളിൽ അടിഞ്ഞു കൂടിയിട്ടുള്ളത്. റോഡിനു വേണ്ടി ഫണ്ട് ലഭിച്ചൽ അതിൽ മുപ്പതോ നാൽപ്പതോ ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്. ബാക്കിയെല്ലാം ഓഹരി വീതംവെയ്‌പ്പാണ് നടക്കുന്നത്. ഇതിൽ മെമ്പർമാരും പഞ്ചായത്ത് സെക്രട്ടറിമാരും എഞ്ചിനീയർമാരും പങ്കുപറ്റുന്നുണ്ട്. ഇതിനു മാറ്റം വരുത്തി വികസനത്തിന് അനുവദിച്ച തുക മുഴുവനായും ജനങ്ങളിലേക്കെത്തുന്ന ഒരു കുറ്റമറ്റ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. മറ്റൊന്ന് ഗ്രാമസഭകൾ ശക്തമാക്കുകയും ഇതിലൂടെ പദ്ധതി വിഹിതങ്ങൾ ചെലവഴിക്കുകയും ചെയ്യലാണ് എസ്.ഡി.പി.ഐ ഉദ്ദേശിക്കുന്നത്.
? എത്ര സീറ്റുകളിലാണ് എസ്.ഡി.പി.ഐ മത്സരരംഗത്തുള്ളത്
ഇത്തവണ രണ്ടായിരത്തിലധികം സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും പഞ്ചായത്തുകൾ നഗരസഭകളിലേക്ക് മത്സരിക്കുന്നുണ്ട്. ഇതിൽ മലപ്പുറം ജില്ലയിലാണ് കൂടുതൽ സ്ഥാനാർത്ഥികളുള്ളത്. കഴിഞ്ഞ തവണ 300 സീറ്റുകളിൽ മാത്രമാണ് ഞങ്ങൾ മത്സരിച്ചിരുന്നത്. അത് ഇത്തവണ രണ്ടായിരമായി. കഴിഞ്ഞ തവണ മത്സരിച്ച 102 സീറ്റുകളിലും ഞങ്ങൾ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. കണ്ണൂർ, തൊടുപുഴ, ഷൊർണൂർ, പത്തനംതിട്ട എന്നീ നാല് നഗരസഭാ സീറ്റുകളും ആറ് ലോക്കൽ ബോഡി സീറ്റുകളും ഒരു ബ്ലോക്ക് ഡിവിഷൻ സീറ്റും എസ്.ഡി.പി.ഐ നേടുകയുണ്ടായി.
? പാർട്ടിക്ക് ഏറ്റവും ശക്തിയുള്ള മലപ്പുറത്ത് എന്തുകൊണ്ടാണ് കൂടുതൽ നേട്ടം ഉണ്ടാക്കാൻ സാധിക്കാത്തത്.
മലപ്പുറം ജില്ലയിൽ ഞങ്ങൾക്ക് ശക്തിയുണ്ടെങ്കിലും ഞങ്ങളുടെ പ്രതിയോഗികൾക്കും ശക്തിയുള്ള പ്രദേശമാണ്. മലപ്പുറത്ത് കക്ഷി ബന്ധങ്ങൾ മറന്നു കൊണ്ട് എസ്.ഡി.പി.ഐ ജയിക്കാതിരിക്കാൻ ബിജെപി ഉൾപ്പെടെയുള്ളവരുമായി സിപിഎമ്മും ലീഗും യോജിക്കുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുള്ളത്.
? എസ്.ഡി.പി.ഐയുടെ വളർച്ചയ്ക്ക് മുസ്ലിം ലീഗ് ഭീഷണിയാകുന്നുണ്ടോ
അങ്ങനെ തോന്നുന്നില്ല. കാരണം, മുസ്ലിംലീഗ് മുലപ്പുറത്തും മലബാറിലും മാത്രം കേന്ദ്രീകരിച്ചിട്ടുള്ള ഒരു പാർട്ടിയാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലൊന്നും അവർ പ്രവർത്തിക്കുന്നില്ല. മലപ്പുറത്തിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയ അജണ്ടയും ഇല്ലാത്ത പാർട്ടിയാണ് ലീഗ്. അതുകൊണ്ട് ലീഗ് ഒരു തടസമായി ഞങ്ങൾ കാണുന്നേ ഇല്ല. മുസ്ലിം വിഭാഗത്തിൽ നിന്നും അതിശക്തമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമായിരുന്ന പാർട്ടിയായിരുന്നു ലീഗ്. ബംഗാൾ മഹാരാഷ്ട്ര, കാർണാടക തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മന്ത്രിയും എംഎൽഎയും എംപിയും ലീഗിന് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനിയും വേരോട്ടം സാധ്യമാകുമായിരുന്ന പാർട്ടി സങ്കുചിത താൽപര്യങ്ങൾക്കും രാഷ്ട്രീയ അജണ്ടകളിലേക്കും ചുരുങ്ങുകയും കേരളത്തിന്റെ ചിലഭാഗങ്ങളിൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് പിന്നീട് കണ്ടത്. കേരളത്തിലെ മുഴുവൻ മുസ്ലിങ്ങളെ പ്രതിനിധീകരിക്കാൻ ഇതുവരെ കഴിയുന്നില്ല. മലപ്പുറത്ത് കിട്ടുന്ന സ്വീകാര്യത ലീഗിന് ഒരിക്കലും തെക്കൻ ജില്ലകളിൽ കിട്ടുന്നില്ല. ലീഗ് പ്രമാണിമാരുടെയും കച്ചവടക്കാരുടെയും സമ്പന്നന്മാരുടെയും മാത്രം താൽപര്യം പുലർത്തി പോന്നത് ലീഗിനോട് മുസ്ലിങ്ങൾക്ക് അകൽച്ചയുണ്ടാക്കാൻ കാരണമായി. ഇന്ത്യയിലെ ചിതറി നൽക്കുന്ന മുസ്ലിം സമൂഹത്തെ ഒരുമിപ്പിക്കുകയും ഒരേ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരികയും ചെയ്യാൻ കെൽപുണ്ടായിട്ടും ലീഗ് ചെയ്യാതിരുന്നത് വലിയ അവരുടെ അനാസ്്്്ഥയാണ്. മുസ്ലിം താൽപര്യങ്ങളേക്കാൾ സമ്പന്ന വരേണ്യ വിഭാഗങ്ങളുടെ താൽപര്യങ്ങൾക്കാണ് ലീഗ് പ്രാമുഖ്യം നൽകിയിരുന്നത്. ഒരുകാലത്ത് ഖാഇദേ മില്ലത്തും സേഠ് സാഹിബുമെല്ലാം മുസ്ലിങ്ങൾ നേരിട്ടിരുന്ന നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നു. ഇന്ന് ഇത്തരത്തിൽ അഭിമുഖീകരിക്കാൻ ലീഗിൽ നേതൃത്വമില്ല. എസ്.ഡി.പി.ഐ ഇന്ന് ദേശീയ തലത്തിൽ വളരെ ശക്തമായി പ്രവർത്തിക്കുന്നു. മണിപ്പൂർ, ആന്ധ്രാ, ഗോവ, ബംഗാൾ, കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെല്ലാം തദ്ദേശസ്ഥാപനങ്ങളിൽ ഞങ്ങളുടെ പ്രതിനിധികളുണ്ട്. കർണാടകയിൽ വലിയൊരു വളർച്ച പാർട്ടിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇരുപതിലധികം സ്ഥാനങ്ങളിൽ പാർട്ടി ശക്തമായി പ്രവർത്തിക്കുന്നു.
? ഫാസിസത്തിനെതിരെയുള്ള പാർട്ടിയുടെ നയം എന്താണ്.
ഞങ്ങൾ കരുതുന്നത്, ഫാസിസത്തെ പ്രതിരോധിക്കാൻ ഒരു ശക്തമായ ജനകീയ കൂട്ടായ്മയാണ് വേണ്ടത് എന്നാണ്. ഇന്ന് നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ പരിശോധിച്ചാൽ ഫാസിസത്തെ സഹായിക്കുന്നതാണ്. പലപ്പോഴും ഫാസിസത്തിന് വളരാൻ അനുകൂലമായ രീതിയിലുള്ള നിലപാടുകളാണ് ഓരോ പാർട്ടികളും ഇതുവരെ എടുത്തിട്ടുള്ളത്. ഒരു പാർട്ടിയും ആർജ്ജവത്തോടെ ഫാസിസത്തെ നേരിടാൻ തയ്യാറാകുന്നില്ല. സിപിഎമ്മുകാർ പോലും ഭയപ്പാടോടു കൂടിയാണ് ഫാസിസത്തോടുള്ള സമീപനം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത് വളരെ അപകടകരമാണ്. ഒരു കാലത്ത് വളരെ പ്രതീക്ഷയുണ്ടായിരുന്ന ഒന്നാണ് ഇടതു ചേരി എന്നത്. യാഥാർത്ഥ്യം ഒരിക്കലും ഉൾക്കൊള്ളാത്ത അനാവശ്യമായ ഒരു തരം ബാലൻസിങ് നടത്തിയിട്ട് യഥാർത്ഥത്തിൽ ഇല്ലാത്ത ഒരു ന്യൂനപക്ഷ വർഗീയതയെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഇക്കാലമത്രയും ഇവർ ചെയ്തിട്ടുള്ളത് ഫാസിസത്തെ സഹായിക്കലാണ്. ഇത് ഹിന്ദുത്വ സംഘടനകൾ ശക്തിപ്പെടാൻ സാധിക്കും. ഇപ്പോൾ സിപിഐ(എം) അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അവർ പാർട്ടി അണികൾക്ക് നൽകിയിട്ടുള്ള വിദ്യാഭ്യാസം ഏതു നേരവും ബിജെപിയിലേക്ക് ചേക്കാറാമെന്നുള്ള മാനസികാവസ്ഥയാണ്.
?വർഗീയതയുടെ പേരിൽ ന്യൂനപക്ഷത്തെ സംഘടിപ്പിക്കുമ്പോഴും ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുകയല്ലേ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനയും ചെയ്തു കൊണ്ടിരിക്കുന്നത്.
അത് ചരിത്രത്തെ തെറ്റായി വായിക്കുകയാണെന്നാണ് ഞാൻ ഇതേ കുറിച്ച് മനസിലാക്കുന്നത്. കാരണം, ഹിന്ദുത്വ ഫാസിസത്തിന്റെ വളർച്ചക്ക് ഒരിക്കലും ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഘടിക്കൽ പങ്കാളിത്തം വഹിച്ചിട്ടില്ല. കാരണം, അത്തരത്തിലുള്ള ന്യൂനപക്ഷ സംഘാടനം ഇന്ത്യാരാജ്യത്ത് ഉണ്ടാകുമായിരുന്നെങ്കിൽ ഇവിടത്തെ ന്യൂനപക്ഷം എവിടെ എത്തുമായിരുന്നു. ഇന്ത്യയിലെ 10 ലോക്‌സഭാ മണ്ഡലങ്ങളിൽ അതിനിർണായകമായ സ്വാധീനമുള്ളവരാണ് മുസ്ലിങ്ങൾ. ആ മുസ്ലിങ്ങൾ ഇന്ന് എവിടെയാണ് എത്തിനിൽക്കുന്നത്. മുസ്ലിം സംഘടിത ശക്തി ശിഥിലമാണ്. ന്യൂനപക്ഷ വിഭാഗങ്ങളും പിന്നോക്ക വിഭാഗങ്ങളും ശിഥിലമാണ്. ബിജെപി വരും, വരും എന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഛിന്നഭിന്നമാക്കിയിട്ട് ന്യൂനപക്ഷങ്ങളുടെ മാത്രം തലയിൽ കെട്ടിവെയ്ക്കുന്ന രീതിയാണ് യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത്. മറുഭാഗത്ത് ഹിന്ദു ഏകീകരണം ബിജെപിയിലേക്കും ആർ.എസ്.എസിലേക്കും പോകുന്നത് തടയുന്നതിൽ ഇന്ത്യാ രാജ്യത്തെ മതേതര പ്രസ്ഥാനങ്ങൾ തീർത്തും പരാജയം നേരിടുന്നു. ഇപ്പോൾ നമ്മുടെ സാഹിത്യ ലോകത്ത് നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങൾ പോലും ഇന്ന് ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഇല്ലല്ലോ..ഇന്ത്യയിൽ ഇത്രയേറെ ഭീതിദമായ സാഹചര്യം ഉണ്ടായിട്ട് അതിനെ യാഥാർത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കാൻ ആർക്കും സാധിക്കുന്നില്ല. കോൺഗ്രസും സിപിഎമ്മും ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു. പോപ്പുലർഫ്രണ്ട് പറഞ്ഞു കൊണ്ടിരിക്കുന്നത് ഇവിടെ ഹിന്ദുത്വ ഫാസിസം വളർന്നുകൊണ്ടിരിക്കുന്നെന്നും അതിനെതിരെ പൊതു കൂട്ടായ്മകൾ ഉണ്ടായിക്കൊണ്ടിരിക്കണമെന്നുമാണ്. ഓരോ സമൂഹവും അവരുടെ പരിസരത്തുനിന്നുകൊണ്ട് സംഘടിക്കുക എന്നത് ഇവിടെ തെറ്റായ കാര്യമൊന്നുമല്ല. കഴിഞ്ഞ ആറര പതിറ്റാണ്ടായി ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവസ്ഥ പരിശോധിച്ചാൽ നിങ്ങൾക്ക് മനസിലാകുന്നതാണ്. ഈ സമൂഹങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ അവരോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയം സമൂഹത്തിൽ നിന്നും ഉണ്ടാകണമെന്നതാണ് എസ്.ഡി.പി.ഐയുടെ നിലപാട്.
? ഭരണകൂട ഫാസിസത്തെ പ്രതിരോധിക്കാൻ പാർട്ടി തലത്തിൽ എന്തെങ്കിലും പദ്ധതികളുണ്ടോ.
രാജ്യം അഭിമുഖീകരിക്കുന്ന രണ്ടു പ്രശ്‌നങ്ങൾ പട്ടിണിയും ഭയവുമാണ്. അതുകൊണ്ടാണ് ഭയത്തിൽനിന്നും മോചനം വിശപ്പിൽനിന്നും മോചനം എന്ന രാഷ്ട്രീയ മുദ്രാവാക്യവുമായി ഞങ്ങൾ പ്രചാരണം നടത്തുന്നത്. എന്തു കഴിക്കണമെന്ന് മാത്രമല്ല, നമ്മുടെ എഴുത്തിലും ചിന്തയിലും വസ്ത്രത്തിലും വരെ ഇടപെടുകയാണ്. ഇത് വലിയ ഭീതിയാണ് ഇവിടെ സൃഷ്ടിക്കുന്നത്. ഇത് ഏതെങ്കിലും മതപരമായ വിഷയമല്ല, രാജ്യത്തിന്റെ മതേതരത്വത്തെയും പാരമ്പര്യത്തെയും തകർക്കുന്നതാണ്. ഇതിനെതിരെ കായികമായ സമീപനത്തേക്കാളുപരി ചിന്താപരമായ ജനങ്ങളുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്.
?എസ്.ഡി.പി.ഐ ഏതുതരത്തിലുള്ള വ്യക്തിസ്വാതന്ത്രവും മതസ്വാതന്ത്ര്യവുമാണ് വിഭാവനം ചെയ്യുന്നത്.
എസ്.ഡി.പി.ഐ മതമുള്ളവനും മതമില്ലാത്തവനും മതേതര കാഴ്ചപ്പാടുള്ളവരും എല്ലാവരും അണിനിരക്കുന്ന പാർട്ടിയാണ്. മതേതരത്വം എന്നത്, അവരവരുടെ മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. അത് മറ്റൊരു വിഭാഗത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്നത് മതേതരമല്ല. അത് മത ഭീകരതയാണ്. ഈ ഭീകരതക്കെതിരെയാണ് ഞങ്ങൾ ഉണ്ടാവുക.
? ചില അജണ്ടകളുമായി എൻ.ഡി.എഫ് രൂപീകരിക്കുകയും പിന്നീടത് പോപ്പുലർ ഫ്രണ്ടാവുകയും അടുത്ത കാലത്ത് എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കി കടന്നുവരികയും ചെയ്തു. എന്താണ് ഈ മാറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
മൂന്നും മൂന്നു തലത്തിൽ നിന്നുകൊണ്ടുതന്നെ വായിക്കേണ്ടതുണ്ട്. എൻ.ഡി.എഫ് ഉണ്ടായ സാഹചര്യം ഇവിടെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അരക്ഷിതമായ ഇന്ത്യൻ മുസ്ലിങ്ങളുടെ അവസ്ഥയെ രാജ്യത്തിനും സമുദായത്തിനും ഫലപ്രദമായി തിരിച്ചു വിടാൻ കേരളത്തിൽ തുടങ്ങിയിട്ടുള്ള ഒരു സംരംഭമായിരുന്നു ഇത്. പിന്നീട് അതിനോട് സമാനമായ ചിന്താഗതിയുള്ള തമിഴ്‌നാട്ടിലെയും കാർണാടക, ആന്ധ്രാ പ്രാദേശ് എന്നീ സംസ്ഥാനങ്ങളിലെയും സംഘടനകൾ ചേർന്നുകൊണ്ടാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് മുൻകൈയെടുത്ത് നടത്തിയ ഒരു ദേശീയ രാഷ്ട്രീയ സമ്മേളനങ്ങളുടെ തുടർച്ചയിൽ നിന്നാണ് 2009ൽ എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാകുന്നത്. എൻ.ഡി.എഫിന്റെ നയനിലപാടുകളും വളരെ വ്യക്തമായിരുന്നു. ഇവിടത്തെ മുസ്ലിം സംഘടിത ശക്തിയെ നാടിന് പ്രയോജനപ്പെടുന്ന രീതിയിൽ വഴിതിരിച്ചു വിടാനുള്ള ഒരു സംഘടിതരൂപം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ചെയ്തിട്ടുള്ളത്. ഈ നിലപാട് തന്നെയാണ് പോപ്പുലർഫ്രണ്ടും ചെയ്തുകൊണ്ടിരിക്കുന്നത്.
? ആഗോള തലത്തിൽ ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾ ഇസ്ലാമിനെയും മുസ്ലിങ്ങളെയും ഒന്നടങ്കം തെറ്റിദ്ധരിപ്പിക്കുകയല്ലേ ചെയ്യുന്നത്.
തീർച്ചയായും ഇത്തരം സംഘടനകൾ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിനെ പിന്തുണക്കുകയോ പാഠം ഉൾക്കൊള്ളുകയോ ചെയ്യുക എന്നത് എസ്.ഡി.പി.ഐയുടെ നിലപാടല്ല. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ നിന്നുകൊണ്ട് ഇത്തരം യാഥാർത്ഥ്യങ്ങളെ പഠിച്ച് മനസിലാക്കികൊണ്ട് പരിഹാര നിർദ്ദേശവുമായിട്ടാണ് ഞങ്ങൾ മമ്പോട്ടുപോകുന്നത്.
?വനിതകൾ മത്സരിക്കുന്നതിനെക്കുറിച്ച്
വനിതകൾ പഴയ കാലം പോലെ മാറ്റി നിർത്തേണ്ടവരല്ല. സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങിനിൽക്കേണ്ട പാർട്ടിയാണെന്നൊന്നും പാർട്ടിക്ക് അഭിപ്രായമില്ല. മതിയായ പ്രാതിനിധ്യം അവർക്ക് ഉണ്ടാകണം. അർഹമായ പ്രാതിനിധ്യം സ്ഥാനാർത്ഥി നിർണയത്തിലും പാർട്ടി വനിതകൾക്ക് നൽകിയിട്ടുണ്ട്. സ്ത്രീകൾക്ക് അവരുടേതായ സ്വത്വവും സ്വാതന്ത്ര്യവും ഉണ്ട്. അത് നമ്മൾ വിലകുറച്ച് കാണരുത് എന്നാണ് നിലപാട്. ഇതിലെല്ലാം മാന്യമായിരിക്കണം, ഇത് വിവാദങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ തെറ്റായ ചിന്താഗതിയിലേക്ക് പോകാൻ ഇടവരുത്തും. സമൂഹത്തിന്റെ ശാക്തീകരണത്തിന് വനിതകൾ പൊതുരംഗത്ത് വരണമെന്നാണ് ഞങ്ങളുടെ കാഴ്ചപാട്.
? എസ്.ഡി.പി.ഐയുടെ വനിതാ സ്ഥാനാർത്ഥികളുടെ പടത്തിനു പകരം നിഴൽ മാത്രം ഫ്‌ളക്‌സ് ബോർഡുകളിൽ സ്ഥാപിച്ചതായി കാണാൻ ഇടയായി.
അത് എസ്.ഡി.പി.ഐ മാത്രമല്ല, കേരളത്തിൽ പലയിടത്തും മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ പടം വെക്കാത്തതുണ്ട്. അതുപോലെ പല സ്ഥലത്തും സിപിഐ(എം) വനിതകളുടെ ഫോട്ടോ വച്ചിട്ടില്ല. അരീക്കോട് ഭാഗത്ത് ഇടതും വലതും മുന്നണികൾ വനിതാ സ്ഥാനാർത്ഥിയുടെ ഫോട്ടോ വച്ചിട്ടില്ല. കോട്ടക്കൽ ലീഗ് ഫോട്ടോ വച്ചിട്ടില്ല. അതല്ല ഇവിടത്തെ പ്രശ്‌നം. അത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഞാൻ പ്രദർശിപ്പിക്കപ്പേടേണ്ടതില്ല എന്ന് സ്വയം സ്ത്രീക്ക് തീരുമാനിക്കാൻ കഴിയണം. ഒരു സ്ത്രീ അങ്ങനെ തീരുമാനിച്ചാൽ മറ്റുള്ളവരുടെ അഭിപ്രായത്തിന് എന്തു പ്രസക്തിയാണുള്ളത്. എസ്.ഡി.പി.ഐയുടെ സ്ഥാനാർത്ഥികൾ മിക്ക സ്ഥലങ്ങളിലും അവരുടെ പടം വച്ചിട്ടുണ്ട്.
? എസ്.ഡി.പി.ഐയെ നഖശിഖാന്തം എതിർക്കുന്ന മുഖ്യധാരാ പാർട്ടികൾ പലയിടങ്ങളിലും എസ്.ഡി.പി.ഐയുമായി ധാരണ ഉണ്ടാക്കിയതായി അറിയാൻ സാധിച്ചു. ഇതിന്റെ വസ്തുത എന്താണ്.
ഞങ്ങൾക്കൊരു നിലപാടുണ്ട് അതിൽ വിട്ടുവീഴ്ച ചെയ്ത് ആരുമായും ഞങ്ങൾ യോജിക്കുകയില്ല. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായിട്ടില്ല. അതേസമയം ഓരോ പ്രദേശത്തുമുള്ള ജനകീയ മുന്നണികളിൽ കക്ഷിചേർന്നിട്ടുണ്ടാകാം. പിന്നെ ബിജെപിയുമായി ഈ പ്രദേശങ്ങളിലും യാതൊരു നീക്കുപോക്കും ഉണ്ടാക്കിയിട്ടില്ല. അവർ ജയിക്കാൻ സാധ്യതയുള്ള സ്ഥലത്ത് ഞങ്ങളുടെ സ്ഥാനാർത്ഥികളെ പിൻവലിച്ചുകൊണ്ട് ഏതെങ്കിലും മുന്നിക്ക് പിന്തുണ കൊടുക്കാൻ നിലപാടെടുത്തിട്ടുണ്ട്. പ്രാദേശിക തെരഞ്ഞെടുപ്പ് ആയതുകൊണ്ട് എവിടെയും ഞങ്ങൾ ഒരു മുന്നണിക്ക് പിന്തുണ കൊടുത്തിട്ടില്ല. മറിച്ച് സ്വാഭാവികമായുണ്ടാകുന്ന ചില നീക്കുപോക്കുകൾ ഇടത്, വലത് മുന്നണികളുമായി ഉണ്ടാക്കിയിട്ടുണ്ട്. ഇത് എല്ലാ പാർട്ടികളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടുള്ളതാണ്. നിലവിലുള്ള ഞങ്ങളുടെ മെമ്പർമാരുടെ പ്രവർത്തനങ്ങൾ പലയിടത്തും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഇത് അറിയാവുന്ന പാർട്ടികൾ ഞങ്ങളുമായും തിരിച്ചും പ്രാദേശിക താൽപര്യം മുൻനിർത്തി നീക്കുപോക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്.
? ബിജെപി- എസ്.എൻ.ഡി.പി കൂട്ടുകെട്ടിനെ എങ്ങനെ നോക്കിക്കാണുന്നു.
എസ്.എൻ.ഡി.പി ഒരിക്കലും ബിജെപിയുമായി ചേർന്നു നിൽക്കുന്ന പാർട്ടിയായി ഇതുവരെ തോന്നിയിട്ടില്ല. അല്ലെങ്കിൽ അധികകാലം അത്തരം കൂട്ടുകെട്ട് മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. ഏറ്റവും സവർണ ആധിപത്യമുള്ള പാർട്ടിയാണ് ബിജെപി. ആ സവർണതയോടെ എക്കാലത്തും പൊരുതി നിന്നിട്ടുള്ളവരാണ് പിന്നോക്ക സമുദായങ്ങൾ. പിന്നോക്ക സമുദായങ്ങളെ ഒരു തരത്തിലും അംഗീകരിക്കാത്തവരാണവർ. ഇപ്പോൾ രാജ്യത്ത് കാണുന്നതുപോലെ ദളിത് വിഭാഗത്തെ ചുട്ടുകൊന്നുകൊണ്ടിരിക്കുന്നു, പിന്നോക്ക വിഭാഗങ്ങളുടെ സംവരണങ്ങൾ നിഷേധിച്ചു കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ താൽക്കാലികമായ അഡ്ജസ്റ്റ്‌മെന്റിനൊന്നും ഈഴവ വിഭാഗം മൊത്തത്തിൽ ഒരു സമുദായമെന്ന നിലക്ക് ഉൾക്കൊള്ളുമെന്ന് തോന്നുന്നില്ല. ഇത് ഷോർട്ട് ടേമായിരിക്കും എൻ.എസ്.എസ്-എസ്.എൻ.ഡി.പി സഖ്യം പോലെ, വിശാലഹിന്ദു ഐക്യം പോലെ. ബിജെപിക്ക് ഇപ്പോൾ താൽക്കാലിക നേട്ടം ഉണ്ടാകാമെങ്കിലും ഭാവിയിൽ ഇതിന്റെ നഷ്ടം സംഭവിക്കുക എസ്.എൻ.ഡി.പി യോഗത്തിന് തന്നെയായിരിക്കും.