ആലപ്പുഴ : പകിട കളിക്കാരന്റെ കൗശലമുള്ള ബാലകൃഷ്ണപിള്ള അഴിമതിയെക്കുറിച്ച് പ്രസംഗിക്കുന്നതു വാസവദത്ത ചാരിത്ര്യശുദ്ധി വിളമ്പുന്നതുപോലെ...കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാനും യു ഡി എഫ് ഉപസമിതി അംഗവുമായ ജോണി നെല്ലൂർ, ബാലകൃഷ്ണപിള്ളയ്ക്കുള്ള മറുപടി മറുനാടനുമായി പങ്കുവയ്ക്കുന്നു. അഴിമതിയുടെ പേരിൽ അകത്താകുകയും യു ഡി എഫ് സർക്കാരിന്റെ സഹായത്തോടെ പുറത്തിറങ്ങി ഇപ്പോൾ എങ്ങിമൊരിടവുമില്ലാതായി. ഇത് അദ്ദേഹത്തിന്റെ കൈയിലിരുപ്പിന്റെ ഫലമാണ്.

സ്വന്തം മകൻ ഗണേശ് കുമാറിന് സരിത എസ്്. നായരുമായി ബന്ധമുണ്ടെന്ന് ആക്ഷേപിച്ച് മരുമകളെക്കൊണ്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുപ്പിച്ച് മകന്റെ മന്ത്രിസ്ഥാനം വരെ തെറിപ്പിച്ച ആളാണു പിള്ള. പ്രശ്‌നങ്ങൾ തീർന്നപ്പോൾ മകൻ മന്ത്രിപദത്തിൽനിന്നും പുറത്തായത് പിള്ളയ്ക്ക് സഹിച്ചില്ല. മകനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പിള്ള നിരന്തരം മുഖ്യമന്ത്രിയെ സമീപിച്ച് കാര്യങ്ങൾ അവതരിപ്പിച്ചെങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ പ്രീതി സമ്പാദിക്കാനുള്ള ശ്രമത്തിലാണ് പിള്ള. അതാണ് അനൂപ് ജേക്കബ് അഴിമതിക്കാരനാണെന്ന ആക്ഷേപങ്ങളുമായി രംഗത്തെത്തിയത്, ജോണി നെല്ലൂർ പറഞ്ഞു.

പക്ഷേ എൽ ഡി എഫിൽ കയറിപ്പറ്റാനുള്ള പിള്ളയുടെ ശ്രമം നടക്കില്ല. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിനെ നിരന്തരം ആക്ഷേപിക്കുകയും പരാതി നൽകുകയും ചെയ്യുന്ന ബാലകൃഷ്ണപിള്ളയ്ക്ക് മകന്റെ മന്ത്രിസ്ഥാനം പോയതിലുള്ള വിഭ്രാന്തിയാണ്. സ്വന്തം മകൻ മന്ത്രിയായിരുന്നപ്പോൾ അഴിമതിക്കാരനെന്ന് ആക്ഷേപിച്ച പിള്ള മകനുമായുള്ള പ്രശ്‌നങ്ങൾ തീർന്നപ്പോൾ പുണ്യവാളനെന്ന് പത്രക്കുറിപ്പ് ഇറക്കിയെന്നു ജോണി് നെല്ലൂർ കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം മന്ത്രി അനൂപ് ജേക്കബിനെതിരെ മറുനാടനിലൂടെ ബാലകൃഷ്ണപിള്ള അഴിമതി ആരോപണമുന്നയിച്ചിരുന്നു. അനൂപ് ഉപഭോക്തൃ കോടതിയിൽ നിയമനങ്ങൾക്ക് കോഴ ആവശ്യപ്പെട്ടതായും പിള്ള തുറന്നടിച്ചിരുന്നു. ഇതിനു ചുവടുപിടിച്ചാണ് ആരോപണങ്ങളുടെ കുന്തമുന നീളുന്നകേരളാ കോൺഗ്‌സ് ജേക്കബ് ഗ്രൂപ്പിന്റെ ചെയർമാനായ ജോണി നെല്ലൂർ അനൂപിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. അതേസമയം പിള്ളക്കെതിരെ ആഞ്ഞടിച്ച ജോണി നെല്ലൂർ മന്ത്രി കെ എം മാണിയെയും വെറുതേ വിട്ടില്ല. ബജറ്റ് വെറും പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയെന്നും ബജറ്റിന്റെ ഗുണങ്ങൾ എവിടെയും എത്തിയില്ലെന്നും ജോണി നെല്ലൂർ ആരോപിച്ചു.

കർഷകരെ രക്ഷിക്കാൻ നെല്ലുസംഭരണത്തിനായി 300 കോടി രൂപ അനുവദിച്ചെങ്കിലും കർഷകരിലെത്താൻ കാലതാമസം വരുകയാണ്. കർഷകർക്ക് സംഭരണത്തിനുശേഷം ഒരാഴ്ചക്കകം പണം ലഭിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണം. ക്ഷേമ പെൻഷനുകൾ നൽകാൻ ഇതുവരെയും കഴിഞ്ഞില്ല. അതിസാഹസികമായി അവതരിപ്പിച്ച ബജറ്റിന്റെ ഗുണങ്ങൾ ജനങ്ങളിലെത്തിക്കുന്ന കാര്യത്തിൽ സർക്കാർ മെല്ലപ്പോക്കാണ് നടത്തുന്നത്. അവസാനലാപ്പിൽ വേഗം കൂട്ടിഓടുന്നതാണ് നല്ലത്. മൽസ്യമേഖലയെ തകർക്കുന്ന മീനാകുമാരി കമ്മീഷൻ തള്ളിക്കളയണം. ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന് ഊർജം പോരെന്ന അഭിപ്രായമാണ് തനിക്കെന്നും യു ഡി എഫ് ഉപസമിതി അംഗം കൂടിയായ ജോണി നെല്ലൂർ പറഞ്ഞു.