- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചപ്പോഴും ഒൻപത് മാസം കിടപ്പിലായ ഞാൻ രക്ഷപ്പെട്ടു; അപ്പോഴേക്കും സിനിമ കൈവിട്ടു; സൗദി മലയാളികളുടെ കുടിപ്പകയിൽ കുടുങ്ങി പൊലീസ് സ്റ്റേഷൻ കയറി; ഡോക്ടർ കുടുംബത്തിൽ നിന്നും സംഗീതം തെരഞ്ഞെടുത്ത കെജി മാർക്കോസ് മറുനാടനോട് മനസ്സ് തുറക്കുന്നു
കാഴ്ചയിലും സംഗീതത്തിലും ഗാനഗന്ധർവ്വൻ യേശുദാസിനൊപ്പം മലയാളി ചേർത്തു നിർത്തുന്ന പേരാണ് കെജി മാർക്കോസ്. മെലഡിക്കൊപ്പം ഫാസ്റ്റും ഭക്തിഗാനങ്ങളുമെല്ലാം സമന്വയിപ്പിച്ച് പാടി മലയാളിയുടെ കൈയടി നേടിയ ഗായകൻ. പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ഇതിനകം ആലപിച്ച മാർക്കോസിന് പ്രതിഭയ്‌ക്കൊത്ത അവസരം
കാഴ്ചയിലും സംഗീതത്തിലും ഗാനഗന്ധർവ്വൻ യേശുദാസിനൊപ്പം മലയാളി ചേർത്തു നിർത്തുന്ന പേരാണ് കെജി മാർക്കോസ്. മെലഡിക്കൊപ്പം ഫാസ്റ്റും ഭക്തിഗാനങ്ങളുമെല്ലാം സമന്വയിപ്പിച്ച് പാടി മലയാളിയുടെ കൈയടി നേടിയ ഗായകൻ. പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ഇതിനകം ആലപിച്ച മാർക്കോസിന് പ്രതിഭയ്‌ക്കൊത്ത അവസരം മലയാള ചലച്ചിത്ര ലോകം നൽകിയില്ല. എന്നാൽ ഗാനമേള വേദികളിൽ യേശുദാസിന്റെ പാട്ടുകൾ മാർക്കോസ് പാടുമ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് അത് ഇന്നും ഗൃഹാതുര ഓർമകളാണ് നൽകുന്നത്. പക്ഷേ അതിനൊത്തൊരു അംഗീകാരം സിനിമാ ലോകം മാർക്കോസിന് നൽകിയില്ല. എന്നിട്ടും ഈ കലാകാരൻ പൂർണ്ണ സംതൃപ്തനാണ് ഇന്ന്.
ഡോക്ടർമാരുടെ കുടുംബത്തിൽ നിന്ന് പാട്ടുകാരനായ മാർക്കോസിന് സംഗീതത്തിനൊപ്പം ജീവിക്കാൻ നിരവധി വെല്ലുവിളികളേയും നേരിടേണ്ടി വന്നിട്ടുണ്ട്. അബുദാബിയിലെ വാഹനാപകമാണ് ജീവതം മാറ്റി മറിച്ച ഒന്ന്. അതോടെ ചെന്നൈയിൽ പോയി പാട്ടു പാടാൻ കഴിയാത്ത സാഹതചര്യം നല്ല സമയത്തുണ്ടായി. അത് മറികടക്കാൻ ഭക്തിയെ മുറുകെ പിടിച്ചു. അത് വെറുതെയായില്ലെന്ന് കാലം തെളിയിച്ചു. പിന്നെ സൗദിയിലെ അറസ്റ്റും. പാട്ടിനോടുള്ള സ്‌നേഹം കൊണ്ട് മാത്രം സംഗീത ലോകത്ത് എത്തിയ വ്യക്തിയാണ് മാർക്കോസ്. അതുകൊണ്ട് തന്നെയാണ് പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞത്.
1979-80 കാലഘട്ടത്തിൽ സംഗീത ലോകത്ത് എത്തിയ മാർക്കോസ് മൂന്ന് പതിറ്റാണ്ടിനിപ്പറവും സജീവമായി ഉണ്ട്. ഭക്തി ഗാനമാണ് ഇന്ന് പ്രധാന മേഖല. 'ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം' എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ 'കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ' എന്ന ഹിറ്റുഗാനത്തിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശം. നിറകൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്നു തുടങ്ങുന്ന ജനപ്രിയ ഗാനവും മാർക്കോസിന്റെ ശബ്ദത്തിലുള്ളതാണ്. പിന്നീട് നിരവധി സിനിമയിൽ പാടി.
ഗോഡ്ഫാദർ എന്ന ചിത്രത്തിലെ മന്ത്രികൊച്ചമ്മ വരുന്നുണ്ടേ, നാടോടിയിലെ താലോലം പൂപൈതലേ കടലോരക്കാറ്റിലെ കടലേഴും താണ്ടുന്ന കാറ്റേ, കാബൂളിവാലയിൽ പുത്തൻപുതുകാലം തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. സ്വദേശത്തും വിദേശത്തുമായി ഒട്ടുവളരെ സ്റ്റേജ് പരിപാടികളും അദ്ദേഹമവതരിപ്പിച്ചു. അവയെല്ലാം വമ്പൻ ഹിറ്റുമായിരുന്നു. സംഗീത പരിപാടിക്കായി മാഞ്ചസ്റ്ററിലെത്തിയ മാർക്കോസ് തന്റെ സംഗീത വഴിയും ജീവിതാനുഭവങ്ങളും മറുനാടൻ മലയാളിയുമായി പങ്കുവച്ചു. സാബു ചുണ്ടക്കാട്ടിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്.
എങ്ങനെ അറിയപ്പെടുന്ന ഗായകനായി ?
സംഗീതം കുഞ്ഞുനാൾ മുതലുള്ള എന്റെ ഒരു ആഗ്രഹം ആയിരുന്നു. എന്റേത് ഒരു ഡോക്ടർ ഫാമിലിയാണ്. എന്റെ അപ്പനും വല്യപ്പനും, പെങ്ങളും, അമ്മാവന്മാരും ഉൾപ്പെടെ ഞങ്ങളുടെ ഫാമിലിയിൽ എട്ടോളം ഡോക്ടേഴ്‌സ് ഉണ്ട്. അവിടെ നിന്നുമാണ് സംഗീതത്തിലേയ്ക്ക് വന്നത്. എന്റെ വല്യമ്മ നന്നായി പാടുനമായിരുന്നു. ആ ഒരു പാരമ്പര്യം എന്നിലേയ്ക്ക് വന്നതായി ഞാൻ വിശ്വസിക്കുന്നു. എനിക്ക് മൂന്ന് വയസ് പ്രായമുള്ളപ്പോളാണ് ഞങ്ങൾ തിരുവനന്തപുരത്ത് താമസം തുടങ്ങിയത്. അവിടെ കേശവദാസപുരത്തായിരുന്നു താമസം. സലിം തീയേറ്റർ എന്ന പേരിൽ ഒരു തീയേറ്റർ പ്രവർത്തിച്ചിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന വീടും, ഈ തീയേറ്ററും എല്ലാം ഒരാളുടേതായിരുന്നു. രണ്ടും ഒരു കോമ്പൗണ്ടിനുള്ളിൽ തന്നെയായിരുന്നു. എന്റെ ചെറു പ്രായത്തിൽ ഈ തീയേറ്ററിൽ കായംകുളം കൊച്ചുണ്ണി, മണവാട്ടി, ശകുന്തള, നിത്യകന്യക തുടങ്ങി ചിത്രങ്ങളാണ് ഓടിയിരുന്നത്. വീട്ടിലിരുന്നാൽ പാട്ട് കേൾക്കാം. പണ്ട് തീയേറ്ററുകൾക്ക് മുകളിൽ കോളാമ്പി വച്ചാണ് പാട്ട് പ്ലേ ചെയ്തിരുന്നത്.
ആദ്യം അതിനോട് ചേർന്ന് പാടി തുടങ്ങി. അങ്ങന കൂടെ പാടി പാട്ടിനോട് വല്ലാത്തൊരു പ്രതിബദ്ധത തോന്നിതുടങ്ങി. അന്നേ എനിക്ക് ഏറ്റം ഇഷ്ടം ഉണ്ടായിരുന്ന ശബ്ദം യേശുദാസിന്റേത് ആയിരുന്നു. പിന്നെ സുശീലാമ്മയുടെ പാട്ടും. ആദ്യവീടിന്റെ മൂലയിൽപോയിരുന്നു പാടിതുടങ്ങി. അപ്പോൾ എക്കോ കിട്ടും. അങ്ങനെ ആയിരുന്നു എന്റെ പാട്ട് ട്രെയിനിങ്. ആ ഒരു കാലഘട്ടത്തിൽ ഒരു ക്രിസ്ത്യൻ ഫാമിയിൽ പാട്ട് പഠിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. പകരം പഠനത്തിനായിരുന്നു കൂടുതൽ ഇമ്പോർട്ടൻസ്, പാട്ടിൽ കമ്പം ഉണ്ടായിരുന്നെങ്കിലും സംഗീത കോളേജിൽ ഒന്നും പോയി പഠിക്കാനുള്ള ഭാഗ്യം അന്ന് ലഭിച്ചിരുന്നില്ല. പിന്നീട് ഒൻപതാം ക്ലാസിൽ പഠിക്കുമ്പാഴാണ് ഒരു പൊതുവേദിയിൽ ആദ്യമായി പാടുവാൻ അവസരം ലഭിച്ചത്. അങ്ങനെ പതുക്കെ വേദിയിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അങ്ങനെ ആളുകൾ എന്നെ കൂടുതൽ ആയി അറിഞ്ഞുതുടങ്ങി.
പ്രീഡിഗ്രി കാലഘട്ടങ്ങളിൽ യേശുദാസിനെപ്പോലെ പാടുന്ന ഒരു പയ്യനുണ്ടെന്ന് അറിയപ്പെട്ട് തുടങ്ങി. നാട്ടുകാർതന്നെ പറഞ്ഞാൽ പ്രശസ്തിയിലേയ്ക്ക് വന്നത്.
യേശുദാസുമായുള്ള അനുഭവം?
ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദാസേട്ടനെ ആദ്യമായി കാണുന്നത്. തൊട്ടടുത്ത വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. ഒരുതവണ വന്നാൽ രണ്ട് മൂന്ന് ദിവസം അവിടെ കാണും. അങ്ങനെ കണ്ടും പരിചയപ്പെട്ടു. ആ പരിചയം സംഗീതം തന്നെ മതി എന്ന തീരുമാനം എടുക്കുവാൻ കാരണമായി. അതോടെ പതുക്കെ ഗാനമേള നടത്തുവാൻ തുടങ്ങി.
ഡോക്ടർ ഫാമിലിയിൽ നിന്നും പാട്ടിലേയ്ക്ക വഴി മാറിയപ്പോൾ മാതാപിതാക്കളുടെ ആശങ്ക?
സെക്കൻഡ് ഗ്രൂപ്പ് എടുത്ത് മെഡിസിന് പോകണം എന്ന ആഗ്രഹത്തിൽ പഠിച്ച് തുടങ്ങിയെങ്കിലും ഡിഗ്രിക്ക് വന്നപ്പോൾ കോമേഴ്‌സിലേയ്ക്ക മാറി. സംഗീതം കൊണ്ട് നടന്നാൽ ഒരു ഡോക്ടർ ആകുവാൻ സാധിക്കില്ലെന്ന് അപ്പോൾ എനിക്ക് മനസിലായി. ഒരുപാട് ക്ലാസുകൾ മിസ് ആകും. തന്റെ പാട്ട് എന്ന സ്വപ്‌നം യാഥാർത്ഥ്യം ആവില്ല എന്ന് കണ്ടതോടെയാണ് കൊമേഴ്‌സിലേയ്ക്ക് മാറിയത്. ആ കാലഘട്ടത്തിൽ തന്റെ പിതാവിന് മനപ്രയാസം തോന്നിയിരുന്നു. തന്റെ പിൻഗാമിയെ പ്രതിക്ഷിച്ചിരുന്നു. അത് നടക്കില്ലെന്ന് കണ്ടപ്പോൾ ആദ്യം ആദ്ദേഹം വിഷമിച്ചിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ഒരുപാട്ടുകാരന് 50 രൂപയാണ് കിട്ടിയിരുന്നത്. മുപ്പത് രൂപയേ ഒരു ഉപകരണ സംഗീതഞ്ജനും ലഭിക്കുമായിരുന്നുള്ളു. ഇതുകൊണ്ട് എങ്ങനെ ജീവിക്കും എന്ന വിഷമം തന്റെ മാതാപിതാക്കന്മാർക്കും ഉണ്ടായിരുന്നു. പക്ഷേ പിന്നീട് അതിലേയ്ക്ക് കൂടുതലായി ഇറങ്ങി ചെന്നപ്പോൾ ഗാനമേളകളിൽ തിരക്കായി. 80 കാലഘട്ടത്തിൽ അറിയപ്പെടുന്ന ഒരു ഗായകനാവുകയും 81ൽ ആദ്യമായി സിനിമ പാടുകയും ചെയ്തു.
സിനിമ പാട്ടുകളിലേയ്ക്കുള്ള എൻട്രി?
ബാലചന്ദ്ര മേനോന്റെ കേൾക്കാത്ത ശബ്ദം എന്ന സിനിമയിൽ ആണ് ഞാൻ ആദ്യമായി പാടിയത്. അദ്ദേഹം എന്റെ സീനിയറായി കോളേജിൽ പഠിച്ചിരുന്നു. അന്ന് കോളേജിൽ നാടകങ്ങളും കലാപരിപാടികളും ഡയറക്ട് ചെയ്യുവാൻ അദ്ദേഹം വരുമായിരുന്നു. അങ്ങനെയുള്ള പരിചയും ഉണ്ടായിരുന്നു. ഈ സിനിമ റിലീസ് ചെയ്ത സെഞ്ച്വറി ഫിലിംസ് എന്നത് എന്റെ അമ്മയുടെ അനുജത്തിയെ വിവാഹം കഴിച്ച കുടുംബത്തിന്റേതും ആയിരുന്നു. അങ്ങനെ ജോൺസൺ മാഷിനെ കാണുകയും എന്നേകൊണ്ട് രണ്ട് മൂന്ന് വരികൾ പാടിപ്പിച്ചപ്പോൾ തന്നെ അദ്ദേഹം അത് ഇഷ്ടമായി. പിന്നീട് എം ജി രാധാകൃഷ്ണന്റ പടം ഉടൻ കിട്ടുകയും അദ്ദേഹത്തിന്റെ രതിലയം എന്ന ചിത്രത്തിലും പാടുകയും അക്കാലത്തെ പ്രശസ്തരായ സംഗീതത്തിലെ ജെറി അമൽ ദേവിന്റെ സ്രാവ് എന്ന ചിത്രവും കിട്ടി. പിന്നീട് ഭുകമ്പം, നിറക്കൂട്ട്, തുടങ്ങി ഒട്ടേറെ സിനിമകളിൽ പാടി.
എത്ര സിനിമകളിൽ പാടി?
75 ഓളം സിനിമകൾക്ക് വേണ്ടി പാടി. അക്കാലത്തെ അറിയപ്പെടുന്ന ശ്യാം സാറിന്റെ അഞ്ചാറ് ചിത്രങ്ങൾക്ക് വേണ്ടിയുള്ള എസ് പി വെങ്കിടേഷിന്റെ അഞ്ചാറ് ചിത്രങ്ങൾക്ക് വേണ്ടിയും രവീന്ദ്രൻ മാഷിന്റെ മൈനാഗം എന്ന ചിത്രത്തിന് വേണ്ടിയും കൂലി എന്ന ചിത്രത്തിന് വേണ്ടിയും. അറിയപ്പെടുന്ന എല്ലാ സംഗീത സംവിധായകർക്ക് വേണ്ടിയും പാടിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബോംബെ രവിക്ക് വേണ്ടിയും പാടിയിട്ടുണ്ട്. ഇതേ കാലഘട്ടത്തിൽ തന്നെയാണ് പാരലൻ ആയി പണതാണ് ഭക്തിഗാനശോഖ. അങ്ങനെ ആദ്യത്തെ പ്രൈവറ്റ് കാസറ്റ് കമ്പനിയായ രഞജിനിയുടെ ആദ്യ കാലം മുതൽ ഞാൻ കാസറ്റുകൾക്ക് വേണ്ടി പാടി തുടങ്ങിയിരുന്നു. അങ്ങനെ തുടരെ പാടി വന്നപ്പോൾ ഭക്തിഗാനരംഗത്തേയ്ക്കും ഒരു പേരാവുകയും ചെയ്തു.
ദാസേട്ടനിൽ നിന്നും പ്രോത്സാഹനം?
1972 കാലഘട്ടത്തിലാണ് ആദ്യം കാണുന്നത്. നല്ല പ്രോത്സാഹനം തന്നിട്ടുണ്ട്്. 1972ൽ സംഗീതം ഒരു തൊഴിലായി ഞാൻ സ്വീകരിച്ചിരുന്നില്ല. ആദ്യകാലഘട്ടങ്ങളിൽ ഒരു വർഷം 35 സിനിമകളേ ഇറങ്ങിയിരുന്നുള്ളു. അത് പിന്നീട് 50 ആയും നൂറായും വളർന്നു. എന്നെ സംഗീതം പഠിക്കാൻ നിർബന്ധിച്ചത് അദ്ദേഹം ആയിരുന്നു. 7678 കാലയളവിലാണ് ഞാൻ സംഗീതം പഠിച്ച് തുടങ്ങിയത്. വിളിച്ചിരുത്തി മുഖദാവിൽ പാട്ട് പഠിപ്പിച്ചില്ലെങ്കിലും പ്രോത്സാഹനം തന്നിരുന്നു.
സിനിമയിൽ നിന്നും മാറി ഭക്തിഗാനം രംഗത്ത് കൂടുതൽ ശ്രദ്ധിക്കുവാനുള്ള കാരണം?
സിനിമയിൽ തിരക്കായിവരുന്ന 86 കാലഘട്ടത്തിലാണ് ഗൾഫിൽ വെ്ച്ച വലിയൊരു ആക്‌സിഡന്റ് ഉണ്ടായത്. ഒരു പരിപാടിക്കായി അവിടെ ചെന്ന് രണ്ടാം ദിവസം അബുദാബിയിൽ നിന്നും അലൈൻ എന്ന സ്ഥല്‌ത്തേയ്ക്ക് പോകുമ്പോൾ കാർ ആക്‌സിഡന്റ് ഉണ്ടാവുകയും എന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്നാളുകൾ മരിക്കുകയും ചെയ്തു. തുടർന്ന് മൂന്ന് മാസം അവിടെയും ആറ് മാസം നാട്ടിലുമായി കിടപ്പിലായി. അങ്ങനെ സിനിമയിൽ നിന്നും അകന്നു പോയി. നടക്കാൻ ഒരു വർഷം എടുത്തു. കാലിന്റെ പാദം തിരിഞ്ഞുപോയി.
അന്ന് ചെന്നൈയിൽ പോയാലേ പാടുവാൻ സാധിക്കു. അതുകൊണ്ട് എറണാകുളം കേന്ദ്രീകരിച്ച് കാസറ്റ് സംഗീതത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്തു. പിന്നീടതിൽ തിരക്കാവുകയും ചെയ്തു. വർഷത്തിൽ നാലും അഞ്ചും കാസറ്റുകൾ ഇറങ്ങിയിരുന്ന സാഹചര്യം മാറി മാസത്തിൽ അഞ്ചും പത്തും കാസറ്റുകൾ ഇറങ്ങുന്ന സാഹചര്യം ഉണ്ടായി. പല പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. ഇസ്രയേലിൻ നാഥൻ, മാപ്പിളപാട്ടുകളിൽ ഒന്നായ ഉമ്മത്തിൽ പസില, പാൽ പുഞ്ചിരി, തുടങ്ങി ഒട്ടേറെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. ഈ രംഗത്ത് ഒരു മാർക്കറ്റ് ഉണ്ടാവുകയും പതിനയ്യായിരത്തോളം ഗാനങ്ങൾ പാടുകയും ചെയ്തു. ഇതിൽ ഭക്തിഗാനം ആയിരുന്നു കൂടുതൽ.
അടുത്തിടെ സൗദിയിൽ പോയപ്പോൾ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി' എന്തായിരുന്നു കാരണം? മർദ്ദനം വല്ലതും ലഭിച്ചോ?
അസോസിയേഷൻ രണ്ടായി പിളരുകയും അതിൽ ഒരു വിഭാഗം എന്നെ കൊണ്ടുവന്നപ്പോൾ പരിപാടി നടക്കരുത് എന്ന രീതിയിൽ എതിർ വിഭാഗം നടത്തിയ സംഭവമാണ്. അത് എനിക്ക് ദോഷമായി വന്നു. സൗദിയിൽ പലപരിപാടികളും പെർമിഷൻ ഇല്ലാതെയാണ് നടക്കുന്നത്. അവിടെചെന്ന് ആദ്യ ദിവസം റിയാദിൽ പാടുകയും പിറ്റേദിവസം ദമാമിൽ ചെല്ലുകയും ഏഴ് മണിയോടെ അവിടെ ചെല്ലുകയും ഒരു മുറിയിൽ വിശ്രമിക്കുകയും ചെയതു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പരിപാടി നടക്കാതെ മുന്നോട്ട് പോയി. പുറത്ത് ബഹളങ്ങൾ കേൾക്കാം. അതിനിടയിൽ അറബി വേഷം ധരിച്ച മൂന്നാല് ആളുകൾ കയറി വരുകയും അവർ പൊലീസ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. അവർ അവിടുത്തെ മുത്താവ എന്ന മതകാര്യ പൊലീസ് ആയിരുന്നു. അവർ വന്ന് കാരണം ചോദിക്കുകയും അവർക്ക് വിശ്വാസക്കുറവ് തോന്നിയതിനാൽ എന്നെയും മറ്റൊരാളെയും പൊലീസ് സ്റ്റേഷനിലാക്കിയ ശേഷം മുത്താവ പോവുകയും ചെയ്തു.
രാത്രി പത്ത്-പതിനൊന്ന് മണി ആയിരുന്നു. അവിടുത്തെ മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് വന്നതെന്നും മറ്റു ചോദിച്ചു. എന്റെ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹം മൊബൈൽ എടുത്ത് യൂട്യൂബിൽ ടൈപ് ചെയ്തപ്പോൾ ഇസ്രയേലിൻ നാഥൻ എന്ന പാട്ടാണ് ലഭിച്ചത്. പുള്ളിക്ക് ഭാഷ മനസിലായില്ലെങ്കിലും സിംഗർ ആണെന്ന് മനസിലായി. താഴേയ്ക്ക് ഒട്ടേറെ പാട്ടുകൾ കിടക്കുന്നു. ഒരു അറബിപാട്ട് ഞാൻ പാടി നല്കുകയും കൂടി ചെയ്തതോടെ അവർക്ക് തന്നെ പൂർണവിശ്വാസം ആയെങ്കിലും മുത്താപാന്മാർ ആക്കിയതിനാൽ അവർ വന്ന ശേഷം ചാർജ് ഷീറ്റ് ക്ലോസ് ചെയ്യാതെ വിടാൻ സാധിക്കില്ലെന്ന് അറിയിച്ചു. അതിനാൽ ഒരു മുറിയിൽ ഒരു രാത്രി മുഴുവനും ഒരു പകലും അവിടെ കഴിച്ചുകൂട്ടേണ്ടി വന്നു. പക്കം നാസ്, ഷാജിമതിലകത്തിന്റെയും ഇടപെടൽ മൂലമാണ് റിലീസിങ് നടന്നത്. എന്റെ അകന്ന ബന്ധു ആയ ഉമ്മൻ ചാണ്ടിയുടെയും വയലാർ രവി, എകെ ആന്റണി എന്നിവരുടെയും ഇടപെടൽ മൂലം കാര്യങ്ങൾ പെട്ടെന്ന് നടന്നു.
കുടുംബം കുട്ടികൾ?
ഭാര്യ മഞ്ജു. മൂന്ന് മക്കൾ, മൂത്തത് രണ്ട് ആൺ കുട്ടികൾ, ഇളയത് മകൾ. മൂത്തമോൻ എം ബി ബി എസ് ഫൈനലിയർ പഠിക്കുന്നു. രണ്ടാമത്തെ ആൾ ബി ആർക്കിന് മൈസൂരിൽ മൂന്നാം വർഷം പഠിക്കുന്നു. ഇളയമോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. നിഥിൻ, നിവിൽ, നമിത.