വിവാഹ ശേഷം അഭിനയിക്കാൻ പോയാൽ കുടുംബ ജീവിതം നഷ്ടമാകുമെന്ന് തോന്നി. അതുകൊണ്ട് അഭിനയം നിർത്തി. രണ്ട് മക്കളെ പ്രസവിച്ചു. അവരെ വളർത്തി. ബിസിനസ്സ് കാര്യങ്ങൾ നോക്കി. അതിന് സമയം ഏറെ വേണമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കാത്തതിന്റെ വിഷമം ലിസിക്കുണ്ടായിരുന്നില്ല. എന്നാൽ പ്രിയദർശനുമായുള്ള വിവാഹ മോചനത്തോടെ ലിസിയുടെ മനസ്സ് വെള്ളിത്തിരിയിലേക്ക് വീണ്ടുമെത്തുകയാണ്. വീണ്ടും അഭിനയിക്കാൻ നല്ല അവസരം കാത്ത് നിൽക്കുകയാണ് ലിസി.

അഭിനയത്തിന്റെ തിരക്കിൽ നിൽക്കവേയാണ് പ്രിയനുമായുള്ള വിവാഹം. ഇതോടെ ലിസി മതം മാറി ലക്ഷ്മിയായി. വിവാഹ മോചനത്തിന് ശേഷം പേര് വീണ്ടും പഴയതാക്കുന്നു. ഇനി താൻ ലിസി ലക്ഷ്മിയെന്ന് അറിയപ്പെടുമെന്ന് താരം പറയുന്നു. സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് ലിസി മനസ്സ് തുറക്കുന്നത്. സിനിമയ്ക്ക് അപ്പുറം ബാഡ്മിന്റണിനോടും പ്രിയമുണ്ട് താരത്തിന്. താനിന്ന് നല്ലൊരു ബാഡ്മിന്റൺ താരം കൂടിയാണെന്ന് ലിസി തുറന്നു പറയുന്നു. ചെന്നൈയിലെ ഡബിങ് സ്റ്റുഡിയോയുടേും പ്രിവ്യൂ തിയേറ്ററുകളുടേയും നടത്തിപ്പ് ചുമതലയും ലിസിക്കുണ്ട്. ഇതിനിടെയിൽ അഭിനയമാണ് ലക്ഷ്യം.

ഏതായാലും ടീനേജ് നായികയാകാൻ ലിസിയില്ല. പ്രായത്തിന് അനുസരിച്ച വേഷത്തിനോടാണ് താൽപ്പര്യം. അഭിനയിക്കാൻ വേണ്ടി സിനിമ നിർമ്മിക്കില്ല. എന്നാൽ നിർമ്മാതാവാകില്ലെന്ന് പറയാനും ലിസിക്ക് കഴിയില്ല. വിവാഹ ശേഷം അഭിനയിക്കില്ലെന്ന തീരുമാനം താൻ മാറ്റിയില്ലേ, അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ എങ്ങനെ മറുപടി പറയാനാകുമെന്നാണ് നടിയുടെ ചോദ്യം. എന്റെ ആദ്യ സിനിമ മുതൽ ഞാനെന്റ് ജോലിയിൽ നൂറ് ശതമാനം സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയിരുന്നു. ഒരു പ്രശ്‌നവും ഞാനുണ്ടാക്കിയിട്ടില്ല. ഞാൻ കാരണം ഒരു ഷൂട്ടിംഗും മുടങ്ങിയിട്ടില്ല. ഞാൻ എല്ലാവരോടും മാന്യമായാണ് പെരുമാറിയത്. തിരിച്ചു അങ്ങനെ തന്നെ-സിനിമാ മംഗളത്തോട് ലിസി പറയുന്നു.

വിവാഹ ശേഷം എന്റെ മനസ്സിൽ അഭിനയ ജീവിതം ഉണ്ടായിരുന്നില്ല. ഇപ്പോൾ തോന്നി നല്ല വേഷങ്ങൾ കിട്ടിയാൽ... എന്താ അഭിനയിക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ-ലിസി ചോദിക്കുന്നു. സിനിമയെ കുറിച്ചും ബിസിനസ്സിനെ കുറിച്ചും മാത്രമേ ചോദിക്കാവൂയെന്ന് വ്യക്തമാക്കിയാണ് ലിസി അഭിമുഖം നൽകിയത്. ഓടരുതമ്മാവാ ആളറിയാം, കമൽഹാസനോപ്പമുള്ള വിക്രം, 9 തെലുങ്ക് സിനിമകളുമായണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ലിസി പറയുന്നു. മിഴിനീർപ്പൂവുകൾ. താളവട്ടം, വിക്രം ഇതൊക്കെയാണ് ഇഷ്ട സിനിമകൾ.

24 വർഷത്തെ ദാമ്പത്യത്തിനാണ് പ്രിയദർശൻലിസി ദമ്പതികൾ വിരാമമിട്ടത്. ഇരുവരും സംയുക്തമായി നൽകിയ ഹർജിയിൽ ചെന്നൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. കുടുംബകലഹം ചൂണ്ടിക്കാട്ടി പ്രിയദർശനെതിരെ ലിസി ചെന്നൈ എഗ്മൂറിലെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ലിസിക്കെതിരെ പ്രിയദർശൻ മദ്രാസ് ഹൈക്കോടതിയിലും കേസ് നൽകി. ഗാർഹിക പീഡനക്കേസും സ്വത്ത് തർക്കവും മദ്രാസ് ഹൈക്കോടതി തീർപ്പ് കൽപിക്കുകയായിരുന്നു. എൺപതുകളിൽ മലയാളസിനിമയിലെ ശാലീനസുന്ദരിയായി തിളങ്ങിയ ലിസി പ്രിയദർശൻ ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യവുമായിരുന്നു. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവിൽ 1990 ഡിസംബർ 13നാണ് ഇരുവരും വിവാഹം കഴിച്ചത്.

24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014 ലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചവിവരം വെളിപ്പെടുത്തുന്നത്. വിവാഹമോചനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കമൽഹാസനും മോഹൻലാലുമടക്കമുള്ളവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മക്കളായ കല്ല്യാണിയും സിദ്ധാർഥും വിദേശത്താണ്.