2015ലെ കണക്കെടുപ്പിൽ നെടുമുടി വേണുവെന്ന ഇരുത്തം വന്ന നടൻ സന്തോഷവാനാണ്. ന്യൂജെൻ തരംഗത്തിലും ഈ നടന് പിഴയ്ക്കുന്നില്ല. പുതിയ തലമുറയ്‌ക്കൊപ്പവും വെള്ളിത്തിരയിലെ സജീവ സാന്നിധ്യമാണ് നെടുമുടി വേണു. പുതിയ തേരിൽ യാത്ര ചെയ്യുമ്പോഴും മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ച നടനാണ് താനെന്നു നെടുമുടിവേണു അഭിപ്രയപെടുന്നു. അതോടോപ്പം നല്ല സിനിമകൾ മലയാള സിനിമക്ക് ലഭിച്ച വർഷം കൂടിയാണെന്നും നെടുമുടി വേണു പറഞ്ഞു. സിനിമ അനുഭങ്ങളെ കുറിച്ച് നെടുമുടിവേണു മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

? 2015 ലെ മലയാള സിനിമയെ എങ്ങനെ വിലയിരുത്തുന്നു

നല്ല സിനിമകൾ ഇറങ്ങിയ വർഷം എന്ന ഭാഗ്യം 2015 നുണ്ട്, അഭിനേതാക്കളെക്കാൾ കൂടുതൽ സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും വർഷമായിരുന്നു ഇത്, ഒരുപാടു നല്ല സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. നല്ല സിനിമകൾ ഇറങ്ങിയാൽ അത് കാണാൻ തീയേറ്ററിൽ ആളുണ്ട് എന്ന് വീണ്ടും തെളിയിച്ചു. 2015 എനിക്കും കുറെ നല്ല കകഥാപാത്രങ്ങളെ ലഭിച്ചു. ഉദാഹരണമായി സെക്കന്റ് ക്ലാസ്സ് യാത്ര സിനിമയിലെ നാരായണൻ മേസ്തിരി എന്ന വില്ലൻ, ഡോ. ബിജുവിന്റെ വലിയചിറക്കുള്ള പക്ഷികൾ, ലോർഡ് ലിവിങ്‌സറ്റൺ 7000 കണ്ടിയിലെ സി.കെ.എ.കെ മേനോൻ എന്ന റിട്ടയർഡ് ഡിഫെൻസ് സെക്രട്ടറി, അതുപോലെ ഈ വർഷത്തിൽ അവസാനം ഇറങ്ങി നല്ല അഭിപ്രായം മാത്രം കേൾക്കുന്ന ദുൽഖർ ചിത്രം ചാർളിയിലെ കുഞ്ഞപ്പൻ എന്ന കഥാപാത്രം വരെ നന്നായി പ്രേക്ഷകർ ശ്രദ്ധിച്ചു.

വ്യത്യസ്തത നിറഞ്ഞ ക്യാരക്ടറുകൾ ലഭിച്ച വർഷമാണിത്. അതിൽ സന്തോഷിക്കുന്നു. അതുപോലെ തന്നെ ഏറ്റവും സന്തോഷം തോന്നിയ കാര്യം പുതിയ തലമുറയുമായി ചേർന്നുപോകുവാൻ സാധിച്ചു എന്നുളതാണ്. ഈ വർഷത്തിൽ കൂടുതൽ ശ്രദ്ധേയമായ കാര്യം, പഴയ തലമുറ പുതിയ തലമുറ എന്ന് പറഞ്ഞു മാറ്റി നിർത്താതെ മെയിൻ സ്ട്രീമിൽ തന്നെ നിൽക്കാൻ സാധിച്ചു എന്നുള്ളതും ഈ വർഷത്തെ എന്റെ നേട്ടമാണ്. നല്ല സിനിമകൾ ഉണ്ടായാലേ എത്ര വലിയ നടനും പിടിച്ചു നിൽക്കാനാവു എന്ന് വിശ്വസിക്കുന്ന കലാകാരനാണ് ഞാൻ.

? അഭിനയിച്ച സിനിമകൾ ഇറങ്ങുമ്പോൾ അതിന്റെ ചാനൽ പ്രമോഷൻ പ്രോഗ്രമുകളിലോ, പത്രങ്ങളിലും മറ്റുമുള്ള അഭിമുഖങ്ങളിലോ മുഖം കാണിക്കാതെ മാറി നിൽക്കുന്ന ആളെന്ന ആരോപണം നിലനില്കുന്ന നടനാണ് നെടുമുടിവേണു അതിന്റെ കാരണമെന്താണ്

ഇതു തല്ലിപൊളി പടത്തിനും പ്രേമോഷൻ എന്ന പേരിൽ നുണ പറയുന്ന പരിപാടികളായി മാറുന്നു പല ചാനൽ പ്രമോഷൻ പരുപാടികളും എന്നെനിക്ക് തോന്നാറുണ്ട്. ഇതു കണ്ടു സിനിമ കാണുന്ന പ്രേക്ഷകർക്ക് ഇത്തരത്തിലുള്ള പ്രചരണ പരിപാടികളോടുള്ള വിശ്വാസ്യത കുറഞ്ഞു. ഇതിൽ തെറ്റ് പറയാനും കഴിയില്ല, അഭിനയിച്ച ചിത്രങ്ങൾ നല്ലതാണ് എന്ന് അതിൽ അഭിനയിച്ച കലാകാരന്മാർക്ക് പറയാൻ കഴിയു. നുണ പറഞ്ഞു ആളുകളെ കബളിപിക്കുന്ന പരിപാടികൾക് നിൽക്കാനുള്ള മടി കാരണം പ്രചാരണ പരുപാടികളിൽ നിന്ന് ഒഴിഞ്ഞു നിൽകാൻ പരമാവധി ശ്രമിക്കാറുള്ളത്.

പടം ഇറങ്ങി നല്ല അഭിപ്രായങ്ങൾ ജനങ്ങളുടെ ഭാഗത്തുനിന്നു ഉണ്ടായാൽ കൂടുതൽ പ്രചാരണത്തിനായി ശ്രമിക്കാൻ ഒരു മടിയും ഞാൻ കാണിക്കാറില്ല. അതിനു മുൻപുള്ള അവകാശ വാദത്തിനു അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. ആക്ടർ എന്ന് വച്ചാൽ സിനിമയിലെ ഒരു പാർട്ട് മാത്രമാണ്, റോളുകളെ കുറിച്ച് പറയാമെന്നല്ലാതെ അയാൾക്കൊരിക്കിലും ഒരു സിനിമയുടെ ടോട്ടാലിറ്റിയെകുറിച്ച് അറിവുണ്ടാകണമേന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പരിപാടികളിൽ തല കൊടുക്കാറില്ല.

? അമ്മവേഷങ്ങളും അച്ഛൻ വേഷങ്ങളും ന്യൂ ജനറേഷന് സിനിമകളിൽ പൊതുവേ കുറവാണെന്നും പലപ്പോഴും സീനിയർ താരങ്ങളെ ഇത് ബാധിക്കുന്നു എന്ന ആരോപണം പലരും പറയുന്നു അതിൽ എത്രത്തോളം ശരിയുണ്ട്

ഒരാൾക്ക് വേഷമുണ്ടാക്കാൻ വേണ്ടി സിനിമയുണ്ടാക്കാൻ സാധിക്കില്ല. അത് സ്വഭാവികമായി സംഭവിച്ചാൽ മാത്രമേ അതിനു സാധിക്കു. എല്ലാ സിനിമകളിലും ഒരു അച്ഛനും അമ്മയും ഉണ്ടാവണം എന്ന് നിർബന്ധം പിടിക്കാൻ ആർക്കും പറ്റില്ല. ആവശ്യം വരാതിരിക്കുകയും വരുന്നതും കാലഘട്ടത്തിന്റെ ആവിശ്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആയുഷ്‌കാലം മുഴുവനും സിനിമയിൽ ബിസി ആയിയിരിക്കാം എന്ന് വിചാരിക്കുന്നതിൽ കാര്യമുണ്ടെന്നു തോനുന്നില്ല. കാലം മാറുന്നതിനു അനുസരിച്ച് സിനിമയും മാറും അതിനെ പറ്റി പരിതപിച്ചിട്ട് കാര്യമില്ല, അത് സിനിമ പോലുള്ള എല്ലാ കലകളുടേയും സ്വഭാവമാണ്.

?ഭരതൻ പത്മരാജൻ തുടങ്ങിയവരുടെ സിനിമകളിൽ തുടങ്ങിയ അഭിനയജീവിതം മുന്നോട്ടുപോയി ഇപോഴുള്ള സംവിധായകരുടെ ഇടയിൽ പ്രവർത്തിക്കുമ്പോൾ വ്യത്യാസങ്ങൾ തോന്നാറുണ്ടോ

ഭരതൻ പത്മരാജൻ സിനിമകൾ അക്കാലത്തെ ആവശ്യമായിരുന്നു ഇന്നത്തെ ആവശ്യം അതല്ല, പഴയ രീതി സിനിമകൾ ഇപ്പോൾ ഉണ്ടായിട്ടും കാര്യമില്ല. അതിനെക്കുറിച്ച് പരിതപിച്ചിട്ട് എന്ത് കാര്യം. നിത്യ ജിവീതത്തിലായാലും സാമൂഹ്യ ജീവിതത്തിലായാലും സിനിമയിലായാലും കാലം മാറുന്നു എന്ന് ആദ്യം തിരിച്ചറിയണം. അത് സത്യമാണ് സിനിമയിൽ ആയാലും ഇപ്പോൾ പുതിയ വാസനകൾ വരുന്നു, രീതികൾ മാറുന്നു അതിനോടൊപ്പം നമ്മൾ സമരസപ്പെട്ടേ മതിയാവു.

അതുമായി ഒത്തുപോകാൻ നമ്മൾ തയ്യാറാകണം ഇത്തരം മാറ്റങ്ങളെ വളരെ പോസിറ്റീവ് ആയി ഉൾകൊള്ളാൻ കലാകാരന്മാർ തയ്യാറാവുക. തള്ളേണ്ടവയെ തള്ളുവാനും, കൊള്ളേണ്ടവയെ കൊള്ളുവാനും തുറന്ന മനസുണ്ടാകുന്ന എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. അല്ലാതെ വ്യത്യാസം നോക്കി ഇരിക്കുനത്തിൽ അർഥമുണ്ടെന്നു തോനുന്നില്ല.

സിനിമയുമായുള്ള വ്യാകരണങ്ങൾ കൂടുതൽ കൂടുതൽ അടുത്ത് വരുന്ന സിനിമകളാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നത്, പക്ഷെ അതിൽ എത്രയെണ്ണം സ്ഥിരസ്ഥായിയായി ഇരിക്കുമെന്ന് പറയാൻ കഴിയില്ല.

? രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുനതായി പല കലാകാരന്മാരും അഭിപ്രായപെടുമ്പോൾ അങ്ങനെ നിലനില്കുന്നതായി തോന്നുണ്ടോ

പലതിനെയും നമ്മൾ നോക്കി കാണുമ്പോൾ ചില ഹിഡൻ അജണ്ടകൾ പുറത്തു വരുന്നതായി തോന്നിയിട്ടുണ്ട്. ഒരുപാടു കാലം അടക്കിപിടിച്ചുവച്ച ചില കാര്യങ്ങൾ പലതും പുറത്തേക്കു വരുന്നതായി കാണാം. അങ്ങനെ ഒരു കാലഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത് എന്ന് ഞാനും വിശ്വസിക്കുന്നു. പക്ഷെ ഇവിടുത്തെ മാദ്ധ്യമങ്ങൾ ആവശ്യത്തിനും അനാവശ്യവുമായുള്ള പ്രചാരണം ഇതുപറഞ്ഞു കൊടുക്കുന്നതുകൊണ്ട് സാധാരണക്കാരിലും ഈ ധാരണ വലിയ തോതിൽ കൂടുന്നു. അതും അത്ര ശരിയാണെന്ന് തോന്നുന്നില്ല.

? 2016 ലെ പ്രതീക്ഷയുള്ള പ്രോജക്ടുകൾ ഏതൊക്കെയാണ്

പൃഥിരാജ് ചിത്രം പാവാട ആയിരിക്കും അടുത്ത വർഷം ആദ്യം ഇറങ്ങാൻ പോകുന്ന ചിത്രം. ഇപ്പോൾ ഒരു സംസ്‌കൃത സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യമായി ആണ് ഇങ്ങനെ ഒരു ചിത്രത്തിൽ പങ്കാളിയാവുന്നത് എന്ന സന്തോഷവുമുണ്ട്. പിന്നെ പ്രതീക്ഷ നൽകുന്ന പ്രോജക്റ്റ് ആണ് ഷൂട്ട് ആരംഭിക്കാൻ പോവുന്ന പ്രിയൻ-മോഹൻലാൽ ചിത്രം, അത് കൂടാതെ മൂന്നു നാല് പുതുസംവിധായകരുടെ ചിത്രങ്ങളും അടുത്ത വർഷമുണ്ടാക്കും വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ് ഇവയും.

കാലവും സിനിമയും മാറുന്ന ലോകത്ത് കലാകാരന്റെ നല്ല മനസു ഉണ്ടാവണം. നല്ല ചിത്രങ്ങൾ ചെയുന്നതിന്റെ കൂടെ നല്ലൊരു മനുഷ്യനും ആവുക എന്നുള്ളതാണ് ഒരു കലാകാരന്റെ ധർമം എന്നും നെടുമുടി വേണു പറയുന്നു ഒപ്പം സിനിമകളെ സ്‌നേഹിക്കുന്ന തന്നെ സ്‌നേഹിക്കുന്ന എലാവർക്കും പുതുവത്സരാശംസകൾ നൽകാനും നെടുമുടി മറന്നില്ല