തിരുവനന്തപുരം: ബാംഗ്ലൂരിൽ നിന്നും കേസിന്റെ പുരോഗതി അറിയിക്കാത്തതിനാലാണ് ഉമ്മൻ ചാണ്ടിയെ അത് അറിയിക്കാത്തത്. ഉമ്മൻ ചാണ്ടി തന്നെ കേസ് ഏൽപ്പിച്ചത് വിശ്വസ്തനെന്ന നിലയിലും തന്നോട് പൂർണ്ണമായ വിശ്വാസം നിലനിർത്തികൊണ്ടും തന്നെയെന്ന് തിരുവനന്തപുരത്തെ ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ സന്തോഷ്‌കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ബാംഗ്ലൂർ കേസിലെ കാര്യങ്ങൾ അദ്ദേഹം തിരക്കിയപ്പോഴെല്ലാം കൃത്യമായി വിവരങ്ങൾ അറിയിച്ചിരുന്നു. കേസ് ബാംഗ്ലൂരിലെ പ്രമുഖ സിവിൽ കേസ് അഭിഭാഷകനായ രവീന്ദ്രനാഥയെ ഏൽപ്പിച്ചുവെന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ കേസിൽ പുരോഗതിയില്ലാത്തതിനാലും അതിനുള്ള സാഹചര്യമില്ലാത്തതിനാലുമാണ് പിന്നീട് കാര്യങ്ങൾ അറിയിക്കാതിരുന്നതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

സോളാർ കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ കോടതിയിൽ ഇന്നലെ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. കേസിന്റെ വിസ്താരം ഇന്നലെ അവസാനിപ്പിക്കാൻ ഉമ്മൻ ചാണ്ടിയും കൂട്ടരും സമീപിച്ചപ്പോൾ നടപടികൾ വൈകിപ്പിക്കാനാണ് വ്യവസായി എം.കെ കുരുവിളയുടെ അഭിഭാഷകൻ ശ്രമിച്ചത്.തിരുവനന്തപുരത്തെ അഡ്വ. സന്തോഷ് കുമാറിനെ വിശ്വസിച്ചാണു വക്കാലത്ത് ഏൽപിച്ചതെന്നും തനിക്കുവേണ്ടി ഹാജരായ ബംഗളൂരുവിലെ അഭിഭാഷകനെ നേരിട്ടു ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ബംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയെ അറിയിച്ചു. തന്റെ വാദം കേൾക്കാതെയുള്ള വിധി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലെ ക്രോസ് വിസ്താരത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാലായിരം കോടി രൂപയുടെ സോളർപ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി എം.കെ.കുരുവിളയിൽനിന്ന് 1.35 കോടി രൂപ കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷനൽ കൺസൽറ്റൻസി വാങ്ങിയെന്നാണു കേസ്. ഉമ്മൻ ചാണ്ടിയടക്കം ആറു പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചു നൽകണമെന്ന് ഒക്ടോബർ 24ന് ഇതേ കോടതി വിധി പുറപ്പെടുവിച്ച തിനെത്തുടർന്നാണു തന്റെ വാദം കേട്ടിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി ഹർജി നൽകിയത്.

അഭിമുഖത്തിലേക്ക്

സോളാർ കേസിൽ ബാംഗ്ലൂർ കോടതിയിൽ തന്റെ അഭിഭാഷകനെ നേരിട്ട് ബന്ധപെട്ടിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതിനെക്കുറിച്ച്?

പറഞ്ഞത് വാസ്തവമാണ് ഉമ്മൻ ചാണ്ടിയുടെ സ്വകാര്യ അഭിഭാഷകനായ ഞാൻ തന്നെയാണ് ബാംഗ്ലൂർ കോടതിയിൽ കേസ് വാദിക്കുന്നതിനായി അവിടുത്തെ പ്രമുഖ സിവിൽ അഭിഭാഷകനായ രവീന്ദ്രനാഥയെ ഒരു സുഹൃത്ത് വഴി സമീപിക്കുകയായിരുന്നു. കേസിലെ വാദം മാത്രമല്ലാ മറിച്ച് വിസ്താരത്തിനും പ്രാദേസിക ഭാഷയുടെ ആവശ്യം വരും എന്നതിനാലാണ് കന്നഡ ഭാഷ സംസാരിക്കുന്ന അഭിഭാഷകനെ തന്നെ നിയമിച്ചത്. സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനാൽ എക്സ് പാർട്ടിയാക്കി മാറ്റിയ വിവരം ബാംഗ്ലൂരിലെ അഭിഭാഷകൻ അറിയിച്ചിരുന്നില്ല. എന്നാൽ പ്രഗൽഭനും വലിയ അറിവുമുള്ള അദ്ദേഹത്തെപ്പോലൊരു അഭിഭാഷകൻ മനപ്പൂർവ്വം അറിയിക്കാതിരുന്നുവെന്ന് കരുതുന്നില്ല.

ഉമ്മൻ ചാണ്ടിക്കെതിരെ ബാംഗ്ലൂർ കോടതിയുടെ വിധി വന്നത് ഏത് സാഹചര്യത്തിലാണ് ?

ഉമ്മൻ ചാണ്ടിക്കെതിരെ എം.കെ കുരുവിള പരാതി നൽകിയിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് സോളാർ പ്ലാന്റ് സ്ഥാപിക്കുവാൻ വേണ്ട സാഹചര്യങ്ങൾ ശരിയാക്കിതരാം എന്ന് പറഞ്ഞ് പണം തട്ടിച്ചതായാണ് പരാതി. കോടതിയിൽ നിന്നും അന്ന് വന്ന വിധിയുടെ കാര്യം മാദ്ധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇടപാടുകൾ ശരിയാക്കിതരാം എന്ന് പറഞ്ഞ് ഉമ്മൻചാമ്ടിയുടെ ബന്ധുവെന്നും പേഴ്സണൽ സ്റ്റാഫെന്നും പറഞ്ഞ് ചിലർ തട്ടിച്ച കാര്യം എംകെ കുരുവിള തന്നെ ക്ലിഫ്ഹൗസിൽ എത്തി അറിയിച്ചിരുന്നു. തന്റെ പേരിൽ തട്ടിപ്പ് നടന്നുവെന്ന് പരാതിയിൽ നിന്നും മനസ്സിലാക്കിയ ഉമ്മൻ ചാണ്ടി അപ്പോൾ തന്നെ പരാതി അന്നത്തെ ഡിജിപി കെഎസ് ബാലസുബഹ്മണ്യത്തിന് കൈമാറിയിരുന്നു. പിന്നീട് കോടതിയിൽ ഹാജരായെങ്കിലും മറ്റുള്ളവർ ഹാജരാകാത്തതിനാൽ കേസിൽ ഉമ്മൻ ചാണ്ടി പത്രിക സമർപ്പിച്ചിരുന്നില്ല.പരാതിയിൽ പറഞ്ഞിരുന്ന മറ്റ് പ്രതികൾ ഹാജരാകാത്തതിനാലും അവരുടെ ഭാഗം കേൾക്കാത്തതിനാലുമാണ് ഉമ്മൻ ചാണ്ടി പത്രിക സമർപ്പിക്കാതിരുന്നതും.

ഉമ്മൻ ചാണ്ടിയുടെ വാദം കോടതി കേൾക്കാതിരുന്ന സാഹചര്യം?

2014 ഏപ്രിൽ 22ന് ബാംഗ്ലൂർ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് സമ്മൻസ് അയച്ചിരുന്നു. എന്നാൽ അത് ഏപ്രിൽ 23നാണ് ഉമ്മൻ ചാണ്ടിയുടെ കൈയിൽ കിട്ടിയത്. മറ്റുള്ള 5 പേർക്ക് അയച്ച സമൻസ് കൈപ്പറ്റാതെ തിരികെ മടങ്ങുകയും ചെയ്തു. തുടർന്ന് ഹാജരാകാത്തതിനാൽ ഉമ്മൻ ചാണ്ടിയെ എക്സ്പാർട്ടിയാക്കി മാറ്റുകയായിരുന്നു.കൂട്ടുപ്രതികളായ ബിനു നായർ, ആൻഡ്രൂസ്, ദിൽജിത് എന്നിവർ എന്താണ് കോടതിയിൽ പറയുന്നത് എന്ന് കേൾക്കാനുള്ള കാത്തിരിപ്പും വിനയാവുകയായിരുന്നു.

ഉമ്മൻ ചാണ്ടി കേസിൽ ഉൾപ്പെട്ട സാഹചര്യം എന്താണ്?

ഉമ്മൻ ചാണ്ടിയുടെ ബന്ധുവിന്റെ സഹായത്തോടെ 4000 കോടിയുടെ സോളാർ പാനൽ സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടിച്ചു എന്നതാണ് പരാതി. ബാംഗ്ലൂർ വ്യവസായിയായ എം കെ കുരുവിള കൊച്ചിയിൽ വന്നപ്പോൾ ബിനു നായർ എന്നയാൾ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ ബന്ധു സഹായിക്കും എന്നും സംസ്ഥാന മന്ത്രിസഭയിൽ നിന്നും എളുപ്പത്തിൽ സഹായം ലഭിക്കുമെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് ഉമ്മൻ ചാണ്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് ആൻഡ്രൂസ് എന്നയാളെയും പഴ്സണൽ സ്റ്റാഫ് എന്ന് പറഞ്ഞ് ദിൽജിത് എന്ന ഒരാളെയും വീഡിയോ കോൺഫറൻസ് വഴി പരിചയപ്പെടുത്തുകയായിരുന്നു.സമ്മൻസ് വന്നിട്ടും ഹാജരാകാത്തതിനാൽ എക്സ് പാർട്ടിയായി ഉമ്മൻ ചാണ്ടിയെ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു

ഹാജരാകാനാകാത്ത കാരണം കോടതിയിൽ പിന്നീട് ബോധ്യപ്പെടുത്തിയിരുന്നില്ലേ?

സമ്മൻസ് ലഭിച്ച അന്ന് തന്നെ ഉമ്മൻ ചാണ്ടി ഇത് തന്നെ ഏൽപ്പിച്ചു. ബാംഗ്ലൂരിലുള്ള ഒരു അഭിഭാഷകൻ മുഖേന 25ന് തന്നെ ഇത് കോടതിയെ അറിയിക്കുകയും ചെയ്തു. അവിടെ എന്തുകൊണ്ടാണ് വൈകിയതെന്ന കാരണം ബാംഗ്ലൂരിലെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ കാരണം പത്രിക മുഖേന സമർപ്പിക്കാത്തതിനാൽ എക്സ് പാർട്ടിയായി കേസിൽ ഉൾപ്പെടുത്തുകയായിരുന്നു. പിന്നീട് മാദ്ധ്യമങ്ങളിലൂടെയാണ് കേസിൽ 1.61കോടി രൂപ ഉമ്മൻ ചാണ്ടിയും മറ്റ് പ്രതികളും ചേർന്ന് നൽകണം എന്ന കോടതി വിധി താനും ഉമ്മൻ ചാമ്ടിയും അറിഞ്ഞത്.