തിരുവനന്തപുരം: മുഹമ്മദ് റഫിയേയും എം എസ് ബാബുരാജിനേയും ഒരുപോലെ ആരാധിക്കുന്ന മലയാളിയല്ലാത്ത മലയാളി. 60 വർഷമായി സംഗീതത്തെ മാത്രം ഉപാസിച്ചു ജീവിച്ച മലയാളികളുടെ സ്വന്തം കമാൽ ഭായ്. പക്ഷേ ജീവിതം അദ്ദേഹത്തിനു അവസാനംവരെ ബാധ്യതയായിരുന്നു.

മുംബൈയിലെ ഗലികളിൽ തെരുവുസംഗീതവുമായി അലഞ്ഞിരുന്ന അദ്ദേഹത്തിനു കേരളം പേരും തണലും നൽകിയെങ്കിലും ജീവിക്കാനുള്ള വക മാത്രം നൽകിയില്ല, അദ്ദേഹം ചോദിച്ചു വാങ്ങിയുമില്ല. മലയാളികളുടെ മനസിൽ എന്നും ഒരുസ്ഥാനം ഉറപ്പിച്ച് വിടപറഞ്ഞ അദ്ദേഹം മരിക്കുന്നതിനു രണ്ടാഴ്ച മുമ്പ് മുടവന്മുകളിലെ അൽ അറഫ എന്ന കൊച്ചുവീട്ടിലിരുന്ന് തന്റെ ജീവിതം മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുകയായിരുന്നു. ഒരുപക്ഷേ ഇതായിരിക്കാം അദ്ദേഹത്തിന്റെ അവസാന അഭിമുഖം.

'ജോലി ചെയ്താൽ പ്രതിഫലം ചോദിച്ചുവാങ്ങുന്ന ശീലം ഇല്ലാത്തതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം, അതുമനസിലാക്കി മലയാളസിനിമയിലെ പലരും എന്നെ പറ്റിച്ചു, എന്റെ ഗുരുനാഥനായ എം എസ് ബാബുരാജിനെയും മലയാള സിനിമ പറ്റിച്ചു'' തന്റെ സംഗീതജീവിതത്തിലെ തിരിച്ചടികളെക്കുറിച്ച് ഓർക്കുകയായിരുന്നു അദ്ദേഹം. താൻ മലയാളത്തിൽ പതിമൂന്നു സിനിമകൾക്ക് സംഗീതം നൽകിയെന്നും രണ്ടു മൂന്നു പടത്തിൽ മാത്രമേ പണം കിട്ടിയിട്ടുള്ളുവെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

'സാമ്പത്തികമായി രക്ഷപ്പെടാൻ കഴിയാത്തത് ജീവിതത്തിലെ പരാജയമാണെങ്കിലും സംഗീതത്തോട് നീതി പുലർത്തിയെന്ന ചാരിതാർത്ഥ്യം എന്റെ ജീവിതത്തെ ധന്യമാക്കി. പത്തിലേറെ സീരിയലുകൾക്ക് സംഗീതം ചെയ്തിട്ടുണ്ട്. അവരാണു കുറച്ചെങ്കിലും പ്രതിഫലം തന്നത്. സിനിമയിലെ ഒരുപാട് പ്രൊഡക്ഷൻ മാനേജർമാർ എന്നെ കബളിപ്പിച്ചിട്ടുണ്ട്. ഞാൻ ആരോടും പണം ചോദിച്ചില്ല. അതുകൊണ്ട് അവർക്ക് എന്നെ കബളിപ്പിക്കാൻ എളുപ്പമായിരുന്നു. എനിക്ക് അപകടം പറ്റിയപ്പോഴും ആരോടും സഹായം ചോദിച്ചിട്ടില്ല. ബോംബെയിൽ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പാടുമ്പോഴും ആരോടും ഭിക്ഷ ചോദിച്ചിട്ടില്ല. കോഴിക്കോട്ട് ഗാനമേളകളിലും സ്‌കൂളുകളിലും കോളേജുകളിലും പാടി ആഹാരത്തിനുള്ള വക കണ്ടെത്തിയിട്ടുണ്ട്. നിർമ്മാതാക്കളും അവരുടെ സഹായികളുമൊക്കെ എന്റെ പേരിൽ പലതും നേടിയിട്ടും എനിക്ക് മാത്രം ഒന്നും നൽകിയില്ല'' ഇത്രയും പറഞ്ഞുനിർത്തുമ്പോൾ സംഗീതത്തെ മാത്രം സ്‌നേഹിച്ച ആ കലാകാരന്റെ ക്ഷീണിച്ച മുഖത്ത് നിരാശ നിറഞ്ഞിരുന്നു.

ഒരു ചായ കുടിക്കാനുള്ള കാശുപോലും തരാതെ പോയവരുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എം എസ് ബാബുരാജിനേപ്പോലും മലയാളസിനിമ പറ്റിച്ചു. ബാബുക്ക മുന്നൂറു പടം ചെയ്തിട്ടുണ്ടെങ്കിൽ നാൽപ്പത് സിനിമയിൽ മാത്രമേ കൃത്യമായ പ്രതിഫലം കിട്ടിക്കാണൂ. സംഗീത സംവിധായകർക്കും ഗായകർക്കും ന്യായമായ പ്രതിഫലം ഉറപ്പാക്കണമെന്ന ആവശ്യമാണ് അദ്ദേഹത്തിനു പുതിയ സിനിമാലോകത്തോട് പറയാനുള്ളത്.

'മോഹൻലാൽ എന്റെ അവസ്ഥ മനസിലാക്കി സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മേജർ രവി സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന സിനിമയിലെ 'വതൻ കി ആന് തുംസെ ഹെ' എന്ന ടൈറ്റിൽ സോങ് എഴുതാൻ മോഹൻലാലാണ് അവസരം നൽകിയത്. ഇരുപതിനായിരം രൂപ അദ്ദേഹം പ്രതിഫലം വാങ്ങിത്തന്നു. എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പ്രതിഫലത്തുകയായിരുന്നു അത്. സത്യത്തിൽ പുതിയ തലമുറ സിനിമാക്കാരോട് ബഹുമാനം തോന്നിയ നിമിഷമായിരുന്നു അത്'', അദ്ദേഹം പറഞ്ഞു നിർത്തി. മുടവന്മുകളിൽ മോഹൻലാലിന്റെ വീടിനു സമീപമാണ് ബോംബൈ എസ്. കമാലും താമസിച്ചിരുന്നത്.