തിരുവനന്തപുരം: മടവൂരിലെ മുൻ റേഡിയോ ജോക്കി രാജേഷിന്റെ കോലപാതകത്തിലെ പ്രധാന പ്രതി അലിഭായി എന്ന സാലിഹ് പൊലീസ് വലയിലായി. ഇനി പിടികൂടേണ്ടത് ഗൂഢാലോചനക്കാരെ മാത്രമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പല കഥകൾ പുറത്തുവന്നു.

രാജേഷിനും ഖത്തറിലെ നൃത്താധ്യാപികയുമായുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. തനിക്ക് രാജേഷിന്റെ കുടുംബവുമായി നല്ല ബന്ധമാണുള്ളതെന്നും രാജേഷിനൊപ്പം കഴിയാനായിരുന്നു ആഗ്രഹമെന്നും നൃത്താധ്യാപിക വെളിപ്പെടുത്തുകയും ചെയ്തു. ഈ വെളിപ്പെടുത്തലുകളിൽ അത്ര ശരിയല്ലെന്നാണ് രാജേഷിന്റെ അച്ഛൻ പറയുന്നത്. ഈ സ്ത്രീയുമായി രാജേഷിന് ബന്ധമുണ്ടെന്ന് സമ്മതിക്കുന്ന അച്ഛൻ മകനെ ഫോൺ വിളിയുടെ പേരിൽ വിലക്കിയെന്നും വ്യക്തമാക്കുന്നു. ഇതോടെ ഗൾഫിലെ സ്ത്രീ പറയുന്നത് പലതും ശരിയാണോ എന്ന സംശയമാണ് സജീവമാകുന്നത്.

പതികളെ പിടികൂടുമെന്ന് തന്നെയാണ് രാജേഷിന്റെ അച്ഛൻ രാധാകൃഷ്ണൻ വിശ്വസിക്കുന്നത്. മകന്റെ കൊലപാതകവിവരം അറിയിക്കാൻ ഖത്തറിലെ നൃത്ത അദ്ധ്യാപിക തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അവരോട് സംസാരിക്കാൻ താൽപര്യമില്ലാത്തതിനാൽ ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്നും രാജേഷിന്റെ പിതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ സ്ത്രീയുമായി ഫോണിൽ നിരന്തരം സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ പല തവണ രാജേഷിന് താക്കീത് നൽകിയതാണെന്നും ഇനി ഫോൺ വിളി ആവർത്തിക്കില്ലെന്നും രാജേഷ് ഉറപ്പ് നൽകിയിരുന്നുെവന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഖത്തറിലെ യുവതി പറയുന്നതിന് വിരുദ്ധമാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ രാജേഷിന്റെ കൊലയിൽ പെൺ ബുദ്ധിയുണ്ടോയെന്ന സംശയവും സജീവമാകും.

കഴിഞ്ഞ മെയ് 19ന് നാട്ടിൽ തിരിച്ചെത്തിയ രാജേഷ് സ്ഥിരമായി ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. പിന്നീട് രാജേഷിന്റെ ഭാര്യ തന്നെ ഈ സ്ത്രീ നിരന്തരം വിളിച്ച് സംസാരിക്കുന്നുവെന്ന വിവരം തന്നോട് പറഞ്ഞിരുന്നുവെന്നും രാധാകൃഷ്ണൻ പറയുന്നു. ഇതനുസരിച്ചാണ് രാജേഷിനെ ശ്രദ്ധിച്ചത്. മാറി നിന്ന് ഫോൺ വിളിക്കുന്നത് പല തവണ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവനെ വിളിച്ച് ഞാൻ സംസാരിച്ചു. വെറുതെ കുടുംബത്തിൽ ഇതൊരു സംസാര വിഷയമാക്കണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇനി ആവർത്തിക്കില്ലെന്നും ഇത് നിർത്തിയെന്നും പറഞ്ഞെങ്കിലും തുടർന്നിരുന്നു എന്ന് തന്നെ വേണം കരുതാനെന്നും രാജേഷിന്റെ അച്ഛൻ പറയുന്നു.

പിന്നീട് ഈ സ്ത്രീയുടെ നമ്പർ തനിക്ക് ലഭിച്ചിരുന്നു. സംഭവ ദിവസം രാത്രി ഇവർ തന്റെ ഫോണിൽ വിളിച്ചിരുന്നുവെന്നും എന്നാൽ മേലിൽ വിളിക്കരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. രാജേഷിന് അപകടം സംഭവിക്കുമെന്ന കാര്യം അറിയിക്കാനാണ് അവർ വിളിച്ചതെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നും രാധാകൃഷ്ണൻ പറയുന്നു. എന്നാൽ ഈ സമയത്ത് സംഭവ നടക്കുന്ന സ്ഥലത്ത് നിന്ന് 20 കിലോമീറ്ററോളം അകലെയായിരുന്നു. അറിഞ്ഞിരുന്നെങ്കിലും എനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും താൻ നിസ്സഹായനായിരുന്നുവെന്നും രാജേഷിന്റെ അച്ഛൻ പറയുന്നു.

ഖത്തറിലെ നൃത്താധ്യാപിക പറയുന്നത് പോലെ രാജേഷിന്റെ വീട്ടിലെ ആർക്കും അവരുമായി നേരിട്ടോ അല്ലാതെയോ പരിചയവുമില്ല അടുപ്പവുമില്ല. ചെന്നൈയിൽ ഇവരുടെ സഹായത്തോടെ എന്തെങ്കിലും ജോലി സംബന്ധിച്ച കാര്യങ്ങളും തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു. ഈ സ്ത്രീയെക്കുറിച്ച് അറിയുന്നത് പോലും രാജേഷിന്റെ ഭാര്യ നേരിട്ട് പറയുമ്പോഴാണ്. എന്നാൽ ഈ വിഷയത്തിൽ ഒരിക്കൽ പോലും വീട്ടിൽ രാജേഷും ഭാര്യയും തമ്മിൽ എന്തെങ്കിലും പ്രശ്നം തന്റെ അറിവിൽ ഇല്ലെന്നും രാധാകൃഷ്ണൻ പറയുന്നു.

ഈ സ്ത്രീയുടെ കുടുംബത്തിൽ രാജേഷുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള വഴക്കും പ്രശ്നങ്ങളുമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ചോദിച്ചാൽ തനിക്ക് അറയില്ലെന്നും മാധ്യമങ്ങളിൽ പൊലീസ് പറഞ്ഞതായി വരുന്ന കാര്യങ്ങൾ മാത്രമെ തനിക്ക് അറിയുള്ളുവെന്നും എന്തായാലും വെട്ടിക്കീറി കൊല്ലാൻ മാത്രം തെറ്റ് ചെയ്തിരുന്നോ എന്ന് ഇപ്പോഴും അറിയില്ല. പ്രതികളെ പിടിക്കാൻ പൊലീസ് ഊർജിതമായി ശ്രമിക്കുന്നുവെന്നാണ് വിശ്വാസമെന്നും ഇപ്പോഴത്തെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും രാധാകൃഷ്ണൻ പറയുന്നു.