കൊച്ചി: പി ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ഒരു ഭാഗമെടുത്തു ചോദ്യമാക്കിയപ്പോൾ അതിലെ ഭ്രാന്തൻ എന്ന കഥാപാത്രത്തിനു മുഹമ്മദ് എന്നു പേരു കൊടുത്തതുമൂലമാണ് മതനിന്ദയാണെന്നു പറഞ്ഞ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ അതിക്രൂരസംഭവമുണ്ടായതും പിന്നീട് കേസിൽ ഇന്നലെ 10 പേരെ എട്ടു വർഷം തടവിനു ശിക്ഷിച്ചതും. അപ്പോൾ ഏതു രചനയിലും മുഹമ്മദ് എന്നു പേരിട്ടാൽ അതു പ്രവാചകനിന്ദയാകുമോ എന്ന സംശയമുയരുന്നു.

പടച്ചോനേ എന്ന പ്രയോഗമുൾപ്പെടുന്ന ലേഖനത്തിൽ മുസ്ലീമിന്റെ പേരാണല്ലോ വേണ്ടത് എന്ന സാമാന്യയുക്തി വച്ച് ലേഖകന്റെ പേരായ പി ടി കുഞ്ഞുമുഹമ്മദിൽനിന്നു മുഹമ്മദ് എടുത്തതാണെന്ന് അദ്ധ്യാപകൻ. പ്രശ്‌നം ലഘുവാണെന്നു തോന്നാം. പക്ഷേ പിന്നീടുണ്ടായതു ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ. ഫലമോ? അദ്ധ്യാപകന്റെ കൈ വെട്ടി, ഭാര്യ ആത്മഹത്യ ചെയ്തു. മതേതരകേരളത്തിൽ ഉണങ്ങാത്ത മുറിവുമുണ്ടായി. ഇനിയിങ്ങനെയൊരു സംഭവമാവർത്തിക്കരുതല്ലോ.

മുഹമ്മദ് എന്ന പേരുപയോഗിക്കുന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറൽസെക്രട്ടറി കെ എച്ച് നാസറുമായി മറുനാടൻ മലയാളി ലേഖകൻ ആശങ്ക പങ്കുവച്ചു. അദ്ദേഹവുമായി നടത്തിയ അഭിമുഖം

മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ എൻ ഐ എ കോടതിയുടെ വിധിയെ എങ്ങനെ കാണുന്നു?

മൂവാറ്റുപുഴ സംഭവത്തിൽ പൊലീസും രാഷ്ട്രീയ -ഭരണനേതൃത്വവും ഗൂഢാലോചന നടത്തിയെന്നതു വ്യക്തമാക്കുന്നതാണു കോടതി വിധി. ഒരു കുറ്റക്രത്യം എവിടെയെങ്കിലും ഉണ്ടായാൽ ക്രിമിനൽ കേസ് എടുക്കണമെന്നതാണ് ഇന്ത്യയിലെ നിയമം. എന്നാൽ മൂവാറ്റുപുഴയിൽ ഉണ്ടായ പ്രാദേശിക ആക്രമണത്തിൽ യു എ പി എ പോലുള്ള കരിനിയമം ഉപയോഗിച്ചതു തന്നെ ഗൂഢാലോചനയ്ക്ക് തെളിവാണ്. ഈ നിയമം യഥാർത്ഥത്തിൽ ഭരണഘടന അനുവദിക്കുന്ന പൗരാവകാശത്തിന് എതിരാണ്. മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് പ്രതിപ്പട്ടികയിൽ 57 പേരെ ഉൾപെടുത്തിയിരുന്നു എന്നാൽ എൻ ഐ എ കേസ് അന്വേഷിച്ചപ്പോൾ അത് 37 ആയി ചുരുങ്ങി. തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ ഇവരിൽ 18 പേർ കൂടി കുറ്റവിമുക്തരായി. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസും രാഷ്ട്രീയ -ഭരണനേതൃത്വവും നടത്തിയ ഗൂഢാലോചനയിലേയ്ക്കാണ്.

കൂടാതെ മൂവാറ്റുപുഴ സംഭവത്തിനു ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മൂവാറ്റുപുഴയിലെത്തി കൂടിയാലോചന നടത്തുകയും പോപ്പുലർ ഫ്രണ്ടിനെ തകർക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. അവിടെ ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഒരു മജിസ്‌ട്രേറ്റു കോടതിയിൽ വിചാരണ ചെയ്യേണ്ട കുറ്റകൃത്യം ദേശീയ അന്വേഷണ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് എൻ ഐ എ കോടതിയിൽ വിചാരണ ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ തകർക്കുക എന്നത് അന്നത്തെ സർക്കാരിന് നേതൃത്വം നൽകിയ സി പി എമ്മിന്റെ ലക്ഷ്യമായിരുന്നു.ഇതിനു വീണു കിട്ടിയ അവസരമെന്നനിലയിലാണ് സർക്കാർ അന്നു പ്രവർത്തിച്ചത്. അതിനു വേണ്ടിയാണ് കേരളത്തിൽ ആദ്യമായി യു എ പി എ നിയമം ഈ കേസിൽ ചുമത്തിയത്. അന്നു യു എ പി എ പ്രയോഗിക്കാൻ മുൻകൈയെടുത്ത സി പി എം ഇന്ന് ഈ നിയമത്തിനെതിരെ പ്രചരണം നടത്തുന്നുവെന്നത് മറ്റൊരു വിരോധാഭാസം. മാത്രമല്ല മൂവാറ്റുപുഴ സംഭവം മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി ചർച്ചാ വിഷയമാക്കാനും പൊലീസും ഭരണകൂടവും ശ്രമിച്ചു.

അതിൽ അവർ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. തുടർച്ചയായി 104 ദിവസം ഈ സംഭവം മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നു. സംഭവത്തോടനുബന്ധിച്ച് പൊലീസ് പോപ്പുലർഫ്രണ്ട് പ്രവർത്തകരെയും കുടുംബാംഗങ്ങളെയും കഠിനമായി പീഡിപ്പിക്കുകയായിരുന്നു. ആക്രമണവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവർത്തകരുടെ വീടുകളിൽ പോലും അസമയങ്ങളിൽ പൊലീസ് എത്തുകയും സ്്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ നിരവധിയാണ്. പൊലീസിന്റെ ഈ പീഡനങ്ങൾക്കെതിരെ പ്രതികരിച്ചവരെ പോലും പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു. മൂവാറ്റുപുഴയിലെ കോളജ് അദ്ധ്യാപകനായ അനസിനെയും എറണാകുളത്തെ മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.എൻ എം സിദ്ദിഖിനെയും പൊലീസ് അറസ്റ്റു ചെയതത് ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ പൊലീസിന്റെ ഇത്തരം നീക്കങ്ങൾ ജനം അംഗീകരിച്ചില്ല. അതിന് ഉദാഹരണമാണ് അനസ് ജയിലിൽ കിടന്നു മത്സരിച്ച് ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചത്.

യഥാർത്ഥത്തിൽ പ്രൊഫ:ടി ജെ ജോസഫ് പ്രവാചകനിന്ദ നടത്തിയെന്ന് പോപ്പുലർ ഫ്രണ്ട് വിശ്വസിക്കുന്നുണ്ടോ? പി ടി കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തിൽനിന്ന് എടുത്ത ഒരു ഭാഗത്തിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന ഒരു സാധാരണ മുസ്ലിം പേരു നല്കി എന്നത് ഒരു കുറ്റമാണോ? ചിഹ്നം ഇടാനുള്ള ചോദ്യമായതിനാൽ ആ സംഭാഷണത്തിൽ പേര് അനിവാര്യമല്ലേ?
പ്രൊഫ:ടി ജെ ജോസഫ് പ്രവാചകനെ നിന്ദിക്കുക എന്ന ഉദ്ദേശ്യത്തിലല്ല മുഹമ്മദ് എന്ന പേരുപയോഗിച്ചതെങ്കിൽ തെറ്റല്ല. പക്ഷേ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. അദ്ദേഹം ചോദ്യപേപ്പർ തയ്യാറാക്കി ടൈപ്പ് ചെയ്യാൻ ചെന്നപ്പോൾ ഡി ടി പി ഓപ്പറേറ്റർ അദ്ദേഹത്തോട്് മുഹമ്മദ് എന്നത് നബിയുടെ പേരാണ് ഈ ഭാഗത്തുനിന്ന് ഈ പേര് ഒഴിവാക്കി മറ്റൊരു പേര് ഉപയോഗിക്കുക എന്നു പറഞ്ഞു എന്നാൽ അദ്ദേഹം അതു ചെവിക്കൊള്ളാൻ തയ്യാറായില്ല. പിന്നീട് പരീക്ഷ എഴുതാനിരുന്ന കുട്ടികളും ഇതേ കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്പോഴും അദ്ദേഹം ധാർഷ്ട്യത്തോടെ തന്നെ പ്രതികരിക്കുകയായിരുന്നു. മാത്രമല്ല പിന്നീട് ഒരിക്കലും താൻ ചെയ്തത് തെറ്റായിപ്പോയി എന്നോ അബദ്ധം പറ്റിയെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഇതിൽ നിന്ന് നമുക്ക് എന്താണ് മനസിലാക്കാൻ കഴിയുക

അദ്ധ്യാപകനെതിരെ നടന്ന ആക്രമണത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിലപാടെന്താണ്?

അദ്ധ്യാപകനെതിരെ നടന്ന ആക്രമണത്തെ അന്നും ഇന്നും എന്നും പോപ്പുലർ ഫ്രണ്ട് അപലപിക്കുന്നു. അക്രമം ഒരിക്കലും പോപ്പുലർ ഫ്രണ്ടിന്റെ നയമല്ല. ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. സംഘടനയ്ക്കും ഭരണഘടനയുണ്ട്. അതിലും അക്രമത്തിനെതിരായ നിലപാടാണുള്ളത്.

പിന്നെ എന്തുകൊണ്ടാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ അദ്ധ്യാപകനെ ആക്രമിക്കാൻ തയ്യാറായത്.?
അത് ഒരിക്കലും സംഘടനയുടെ തീരുമാനമായിരുന്നില്ല.പ്രവാചകനെ ഒരാൾ നിന്ദിച്ചു എന്നറിഞ്ഞപ്പോൾ പ്രാദേശികരായ ചില ചെറുപ്പക്കാർക്കുണ്ടായ രോഷമായിരുന്നു അത്. ഇസ്ലാംമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രവാചകൻ അവരുടെ വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ആ പ്രവാചകനെ ആരെങ്കിലും നിന്ദിച്ചാൽ ഓരോ മുസ്ലീമും അവരവരുടെ വിവേകത്തിന് അനുസരിച്ച് പ്രതികരിക്കും. ഇവിടെ സംഭവിച്ചതും അതാണ്. പോപ്പുലർ ഫ്രണ്ടിന്റെ നേതൃസ്ഥാനത്തുള്ള ഒരാളും ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലില്ല എന്നത് സംഘടനയുടെ നിർദ്ദേശപ്രകാരം നടത്തിയ കുറ്റകൃത്യമല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്.

ഭാവിയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ നേതൃത്വം എന്തു നിലപാടാണ് സ്വീകരിക്കുക.?

ഞാൻ മുമ്പുപറഞ്ഞല്ലോ പോപ്പുലർ ഫ്രണ്ട് എല്ലാക്കാലത്തും ആക്രമണങ്ങൾക്ക് എതിരാണ്.ഭാവിയിൽ ഏതെങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെട്ടാൽ നിജസ്ഥിതി മനസിലാക്കി കുറ്റകൃത്യത്തിന്റെ വ്യാപ്തിക്കനുസരിച്ച് നടപടി സ്വീകരിക്കും.

മൂവാറ്റുപുഴ സംഭവം സംഘടനയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും തിരിച്ചടിയായില്ലേ?
ഒരിക്കലും ഇല്ല. ഈ സംഭവത്തിനു ശേഷവും സംഘടന സംഘടിപ്പിച്ച പ്രക്ഷോഭപരിപാടികളിലും സമ്മേളനങ്ങളിലുമെല്ലാം വൻതോതിലുള്ള ജനപങ്കാളിത്തം ഉണ്ടായിട്ടുണ്ട്.

കൈവെട്ടുകേസ് സംഘടനയെ ഒരു തരത്തിലും ബാധിച്ചില്ലെന്നാണോ?

സംഘടനയെ ബാധിച്ചിട്ടില്ല.എന്നാൽ പൊലീസിന്റെ പീഡനവും അനാവശ്യചോദ്യം ചെയ്യലുകളുമെല്ലാം നിമിത്തം പല സംഘടനാ പ്രവർത്തകരുടെയും ബിസിനസുകൾ തകരാൻ കാരണമായിട്ടുണ്ട്