- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഠത്തിൽ നിന്ന് പുറത്താക്കാൻ ഞാൻ ചെയ്ത തെറ്റെന്താണ്? അരുതാത്തതു കണ്ടത് അറിയിച്ചതോ? അതോ വൈദികന്റെ ഇംഗിതത്തിനു വഴങ്ങാത്തതോ? പോകാനിടമില്ലാതെ ജനസേവാ കേന്ദ്രത്തിൽ അഭയം തേടിയ കന്യാസ്ത്രീക്കു പറയാനുള്ളത്
കൊച്ചി: ' ആരു പറഞ്ഞാലും ഞാൻ ഈ തിരുവസ്ത്രം ഊരില്ല. പേടിച്ചു നിലവിളിക്കുകയുമില്ല. ഇതു സഭയെ മാറ്റിചിന്തിപ്പിക്കാനുള്ള പോരാട്ടമാണ്. ആലുവ ജനസേവാ ശിശുഭവനിലെ സന്ദർശകമുറിയിലിരുന്ന് തന്റെ ദുരനുഭവം വിവരിക്കുമ്പോൾ ആ കന്യാസ്ത്രീയുടെ വാക്കുകൾ പതറിയില്ല. കണ്ണൂരുകാരിയായ യുവസിസ്റ്റർ വിവിധ കോൺവെന്റുകളിൽ അച്ചടക്കനടപടികൾക്കു വിധേയയായി ഇപ്പോൾ
കൊച്ചി: ' ആരു പറഞ്ഞാലും ഞാൻ ഈ തിരുവസ്ത്രം ഊരില്ല. പേടിച്ചു നിലവിളിക്കുകയുമില്ല. ഇതു സഭയെ മാറ്റിചിന്തിപ്പിക്കാനുള്ള പോരാട്ടമാണ്. ആലുവ ജനസേവാ ശിശുഭവനിലെ സന്ദർശകമുറിയിലിരുന്ന് തന്റെ ദുരനുഭവം വിവരിക്കുമ്പോൾ ആ കന്യാസ്ത്രീയുടെ വാക്കുകൾ പതറിയില്ല.
കണ്ണൂരുകാരിയായ യുവസിസ്റ്റർ വിവിധ കോൺവെന്റുകളിൽ അച്ചടക്കനടപടികൾക്കു വിധേയയായി ഇപ്പോൾ ജനസേവാ ശിശുഭവനിൽ അഭയം തേടിയിരിക്കുകയാണ്്. അരുതാത്തതു കണ്ടതു വിളിച്ചുപറഞ്ഞതിനെത്തുടർന്നും ഒരു വൈദികന്റെ ഇംഗിതത്തിനു വഴങ്ങാത്തതിനാലുമാണു താൻ പലവിധ പീഡനങ്ങൾക്കും പുറത്താക്കലിനും വിധേയയായിരിക്കുന്നതെന്നു സിസ്റ്റർ പറയുന്നു. ഇതുസംബന്ധിച്ചു വിവിധ കോൺവെന്റുകൾക്കും സിസ്റ്റർ പ്രതിനിധീകരിക്കുന്ന കോൺഗ്രിഗേഷനും വിശദീകരിക്കാനുള്ളതെന്തെന്നും കത്തോലിക്കാ സഭയുടെ നിലപാടെന്തെന്നും അറിവായിട്ടില്ല. എന്തായാലും ആഗോളകത്തോലിക്കാ സഭയുടെ വിശ്വാസവഴിയിൽ അടിയുറച്ചുനിന്നുകൊണ്ടു തിരുവസ്ത്രം ഊരാതെ സന്യാസിനിയായിത്തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നു സിസ്റ്റർ വ്യക്തമാക്കുന്നു. കന്യാസ്ത്രീയെന്ന നിലയിൽ 12 വർഷത്തെ ദുരിതജീവിതം അവരെ എന്തും നേരിടാൻ പാകപ്പെടുത്തിയിരുന്നു. തന്റെ കഴിഞ്ഞ കാലങ്ങളെപ്പറ്റി അവർ മറുനാടൻ മലയാളിക്കുമുമ്പിൽ മനസ് തുറക്കുന്നു...
കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി വലിയ ആഗ്രഹങ്ങളും പ്രതീക്ഷകളുമായാണ് കർത്താവിന്റെ മണവാട്ടിയാകാൻ പതിനഞ്ചാം വയസിൽ മഠത്തിലെത്തുന്നത്.പണ്ടുകാലങ്ങളിലേതു പോലെ വീട്ടിലെ ദാരിദ്രവും മറ്റു പ്രശ്‌നങ്ങളും ഒന്നുമായിരുന്നില്ല അവരെ സന്യാസജീവിതത്തിലേക്കെത്തിച്ചത്. മിഷണറി പ്രവർത്തനത്തിൽ താൽപര്യം പ്രകടിപ്പിച്ചുതന്നെയാണ് കണ്ണൂർ ജില്ലയിലെ മഠത്തിൽ സന്യാസജീവിതത്തിന് മുന്നോടിയായുള്ള പഠനത്തിനുനു ചേർന്നത്. വീട്ടുകാരും ഇവരുടെ തീരുമാനത്തിന് അനുകൂലമായി. ദൈവഭയത്തോടെയുള്ള ആ പഠന കാലം തുടക്കത്തിൽ വളരെ നല്ല അനുഭവമാണ് നല്കിയത്. പക്ഷേ എല്ലാം മാറിയത് വളരെ യാദൃച്ഛികമായിട്ടായിരുന്നു. ''ഒരു ദിവസം കാണാൻ പാടില്ലാത്തത് ഞാൻ കണ്ടു...'' ആദ്യം മഠം വിട്ടു പോരാനുണ്ടായ കാരണം അവർ വിശദീകരിച്ചതിങ്ങനെയാണ്- തനിക്ക് ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള ഒരു സിസ്റ്ററായിരുന്നു അത്. ആ കാഴ്ച താൻ കണ്ടെന്നറിഞ്ഞതോടെ സിസ്റ്ററിനും പേടിയായി. ഒരിക്കലും ആരോടും പറയില്ലെന്നു കരുതിയ ആ രഹസ്യം തനിക്ക് മദറിനു മുൻപിൽ വെളിപ്പേടുത്തേണ്ടി വന്നു.
പക്ഷേ താൻ പ്രതീക്ഷിച്ചതിനു നേരെ വിപരീതമായിരുന്നു മദറിന്റെ പ്രതികരണം.ആ ആൾ വലിയ സ്വാധീനമുള്ള ആളാണെന്നും സിസ്റ്റർ അഭയയ്ക്ക് സംഭവിച്ചതു മോൾക്കുമുണ്ടാകുമെന്നായിരുന്നു അവർ പറഞ്ഞത്. (ഒരു സിസ്റ്ററുമായി വൈദികർ രാത്രിയിൽ ബന്ധപ്പെടുന്നതു കണ്ട സിസ്റ്റർ അഭയയെ പുറത്തറിയാതിരിക്കാൻ കൊടാലിക്ക് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് കേസ്്) വളരെ സ്‌നേഹത്തോടെ ആണ് അന്നു മദർ അങ്ങനെ പറഞ്ഞതെങ്കിലും ഇതു തന്നെ വല്ലാതെ ഭയപ്പെടുത്തി. കോൺവെന്റിലെ വെറുമൊരു ഡ്രൈവർക്ക് എന്തു സ്വാധീനമാണ് അവിടെയുള്ളതെന്ന് ഇപ്പോഴും തനിക്ക് മനസിലായിട്ടില്ല. പിന്നെ അവിടെ നില്ക്കുന്നത് ജീവനു തന്നെ അപകടമാണെന്നു മനസിലായിത്തുടങ്ങിയതോടെ അവിടം വിട്ട് ആലുവയിലെ മഠത്തിൽ ചേർന്നു. എന്നാൽ പിന്നീടാണ് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുരുതരത്തിൽ എല്ലായിടവും പീഡനങ്ങൾ നിറഞ്ഞതാണെന്ന് സിസ്റ്റർക്ക് ബോധ്യമാകുന്നത്.
പഠനത്തിനുശേഷം മധ്യപ്രദേശിലെ പാചോർ എന്ന സ്ഥലത്തെ കോൺവെന്റിൽ ഹൈസ്‌കൂൾ അദ്ധ്യാപികയായി ജോലി ചെയ്യുമ്പോൾ ഉണ്ടായ സംഭവങ്ങളാണ് അവർ പിന്നീട് സഭയിൽനിന്നു പുറത്താകുന്നതിലേക്കു വരെ നയിച്ചത്. അവിടെ അടുത്ത് ഒരു ധ്യാനകേന്ദ്രത്തിൽ ഡയറക്ടറായിരുന്ന അച്ചൻ തന്നോടു മോശമായി പെരുമാറി. അദ്ദേഹം മുൻപുതന്നെ തന്നോട് ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. അതു ശരിയല്ലെന്ന് അന്നുതന്നെ താൻ അദ്ദേഹത്തോട് പറഞ്ഞു. ഒരിക്കൽ എന്നെ അദ്ദേഹം കയറിപ്പിടിച്ചു. ഞാൻ ശക്തമായി എതിർത്തു. പറ്റില്ലെന്നു തീർത്തു പറഞ്ഞപ്പോൾ അച്ചൻ പേടിച്ചിട്ടുണ്ടാവും. അദ്ദേഹം ചെന്ന് ഞങ്ങളുടെ മദറിനോട് പറഞ്ഞു, ഞാൻ അദ്ദേഹത്തെ ശല്യപ്പെടുത്തിയെന്ന്.
അതോടെ എല്ലാം മൊത്തത്തിൽ തിരിഞ്ഞു. അങ്ങനെയാണ് സിസ്റ്റർമാരും മദറുമെല്ലാം തനിക്ക് എതിരാകുന്നത്. എല്ലാം വിശദീകരിച്ചിട്ടും അവർ വിശ്വസിക്കാതെ വന്നതോടെ തെറ്റ് ചെയ്‌തെന്ന് ഉറപ്പുണ്ടെങ്കിൽ തന്നെ നാട്ടിലേക്കയച്ചോളാൻ പറഞ്ഞു. എന്നാൽ, സാരമില്ല...പുറത്താരോടും പറയണ്ട എന്ന നിലപാടാണ് മദർ സുപ്പീരിയർ അടക്കമുള്ളവർ സ്വീകരിച്ചതെന്ന് സിസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു.
പിന്നീടാണ് ഇതിനു പിന്നിലെ ചതി അവർ തിരിച്ചറിയുന്നത്. തന്നെ ഇറ്റലിയിലെ ഒരു വയോധികസദനത്തിലേക്ക് നാടു കടത്തുകയാണ് അവർ ചെയ്തത്. അതിനും അവർക്ക് കാര്യമായ വിശദീകരണമൊന്നും ഉണ്ടായിരുന്നില്ല. ഇംഗ്ലിഷ് അദ്ധ്യാപികയായ തന്നെ അവിടെ വീട്ടുജോലിക്കാരിയെപ്പോലെയാണു കണ്ടത്. സിസ്റ്ററെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികന് ഇറ്റലിയിലും ഇത്രയധികം സ്വാധീനമുണ്ടോയെന്ന സംശയവും ഞങ്ങൾ അവരോടു ചോദിച്ചു. പക്ഷേ അച്ചന്റെ സ്വാധീനത്താൽ ഇവിടെ നിന്നും തന്നെ പുറത്താക്കുകയായിരുന്നു. ഇറ്റലിയിലെ സഭയുടെ സ്ഥാപനത്തിനു ലാഭത്തിൽ മാത്രമായിരുന്നു കണ്ണെന്ന് തനിക്ക് ബോധ്യപ്പെട്ടതായും സിസ്റ്റർ വേദനയോടെ വിവരിച്ചു.
അഗതികളായ വയോധികഅന്തേവാസികളുടെ കാര്യങ്ങൾ നോക്കുകയെന്ന ഉത്തരവാദിത്വം കൂടി അവിടെ അവർക്ക് നിർവഹിക്കേണ്ടി വന്നു. തന്റെ ജോലിക്ക് വേഗത പോരാ എന്ന കാരണം പറഞ്ഞായിരുന്നു പലപ്പോഴും പീഡനങ്ങൾ. കോൺഗ്രിഗേഷന്റെ സ്ഥാപനമായിരുന്നുവെങ്കിലും മദർ ജനറലും രണ്ടു പേരും ഒഴികെ മറ്റുള്ളവരെല്ലാം മലയാളികൾ തന്നെയായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിനാണ്, ടിക്കറ്റൊക്കെ ശരിയായെന്നും ഇറ്റലിയിൽനിന്ന് പോകണമെന്നും അവർ അറിയിച്ചത്. പറഞ്ഞയയ്ക്കുന്നതിന്റെ ഒരു സൂചനയും സിസ്റ്റർക്ക് നല്കിയിരുന്നില്ല .പറഞ്ഞയയ്ക്കുന്നതിനു മുൻപ് വീട്ടുകാരെ അറിയിക്കുക എന്ന നിയമവും പാലിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ അവിടെ നിന്നു പോകില്ലെന്ന നിലപാടാണ് സിസ്റ്റർ സ്വീകരിച്ചത്.
പിന്നീടായിരുന്നു സന്യാസസമൂഹത്തിന്റെ കൊടും പീഡനങ്ങൾ ഇവർക്ക് ഏല്‌ക്കേണ്ടിവന്നത്. കഠിനമായി ജോലി ചെയ്യിപ്പിച്ചു. ക്രൂരമായി പെരുമാറി, പട്ടിണിക്കിട്ടു, മറ്റുള്ളവർ ഭക്ഷണം കഴിക്കുമ്പോൾ തനിക്കു വെള്ളം മാത്രമേ നല്കിയിരുന്നുള്ളൂവെന്നും സിസ്റ്റർ പറയുന്നു. പിന്നീട് തിരുവസ്ത്രം ഊരണമെന്നു പറഞ്ഞായിരുന്നത്രേ മർദ്ദനം. കൂട്ടാക്കാതിരുന്നപ്പോൾ ക്രൂരമായി തല്ലി. മറ്റു തുണികൾ എല്ലാം അവർ കത്തിച്ചു കളഞ്ഞതായും വേദനയോടെ അവർ ഓർത്തെടുത്തു. ഇതിനെല്ലാം നേതൃത്വം നല്കിയത് മലയാളികളായവർ തന്നെയായിരുന്നുവെന്നതാണു വസ്തുത.
തന്റെ വിസ കട്ട് ചെയ്യാനും അവർ ശ്രമിച്ചു. കൊടുംതണുപ്പുസമയത്ത് ഇറ്റലിയിലെ റോഡിലേക്ക് ഇറക്കി വിടാനും അവർ മുതിർന്നു. എന്നോട് സ്‌നേഹമുള്ള ചില സിസ്റ്റർമാരുടെ കൂടി നിർബന്ധത്തിനു വഴങ്ങിയാണ് നാട്ടിലേക്കു മടങ്ങിയത്. അവിടെ നിന്നാൽ ജീവനു തന്നെ ഭീഷണിയുണ്ടാകുമെന്ന് ഏതാണ്ടുറപ്പായിരുന്നതായും സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. നാട്ടിൽ എത്തിയപ്പോൾ ആലുവയിലെ തന്റെ പഴയ മഠത്തിലേക്കല്ലാതെ മറ്റെവിടേക്കാണ് ഒരു കന്യാസ്ത്രീ പോകുകയെന്നാണ് സിസ്റ്റർ ചോദിക്കുന്നത്. അവസാന ആശ്രയമായ മഠത്തിൽ എത്തിയപ്പോഴും ആട്ടിയോടിക്കാനായിരുന്നു മറ്റു കന്യാസ്ത്രീകളുടെ നീക്കം.
സ്ഥലത്തെത്തിയ പൊലീസും സഭാകാര്യത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ വിവരമറിഞ്ഞെത്തിയ ജനസേവക്കാരാണ് സിസ്റ്ററിന് ഇപ്പോൾ അഭയം നല്കിയിരിക്കുന്നത്. താൻ ചെയ്ത തെറ്റ് എന്താണെന്നു വ്യക്തമാക്കാൻ സഭാ നേതൃത്വത്തിന് കഴിയാത്തത് അവരുടെ ഭാഗത്ത് ശരിയില്ലാത്തതിനാകാമെന്നും സിസ്റ്റർ തറപ്പിച്ചുപറയുന്നു.''അവരുടെ കാഴ്‌ച്ചപ്പാടിൽ എന്താണ് സഭാ വിശ്വാസം? ദൈവത്തോടുള്ള വിശ്വാസമാണ് സഭാവിശ്വാസം. അത് ഞാനും പാലിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ വിശ്വാസത്തെ പിന്തുടരും.അതിൽ മാറ്റമൊന്നുമില്ല.
'' സഭ തന്നോടു ചെയ്തത് അംഗീകരിക്കാനാകില്ലെന്നുതന്നെയാണ് സിസ്റ്ററുടെ വീട്ടുകാരുടെയും നിലപാട്. ഇത്രയും നാൾ സന്യാസത്തിൽ ജീവിച്ച തനിക്കിനി സഭാവസ്ത്രം മാറ്റുന്നത് ചിന്തിക്കാനേ കഴിയില്ലെന്നും സന്യാസിനീവ്രതം സ്വീകരിച്ചു വിശ്വാസത്തോടെയും വിശ്വസ്തതയോടെയും തെരഞ്ഞെടുത്ത ജീവിതപാതയോടു മരണം വരെ കൂറു പുലർത്തുമെന്നും സിസ്റ്റർ വ്യക്തമാക്കി.