പത്തനംതിട്ട വാവ സുരേഷ് ഉറച്ച മനസ്സിലാണ്. ഏപ്രിലിന് ശേഷം പാമ്പു പിടിത്തമില്ല. വാർത്ത ചെറുതാകാം. പക്ഷേ അതെന്നെ ഏറെ വേദനിപ്പിച്ചു. ദേശാഭിമാനിയും ചന്ദ്രികയും മനപ്പർവ്വം ദ്രോഹിച്ചതാകില്ല. പക്ഷേ പ്രാദേശികന്മാരുടെ വാർത്ത കടന്നു പോയി. ഈ അപമാന ഭാരവുമായി പാമ്പുകളെ തൊടാനില്ല. ഒന്നുകിൽ പത്രം മാപ്പുപറയണം. വാർത്ത തെറ്റാണെന്ന് പ്രസിദ്ധീകരിക്കുകയും വേണം. അല്ലെങ്കിൽ ഞാൻ പാമ്പുകളിൽ നിന്നുള്ള സമൂഹത്തിന്റെ പേടിയകറ്റാൻ ഏപ്രിലിന് ശേഷം ഉണ്ടാകില്ല-ഉറച്ച മനസ്സോടെ വാവ സുരേഷ് മറുനാടൻ മലയാളിയോട് ഇതു പറയുമ്പോൾ നിറഞ്ഞത് വേദനയാണ്.

പാമ്പു പിടിത്തം നിറത്തുന്നുവെന്ന് പ്രഖ്യാപിച്ച ശേഷവും വിളികൾ എത്തുന്നു. തന്റെ കടമ തരിച്ചിറിഞ്ഞ് ഇന്നലെയും ഇന്നും പാമ്പുകളെ പിടിച്ചു. നേരത്തെ ഏറ്റ പഠനക്ലാസുകൾക്കും പോയി. ഏപ്രിൽ മാസത്തിൽ കുട്ടികളുടെ വെക്കേഷൻ ക്ലാസിലുൾപ്പെടെ പാമ്പുകളെ പരിചയപ്പെടുത്താൻ നേരത്തെ ഏറ്റ പരിപാടികളുണ്ട്. അതെല്ലാം ഏപ്രിലിൽ അവസാനിക്കും. അതിന് ശേഷം ഒരു പരിപാടിയും ഏറ്റെടുക്കില്ല. പാമ്പുകളെ പിടികൂടാനുള്ള ഫോൺ വിളികളേയും പ്രോൽസാഹിപ്പിക്കില്ല. 27 വർഷമായി ഒന്നും പ്രതീക്ഷിക്കാതെ പാമ്പുകൾക്കായി ഒഴിഞ്ഞു വച്ചതാണ് എന്റെ ജീവിതം. രണ്ടു പേരുടെ വാശിയിൽ അതിന് കളങ്കം വീഴുമ്പോൾ സഹിക്കാൻ കഴിയില്ല-വാവ സുരേഷ് വ്യക്തമാക്കി.

പത്രവാർത്തയുടെ ദുഃഖം മാറുന്നില്ല. അപ്പോഴും ആശ്വാസമാകുന്നത് എന്നെ സ്‌നേഹിക്കുന്നവരുടെ ഫോൺ വിളകളാണ്. നേരിട്ട് അറിയാത്ത എന്നെ വായിച്ചും കണ്ടുമറിഞ്ഞ പതിനായിരങ്ങളാണ് ഫോണിൽ വിളച്ചത്. ഇപ്പോഴും വിളിക്കുന്നു. സാന്ത്വനമാണ് ആ സംഭാഷണങ്ങൾ നൽകുന്നത്. പത്രവാർത്തകളെ കാര്യമായെടുക്കരുത്. ഞങ്ങളുണ്ട് കൂടെയെന്ന് ആശ്വാസ വചനങ്ങൾ ഫോൺ വിളികളായെത്തി. അത് തന്നെയാണ് തന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമെന്നും വാവ സുരേഷ് പറയുന്നു. പക്ഷേ ഇനി ആരേയും ദ്രോഹിക്കുന്ന, അല്ലെങ്കിൽ വേദനപ്പിക്കുന്ന കള്ളത്തരങ്ങൾ ആരും പ്രചരിപ്പിക്കരുത്. അതുണ്ടാക്കിയ മുറിവ് വലുതാണ്. അതുമായി പാമ്പുകളെ വരുതിയിലാക്കാൻ ഇല്ലെന്ന് തന്നെയാണ് വാവ സുരേഷിന്റെ പക്ഷം.

ദേശാഭിമാനിയും ചന്ദ്രികയുമാണ് വാർത്ത നൽകിയത്. ഈ പത്രങ്ങളുടെ ഉന്നതരുടെ അറിവോടെ ബോധപൂർവ്വം വന്നതല്ല എന്ന് അറിയാം. അതുകൊണ്ട് തന്നെ വാർത്ത എഴുതിയവർക്ക് എതിരെ പരാതി നൽകും. അവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെടും. ഏതായാലും അപകീർത്തികരമായ വാർത്ത നൽകിയവർക്കെതിരെ മാനനഷ്ടത്തിന് ഉടൻ കേസ് നൽകുമെന്നും മറുനാടൻ മലയാളിയോട് വാവ് സുരേഷെന്ന പാമ്പുകലുടെ കളിത്തോഴൻ പറഞ്ഞു. ജീവൻ പണയം വച്ച് പാമ്പുകളിൽ നിന്ന് സാധാരണക്കാരെ രക്ഷിച്ച തനിക്ക് ഒരിക്കലും സഹിക്കാവുന്നതല്ല വാർത്തിയിലെ വാചകങ്ങളെന്നും വാവ സുരേഷ് പറയുന്നു.

പാമ്പിനെ പിടികൂടുന്നത് അവയുടെ വിഷമെടുത്തു വിറ്റു കാശാക്കാനാണ് എന്ന ആരോപണമാണ് വാവയ്ക്കു മേൽ പാമ്പുകളേക്കാൾ വിഷമുള്ള മനുഷ്യർ ചാർത്തിക്കൊടുത്തത്. 62 രാജവെമ്പാലയടക്കം ആയിരക്കണക്കിന് വിഷപ്പാമ്പുകളെയാണ് ഇതിനകം വാവ സുരേഷ് പിടികൂടിയത്. ഇത്തരത്തിൽ നിരവധി മനുഷ്യ ജീവനുകൾ രക്ഷിച്ച വാവ തനിക്കെതിരായ ആരോപണങ്ങളിൽ തീരാദുഃഖിതനാണ്. കഴിഞ്ഞ ഹർത്താൽ ദിനത്തിലുൾപ്പെടെ തന്റെ കർമപഥത്തിൽ സജീവമായിരുന്നു വാവ. അന്നുണ്ടായ സംഭവമാണ് വാവയെ പാമ്പുപിടിത്തം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. തിരുവനന്തപുരം ബാലരാമപുരം ഹൗസിങ് ബോർഡിനടുത്തുനിന്ന് മൂർഖനെയാണ് അന്ന് വാവ പിടികൂടിയത്. ഫോണിലൂടെ വിവരം അറിയിച്ചതിന് അനുസരിച്ചാണ് അന്നവിടെ വാവ എത്തിയത്.

എന്നാൽ, കുളത്തൂപ്പുഴയ്ക്കടുത്തുനിന്ന് ഫോറസ്റ്റുകാരുടെ അടിയന്തര ഫോൺ സന്ദേശം വാവയെ തേടി എത്തിയിരുന്നു. ഒരു വീടിന്റെ മുറ്റത്തുകണ്ട കൂറ്റൻ രാജവെമ്പാലയെ പിടിച്ച് വീട്ടുകാരെ രക്ഷിക്കണമെന്നായിരുന്നു ആ സന്ദേശം. അതിനാൽ, മൂർഖനെ പിടിച്ചു ചാക്കിലാക്കിയ ഉടൻതന്നെ വാവ കുളത്തൂപ്പുഴക്ക് പോകാൻ തിടുക്കം കാട്ടി. പക്ഷേ, നാട്ടുകാരായ ചില യുവാക്കൾ പിടിച്ച മൂർഖനെ കുറച്ചുനേരം നാട്ടുകാർക്കുമുന്നിൽ പ്രദർശിപ്പിച്ചിട്ടുപോയാൽ മതിയെന്നു വാശി പിടിച്ചു. ചില പ്രാദേശിക മാദ്ധ്യമപ്രവർത്തകരും അവർക്കൊപ്പം കൂടി. ഫോട്ടോയെടുത്ത് രസിക്കാനുള്ള തത്രപ്പാടായിരുന്നു അവർക്കെല്ലാം. എന്നാൽ, നേരമില്ലെന്നുപറഞ്ഞ് വാവ അപ്പോൾ തന്നെ കുളത്തുപ്പുഴയ്ക്ക് തിരിക്കുകയായിരുന്നു.

തുടർന്ന് കുളത്തൂപ്പുഴയിലെത്തി രാജവെമ്പാലയെ പിടികൂടുകയും അതിനെ നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനിൽ വാവ സുരേഷ് പാമ്പിനെ പ്രദർശിപ്പിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും പാമ്പിൻ വിഷം എടുക്കാനാണിതെന്നും കാണിച്ച് വാർത്തകൾ പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് പാമ്പു പിടിത്തം ഉപേക്ഷിക്കാൻ വാവ സുരേഷ് ഒരുങ്ങുന്നത്. സമൂഹത്തിന്റെ ഭയമകറ്റാൻ ജീവതം മാറ്റി വച്ച വാവ സുരേഷിന് സഹിക്കാവുന്നതിലും അപ്പുറമാണ് ഇത്. വാർത്ത നൽകിയ പത്രങ്ങൾ മാപ്പ് പറഞ്ഞില്ലെങ്കിൽ സമൂഹത്തിന് നഷ്ടമാവുക യഥാർത്ഥ ജനസേവകനെയാകും.