- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസില്ലാത്ത സിപിഎമ്മിനെക്കുറിച്ചു ജനത്തിനു ചിന്തിക്കാനാകില്ല; പ്രതിപക്ഷ നേതാവിനെതിരായ പരാമർശങ്ങൾ കടന്നുപോയി; ഇടതിൽ കയറി മുഖ്യനാകാമെന്നു മാണി വെറുതേ സ്വപ്‌നം കാണേണ്ട; പന്ന്യൻ രവീന്ദ്രൻ മറുനാടനോട്
തിരുവനന്തപുരം: വി എസ് ഇല്ലാത്ത സിപിഐ(എം)യെക്കുറിച്ച് ജനങ്ങൾക്കു ചിന്തിക്കിനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വിഎസിനെതിരെയുള്ള പരാമർശങ്ങൾ അൽപം കൂടിപ്പോയി. സിപിഐ(എം) സംസ്ഥാനസമ്മേളനത്തിലെ സംഭവങ്ങൾ നേതൃത്വത്തിന് ഒഴിവാക്കാമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളിൽ നിന്നകന്നു. രാഷ്ട്രീയനേതാക്കളെ ടിവിയിൽ മ
തിരുവനന്തപുരം: വി എസ് ഇല്ലാത്ത സിപിഐ(എം)യെക്കുറിച്ച് ജനങ്ങൾക്കു ചിന്തിക്കിനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വിഎസിനെതിരെയുള്ള പരാമർശങ്ങൾ അൽപം കൂടിപ്പോയി. സിപിഐ(എം) സംസ്ഥാനസമ്മേളനത്തിലെ സംഭവങ്ങൾ നേതൃത്വത്തിന് ഒഴിവാക്കാമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളിൽ നിന്നകന്നു. രാഷ്ട്രീയനേതാക്കളെ ടിവിയിൽ മാത്രം കാണാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആർഎസ്‌പിക്കും ജനതാദളിനും ഇടതുമുന്നണിയിലേക്ക് സ്വാഗതം. ഇടതുമുന്നണിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകാമെന്ന കെ.എം.മാണിയുടെ സ്വപ്‌നം വെറുതെയെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സി പിഐ(എം) സമ്മേളനം വി എസുമായി സംഘർഷഭരിതമായി സമാപിക്കുകയും സിപിഐ സമ്മേളനത്തിനു നാളെ കൊടിയുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ പന്ന്യൻ രവീന്ദ്രൻ മറുനാടൻ മലയാളിയോടു മനസ്സുതുറക്കുന്നു-
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനു പിന്നാലെ സിപിഐ സമ്മേളനം കടന്നുവരുന്നു. ഒട്ടേറെ അസാധാരണസംഭവങ്ങളിലൂടെയാണ് ആലപ്പുഴ സമ്മേളനം കടന്നുപോയത്.. സിപിഐ സമ്മേളനത്തിൽ ഇത്തരത്തിലുള്ള അസാധാരണസംഭവങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
ഫെബ്രുവരി 28ന് കോട്ടയത്തു ടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. മാദ്ധ്യമങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള അസാധാരണ സംഭവങ്ങൾ ഒന്നും കോട്ടയത്ത് പ്രതീക്ഷിക്കണ്ട. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ല. പാർട്ടി നേതൃത്വവും അണികളും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. സമ്മേളനങ്ങളിലെ ആഡംബരം കുറയ്ക്കുക എന്ന കർശനനിർദ്ദേശവും നൽകിയിട്ടുണ്ട്. സമ്മേളനത്തിന്റെ ചെലവിനായി ലോബികളിൽ നിന്നോ, മാഫിയകളിൽ നിന്നോ പണം പിരിക്കരുതെന്ന നിർദ്ദേശവും നൽകിയിരുന്നു. ഇത്തവണ സമ്മേളനത്തിന്റെ ചെലവിനായി അണികളിൽനിന്നു തന്നെയാണ് പണം പിരിച്ചത്. ഒരു പാർട്ടി പ്രവർത്തകൻ മിനിമം 250 രൂപയാണ് സംഭാവനയായി നൽകിയത്.
പാർട്ടിക്ക് ദേശീയ പാർട്ടി സ്ഥാനം പോയതും തെരഞ്ഞെുപ്പിലെ കനത്ത തോൽവികളും സിപിഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനത്തിനോട് ജനങ്ങളുടെ സമീപനത്തിലുണ്ടായ മാറ്റം ?
യഥാർഥത്തിൽ ജനങ്ങൾ പാർട്ടിയിൽനിന്ന് അകന്നു. പാർ്ട്ടിയും ജനങ്ങളും തമ്മിലുണ്ടായ അകൽച്ച തെരഞ്ഞെടുപ്പുകളിലൂടെ പ്രകടമാകുകയും ചെയ്തു. അടിയന്തരപ്രാധാന്യമുള്ള ജനങ്ങളുടെ ആവശ്യത്തിന് എന്നും മുൻനിരയിലുണ്ടായിരുന്ന പ്രസ്ഥാനം ഇന്ന് എവിടെയാണെന്ന് ഇടതുപക്ഷപ്രസ്ഥാനത്തിലെ ഞാനുൾപ്പെടെയുള്ള നേതാക്കൾ ആത്മപരിശോധന നടത്തേണ്ട സമയമാണ്. ജനങ്ങളോട് വിധേയത്വം പുലർത്തി പ്രവർത്തിക്കേണ്ട ഇടതുമുന്നണിയുടെ പ്രവർത്തനത്തിന്റെ വ്യാപ്തി കുറഞ്ഞു എന്നത് യാഥാർഥ്യമാണ്. ഇന്ന് ഇടതുപക്ഷപ്രസ്ഥാനത്തിലെ പല നേതാക്കളും ജനങ്ങൾക്ക് അപ്രാപ്യരാണ്. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കേണ്ട പല നേതാക്കന്മാരെയും ജനങ്ങൾക്ക് ടിവിയിൽ മാത്രം കാണാനുള്ള സാഹചര്യമാണ് ഉള്ളത്. ചുരുക്കത്തിൽ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ പരിഹാരം ഉണ്ടാക്കാൻ ഇടതുപക്ഷപ്രസ്ഥാനത്തിന് കഴിയുന്നില്ല.
ഈ മാറ്റം മനസിലാക്കിയിട്ടാണോ സിപിഎമ്മിന്റെ സമരങ്ങൾ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളാണെന്ന് താങ്കൾ പറഞ്ഞത്?
പല സമരങ്ങളുടേയും ആരംഭവും അവസാനവും സസൂക്ഷ്മം വിലയിരുത്തിയ ശേഷമാണ് ഞാൻ അങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്. ഇത് എന്റെ മാത്രം അഭിപ്രായമായി കാണാൻ ആകില്ല. സോളാർ സമരം ഉൾപ്പെടെയുള്ള സമരങ്ങൾ അവസാനിച്ചത് എങ്ങനെയാണ് ? ഇത്തരം സമരങ്ങളിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ ധാരണപ്രകാരം പ്രവർത്തിക്കുന്നുവെന്ന് ജനങ്ങൾക്ക് തോന്നിത്തുടങ്ങിയ സാഹചര്യത്തിലാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത്. പക്ഷേ സിപിഐഎം നേതാക്കൾ അതിനെ മറ്റൊരു രീതിയിൽ വ്യാഖാനിച്ചു.
സിപഐഎമ്മിന്റെ ആലപ്പുഴ സമ്മേളനം പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഒരു ഏടായി മാറി. രണ്ടു തെരഞ്ഞെടുപ്പുകൾ പടിവാതിലിൽ നിൽക്കുമ്പോൾ നേതാക്കൾ തമ്മിലുള്ള വിഭാഗീയത ഇടതുമുന്നണിയെ ബാധിക്കില്ലേ?
തീർച്ചയായും. സിപിഎമ്മിലുണ്ടാകുന്ന ഏതു മാറ്റവും സിപിഐയെ കൂടി ബാധിക്കുന്ന ഒന്നാണ്. ആലപ്പുഴ സമ്മേളനത്തിലെ 'സംഭവങ്ങൾ' പാർട്ടി നേതൃത്വത്തിന് ഒഴിവാക്കാമായിരുന്നു. പാർട്ടിയുടെ സ്ഥാപക നേതാവ് എന്ന നിലയിൽ വി.എസിനോടുള്ള പരാമർശങ്ങൾ അൽപം കൂടിപ്പോയി. ഒരു പാടു ത്യാഗങ്ങൾ സഹിച്ച് പ്രസ്ഥാനത്തിനു വേണ്ടി നിന്ന സഖാവാണ് വി എസ്.അച്യുതാനന്ദൻ. മറ്റു നേതാക്കളെ അപേക്ഷിച്ച് വി.എസിന് ജനങ്ങൾ നൽകുന്ന പിന്തുണ വളരെ വലുതാണ്. വി എസ് ഇല്ലാത്ത പാർ്ട്ടിയെ കുറിച്ച് ജനങ്ങൾ ചിന്തിക്കില്ല. പാർട്ടിക്കുള്ള ജനപിന്തുണയിൽ വി.എസിന്റെ പങ്ക് വലുതാണ്. സിപിഐഎമ്മിലെ വിഭാഗീയതയുടെ ഫലം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രകടമാകുകയും ചെയ്തു
ചരിത്രത്തിൽ എം വിരാഘവൻ, ഗൗരിയമ്മ എന്നിവരുടെ ഗണത്തിലേക്ക് വി.എസും എത്തിനോക്കാനുള്ള സാഹചര്യം?
സഖാവ് വി എസ്. അച്യുതാനന്ദൻ പാർട്ടി വിട്ടു പോകുമെന്നത് അബദ്ധധാരണയാണ്. സിപിഎമ്മിലെ ഇപ്പോഴുള്ളത് ചില അഭിപ്രായഭിന്നതകൾ മാത്രമാണ്. അത് പരിഹരിക്കാൻ പാർട്ടിക്ക് കഴിയും. പക്ഷേ സംസ്ഥാനസമ്മേളനത്തിൽ നിന്ന് വി എസ് ഇറങ്ങിപ്പോയത് ദൗർഭാഗ്യകരമാണ്.
ഇടതുമുന്നണി വിപുലീകരണത്തെക്കുറിച്ച് ?
മുന്നണി വിപുലീകരണത്തെക്കുറിച്ച് സിപിഐയും ഗൗരവമായി ചിന്തിക്കുന്നുണ്ട്. പാർട്ടിയിൽനിന്നു പോയ ആർഎസ്‌പിക്കും ജനതാദളിനും മുന്നണിയിലേക്ക് സ്വാഗതം. ഇക്കാര്യത്തിൽ അന്തിമതീരുമാനം അവരാണ് എടുക്കേണ്ടത് . ഇരുപാർട്ടികളെയും മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് സിപിഐഎമ്മിന് മറിച്ചൊരു അഭിപ്രായമുണ്ടാകാൻ ഇടയില്ല.
കേരള കോൺഗ്രസ് മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് ?
കേരള കോൺഗ്രസിനെയോ ലീഗിനെയോ മുന്നണിയിലെടുത്താൽ യു.ഡി.എഫുമായി ഞങ്ങൾക്കെന്താ വ്യത്യാസം. ഇടതുമുന്നണിയെ കൂട്ടുപിടിച്ച് കെ.എം.മാണിക്ക് മുഖ്യമന്ത്രി ആകാമെന്ന സ്വപ്‌നം വെറുതെയാണ്. കേരള കോൺഗ്രസിന്റെ കോട്ടയത്തു നടന്ന സമ്മേളനത്തിനു ശേഷം മുന്നണിയിലേക്കു വരുന്നതിൽ താൽപര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ അത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്നു മനസിലായി. ഒരു സാഹചര്യത്തിലും കേരള കോൺഗ്രസിനെ ഇടതുപക്ഷമുന്നണിയുമായി സഹകരിക്കാൻ അനുവദിക്കില്ല.
ബാർ കോഴ വിഷയത്തിൽ ബജറ്റ് അവതരിപ്പിക്കാൻ കെ.എം.മാണിയെ അനുവിദിപ്പിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു വി എസ്. അച്യുതാനന്ദൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതുമുന്നണി ഇതിനെ എങ്ങനെയാണ് നേരിടുക ?
ബാർ കോഴ വിഷയത്തിൽ കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഇടതുമുന്നണി ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. വരുന്ന മുന്നണി യോഗത്തിൽ സമരമാർഗത്തെപ്പറ്റി ഞങ്ങൾ അന്തിമതീരുമാനമെടുക്കും. ഇത്രയും അഴിമതി നടത്തിയ മറ്റൊരു മന്ത്രി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ടോ ? 32,000 കോടി നികുതി പിരിക്കേണ്ട സ്ഥാനത്ത് 22,000 കോടി രൂപയുടെ നികുതിക്ക് സ്റ്റേ നൽകി വൻകിട മുതലാളിമാരെ സഹായിച്ച ധനമന്ത്രിയാണ് കെ.എം.മാണി. സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയാൽ അറസ്റ്റും ജയിൽവാസവും. നിയമമന്ത്രി കൈക്കൂലി വാങ്ങിയാൽ നിയമം പടിക്കു പുറത്താണോ ? ഇത്തരമൊരു മന്ത്രിയെ വച്ചു ഭരണം മുന്നോട്ടുകൊണ്ടുപോകാനുള്ള യു.ഡി.എഫ് നീക്കം എന്തു വില കൊടുത്തും ഇടതുമുന്നണി തടയും.
സിപിഐ സെക്രട്ടറി സ്ഥാനം ഒഴിയുകയാണ്. പാർട്ടി താങ്കളിലർപ്പിച്ച വിശ്വാസം നിറവേറ്റാനായോ ?
തീർച്ചയായും. അവിചാരിതമായാണ് സെക്രട്ടറിസ്ഥാനത്തേക്ക് കടന്നു വന്നത്. വളരെയേറെ ചാരിതാർഥ്യത്തോടെയാണ് സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പാർട്ടി അംഗങ്ങളുടെ എണ്ണത്തിലും സംഘടനാ തലത്തിലും വളരെയേറെ പാർട്ടി മുന്നോട്ടുപോയി എന്നുള്ളത് വളരെയേറെ അഭിമാനകരമാണ്. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിനിർണയം സംബന്ധിച്ചുള്ള തർക്കങ്ങൾ ഒരു വെല്ലുവിളി ആയി സ്വീകരിച്ചാണ് നടപടി എടുത്തത്. തെറ്റു ചെയ്തവർ ആരായാലും, ഏത് ഉന്നതസ്ഥാനം അലങ്കരിക്കുന്ന വ്യക്തി ആയാലും അച്ചടക്ക നടപടി എടുക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ കഴിഞ്ഞു. നടപടിയെടുത്തു. പാർ്ട്ടിയെ മുന്നോട്ടുനയിക്കുക എന്നതാണ് നേതൃത്വത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം പരമാവധി നിറവേറ്റാൻ കഴിഞ്ഞു എന്നു വേണം പറയാൻ.