ആലപ്പുഴ : പിണറായിക്കും സി പി എമ്മിനും ലഭിച്ചത് കടുത്ത ദൈവശിക്ഷയെന്നു പി സി തോമസ്. താമരശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്നു വിളിച്ചാക്ഷേപിച്ചപ്പോഴും പി ജെ ജോസഫ് അടക്കമുള്ള കേരള കോൺഗ്രസ് നേതാക്കൾ വിട്ടുപോയപ്പോഴും കൂടെനിന്ന ഞങ്ങളെ നിഷ്‌ക്കരുണം ചവിട്ടി പുറത്താക്കാൻ പിണറായിയും കൂട്ടരും തയ്യാറായത് കടുത്ത വഞ്ചനയായിരുന്നെന്ന് കേരള കോൺഗ്രസ് നേതാവ് പി സി തോമസ് മറുനാടനോട് പറഞ്ഞു.

അരുവിക്കരയിലെ തെരെഞ്ഞടുപ്പ് പരാജയം കടുത്ത ദൈവശിക്ഷകൂടിയാണ്. ഒരിക്കലും കളത്തിൽ ഇറക്കില്ലെന്ന തീരുമാനിച്ച വി എസ്സിനെ പ്രചരണത്തിലേക്ക് ഇറക്കിവിട്ടത് പിണറായിയുടെ പിടിപ്പുകേടാണ്. ഇപ്പോൾ വി എസ് ഇല്ലായിരുന്നുവെങ്കിൽ സി പി എം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേനെ. ചോർന്നൊലിക്കുന്ന സി പി എം ഉമ്മൻ ചാണ്ടിക്ക് ഫലത്തിൽ ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു. അടുത്തനാളുകളിൽ കേരളത്തിലെ രണ്ടാം കക്ഷിയായി ബിജെപി മാറുന്ന സ്ഥിതി വിശേഷമാണ് സിപിഐ(എം) സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ഒരു മാസക്കാലമായി മണ്ഡലത്തിൽ കിടന്നുറങ്ങി പണിയെടുത്തിട്ടും പിണറായിക്ക് കൂടുതൽ നേടാൻ കഴിഞ്ഞ വോട്ടിന്റെ എണ്ണം വെറും 197 മാത്രമാണ്. 2011 ൽ ആർ എസ് പിയിലെ അമ്പലത്തറ ശ്രീധരൻ നായർ നേടിയത് 46123 വോട്ടാണ്. 2015 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എം വിജയകുമാർ നേടിയ വോട്ടിന്റെ എണ്ണം വെറും 46320. എന്നാൽ സരിതയും ബാറും വിഴിഞ്ഞവും വേട്ടയാടി തകർത്ത സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടും സിപിഐ(എം) സീറ്റ് ഏറ്റെടുത്ത് മൽസരിച്ചിട്ടും വലിയ പ്രയോജനമുണ്ടായില്ല. മാത്രമല്ല യു ഡി എഫ് തുടർച്ചയായി മൽസരിച്ചു ജയിക്കുന്ന സീറ്റിൽ വിജയപ്രതീക്ഷ പുലർത്തി അണികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

ഇത്തരത്തിലൊരു ചിന്തതന്നെ പിണറായിക്കുണ്ടായത് സർക്കാരിനെതിരെയുള്ള മാദ്ധ്യമങ്ങളുടെ പ്രചരണമാണ്. എന്നാൽ ഫലം പുറത്തായതോടെ പിണറായിയുടെ പൊതുജനസമ്മതി നഷ്ടപ്പെട്ടതായാണ് തെളിയുന്നത്. ഇപ്പോൾ ജനങ്ങളുടെ മുന്നിൽ തലയിൽ തുണിയിട്ട് നടക്കേണ്ട അവസ്ഥയാണുള്ളത്. മാത്രമല്ല 24000 ഓളം വോട്ടുകൾ മണ്ഡലത്തിൽ വർദ്ധിച്ചിട്ടും ഒറ്റവോട്ടുപ്പോലും പെട്ടിയിലാക്കാൻ കഴിഞ്ഞില്ല. മറിച്ച് സ്വന്തം പെട്ടിയിൽനിന്നും 15000 ഓളം വോട്ടുകൾ ചോർന്നു പോകുകയും ചെയ്തു. ഇതിൽനിന്നും പുതുതലമുറയെ ഒപ്പം നിർത്താൻ കഴിഞ്ഞില്ലെന്നുള്ളതാണ് വ്യക്തമാകുന്നത്.

അരുവിക്കരയിൽ കാർഷിക മേഖലയിലാണ് കേരള കോൺഗ്രസ് കൂടുതലും ശ്രദ്ധ വച്ചത്. കാർഷിക മേഖലയെ സംരക്ഷിക്കാനുള്ള മോദി സർക്കാരിന്റെ പദ്ധതികൾ പറഞ്ഞാണ് പ്രചരണം നടത്തിയിരുന്നത്. ഇത് ഏറെ ഗുണം ചെയ്തതായും പി സി തോമസ് പറഞ്ഞു. എൻ ഡി എ പ്രവേശനം ഉടൻ സാദ്ധ്യമാകുമെന്നും കേന്ദ്രമന്ത്രിയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരിലൊരാളുമായ രാജീവ് പ്രതാപ് റൂഡിയുമായി താൻ ചർച്ച നടത്തിയതായും പി സി തോമസ് വ്യക്തമാക്കി.

ഐഎഫ്ഡിപിയുമായി കെഎം മാണിയുമായി അകന്ന പിസി തോമസ്, പിജെ ജോസഫിന്റെ പാർട്ടിയിൽ ലയിച്ചാണ് ഇടതു മുന്നണിയിലെത്തിയത്. പിജെ ജോസഫ്, മാണിക്കൊപ്പം ലയിച്ചപ്പോഴും പിസി തോമസ് ഇടതു പക്ഷത്ത് ഉറച്ചു നിന്നു. എന്നാൽ സ്‌കറിയാ തോമസും പിസി തോമസും തെറ്റിയപ്പോൾ കാര്യങ്ങൾ മാറി. പിസിയെ കൈവിട്ട് സ്‌കറിയാ തോമസിനാണ് പിണറായി പിന്തുണ നൽകിയത്. ഇതോടെ പിസി തോമസിനൊപ്പമുള്ള നേതാക്കൾ പോലും സ്‌കറിയയ്‌ക്കൊപ്പം കൂടി.

തുടർന്നാണ് പിസി തോമസ് ബിജെപിയുമായി വീണ്ടും അടുത്തത്. നേരത്തെ മാണിയുമായി തെറ്റിയ സമയത്ത് പിസി തോമസ് ബിജെപിയുടെ എൻഡിഎയിൽ അംഗമായിരുന്നു. അന്ന് നിയമസഹമന്ത്രിയുമായി. വാജ്‌പേയ് സർക്കാരിൽ മന്ത്രിയെന്ന പ്രതിച്ഛായയുമായി മൂവാറ്റുപുഴയിൽ നിന്ന് വീണ്ടും ജയിച്ച് ലോക്‌സഭയിലെത്തിയെങ്കിലും പെരുമാറ്റച്ചട്ട ലംഘനമാരോപിച്ച് കോടതി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയായിരുന്നു. അന്നത്തെ ബിജെപി ബന്ധങ്ങളുടെ കരുത്തിലാണ് എൻഡിഎ പാളയത്തിൽ വീണ്ടും പിസി തോമസ് എത്തിയത്.